കോഴിക്കോട്: കെട്ടിട സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ വ്യാപാരികള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ്. ഒക്ടോബര്‍ 31നകം ഒഴിയാനാണ് കെടിഡിഎഫ്സി നിര്‍ദ്ദേശം. ബസ്സ്റ്റാന്റിനകത്തെ അഞ്ച് കിയോസ്കുകള്‍ ഒഴിയണം. വ്യാപാരസമുച്ചയം പാട്ടത്തിനെടുത്ത അലിഫ് ബില്‍ഡേഴ്സും ഈ ഘട്ടത്തില്‍ ഒഴിയണം. ബലപ്പെടുത്തല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ മാറണം എന്നാണ് നോട്ടീസില്‍ പറയുന്നത്. ആറ് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാവുമെന്നാണ് സര്‍ക്കാറിന് മദ്രാസ് ഐഐടി നല്കിയ റിപ്പോര്‍ട്ട്.
കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന് ബലക്ഷയമെന്ന് മദ്രാസ് ഐഐടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഐഐടിയുടെ കെട്ടിടപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബസ്സ്റ്റാന്റും കടകളും ഒഴിപ്പിക്കുന്നത്. ഈ കാലയളവില്‍ കെഎസ്ആര്‍ടിസി സര്‍വിസുകള്‍ മാവൂര്‍ റോഡ് മൊഫ്യൂസില്‍ സ്റ്റാന്‍ഡിലേക്കും മാനാഞ്ചിറയിലേക്കും മാറ്റും. ബലക്ഷയം പരിഹരിക്കാന്‍ 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയാണ് സമുച്ചയം പണിഞ്ഞതെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഉപയോഗിച്ച സിമന്റും എം സാന്റും ഗുണനിലവാരമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 2015 ലാണ് സമുച്ചയം നിര്‍മിച്ചത്. ബിഒടി അടിസ്ഥാനത്തില്‍ കെടിഡിഎഫ്സിയാണ് 75 കോടി രൂപയോളം ചെലവില്‍ പണിതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: