തൊടുപുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍. തിടുക്കപ്പെട്ട് ഇടുക്കി ജലസംഭരണി അടച്ചതിനെതിരേയും വിമര്‍ശനമുണ്ട്. 85-90 ശതമാനത്തിന് മുകളില്‍ വെള്ളം നിറഞ്ഞ അണക്കെട്ടുകളുടെ ഷട്ടറുകള്‍ പോലും അടയ്‌ക്കുകയും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്.
2018 മുതല്‍ സംസ്ഥാനത്ത് അനുഭവപ്പെടുന്ന തീവ്രമായ കാലാവസ്ഥാ മാറ്റം ജില്ലാ ഭരണകൂടങ്ങളും ഇതര വകുപ്പുകളും കാര്യമായി എടുക്കുന്നില്ലെന്നു വ്യക്തം. ഇന്നലെ ഉച്ചതിരിഞ്ഞ് മിക്കയിടത്തും മഴ വീണ്ടും ശക്തമായി. കിഴക്കന്‍ മലയോരത്താകും കൂടുതല്‍ മഴ ലഭിക്കുകയെന്നും നവംബര്‍ അഞ്ചു വരെ ജാഗ്രത വേണമെന്നുമുള്ള മുന്നറിയിപ്പ് പ്രകാരം കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഇടുക്കിയടക്കമുള്ള വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്കിയിട്ടുണ്ട്.
25ന് തുലാവര്‍ഷമെത്തി, ഇന്നലെ രാവിലെയോടെയാണ് ചക്രവാതച്ചുഴി ബംഗാള്‍ ഉള്‍ക്കടലിലെ മധ്യമേഖലയില്‍ ന്യൂനമര്‍ദമായി രൂപമെടുത്തത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ന്യൂനമര്‍ദം തമിഴ്നാട് തീരത്തെത്തും.
ഇക്കാരണത്താല്‍ മൂന്ന് ദിവസം വരെ സംസ്ഥാനത്ത്, പ്രത്യേകിച്ചും മലയോര മേഖലകളില്‍ മഴ ശക്തമാകും. 31 വരെ കേരള തീരത്ത് 60 കി.മീ. വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. ഇന്ന് രാത്രി വരെ തീരത്ത് 23 മീറ്റര്‍ വരെ ഉയരത്തില്‍ കടലില്‍ തിരമാല ഉയരും. അതേസമയം നിലവില്‍ സംഭരണികളില്‍ വെള്ളം ശേഖരിക്കാനാകുമെന്നാണ് ഇതിനു കെഎസ്ഇബി അധികൃതരുടെ മറുപടി.
















