ന്യൂദല്‍ഹി: എന്‍സിപി മന്ത്രി നവാബ് മാലിക്ക് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡെയ്ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ ആര്യന്‍ഖാന്റെ അഭിഭാഷകന്. ചൊവ്വാഴ്ച ആര്യന്‍ഖാന്റെ ജാമ്യത്തിന് വേണ്ടി മുംബൈ ഹൈക്കോടതിയില്‍ വാദിക്കാനെത്തിയ മുകുള്‍ റോത്തഗിയാണ് എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഏതെങ്കിലും രാഷ്ട്രീ പാർട്ടികളുടെ വാദം ഏറ്റെടുത്ത് തന്റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചത്.
കാലിഫോർണിയയിൽ നിന്ന് ബിരുദം പൂർത്തിയാക്കി 2020 മാർച്ചിൽ ആണ് ആര്യൻഖാൻഇന്ത്യയിലേക്ക് മടങ്ങിയതെന്ന് സൂചിപ്പിച്ചാണ് മുഗുൾ റോത്തഗി ജാമ്യാപേക്ഷയിൽ ആര്യന് വേണ്ടി വാദിക്കാൻ തുടങ്ങിയത്. ഉപഭോക്താവായിട്ടല്ല, വിഐപി അതിഥിയായാണ് ആര്യൻ ഖാൻ ക്രൂയിസ് പാർട്ടിക്ക് പോയത്. ഇവന്റ് മാനേജറായ പ്രതീക് ഗബയാണ് ആര്യൻ ഖാനെ ക്ഷണിച്ചത്.
എൻസിബി ടീം നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നുവെന്നും മുകുൾ റോത്തഗി ഹൈക്കോടതിയിൽ വാദിച്ചു. പാർട്ടിയെ സംബന്ധിച്ച് അവർക്ക് ചില വിവരങ്ങൾ ലഭിച്ചിരുന്നു. ക്രൂയിസിൽ കയറുന്നതിന് മുമ്പ് തന്നെ ആര്യൻ ഖാനെ അവർ കസ്റ്റഡിയിൽ എടുത്തു. ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. ആര്യൻ ഖാൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുമില്ല. ഒക്ടോബർ മൂന്നിനാണ് ആര്യൻഖാനെ അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം, ആര്യൻ ഖാന്റെ മെഡിക്കൽ പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാൽ തന്നെ മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും മുഗുൾ റോത്തഗി കോടതിയിൽ വാദിച്ചു.
അർബാസിനെയും പരിപാടിക്ക് ക്ഷണിച്ചത് ഇവന്റ് മാനേജ് മെന്റ് ടീമാണ്. അർബാസിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത് ആര്യൻഖാൻ അറിഞ്ഞിരുന്നില്ല. ആര്യൻ ഖാന് മയക്കുമരുന്നിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ആര്യന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വാട്സ്ആപ്പ് ചാറ്റിന് ക്രൂയിസ് പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും റോത്തഗി വ്യക്തമാക്കി. അതേ സമയം എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. ഏതെങ്കിലും രാഷ്ട്രീ പാർട്ടികളുടെ വാദം ഏറ്റെടുത്ത് തന്റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് മുഗുൾ റോത്തഗി കോടതിയെ അറിയിച്ചത്. ‘ഈ കേസ് മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ മകനായതുകൊണ്ടാണ് ഇത്. അതല്ലെങ്കില്‍ എത്രയോ കേസുകള്‍ ഇതുപോലെ ദിനംപ്രതി നടക്കുന്നു. നമ്മള് ആരും ശ്രദ്ധിക്കാറില്ല,’- ആ്ര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നതിനുള്ള വാദത്തില്‍ മുഗുള്‍ റോത്തഗി പറഞ്ഞു.ആര്യന്‍ഖാനെ പുനരധിവാസ കേന്ദ്രത്തിലാണ് ആക്കേണ്ടതെന്നും അതല്ലാതെ കോടതിവിചാരണയ്ക്ക് വിധേയനാക്കരുതെന്നും റോത്തഗി വാദിച്ചു. ആര്യന് ഖാനും കേസില്‍ അറസ്റ്റിലായ മറ്റു 19 പേരും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മുഗുള്‍ റോത്തഗി വാദിച്ചു.
നേരത്തെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് വേണ്ടി ആര്യന് ഖാനെതിരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) അനില്‍ സിംഗ് വാദിച്ചു. ആര്യന് ഖാന് മയക്കമരുന്ന് ഉപയോഗിച്ചു എന്ന് മാത്രമല്ല, അനധികൃത മയക്കമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്നും നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് വേണ്ടി വാദിച്ച എഎസ്ജി അനി്ല്‍ സിംഗ് പറഞ്ഞു. കേസന്വേഷണം അട്ടിമറിക്കാന്‍ ആര്യന്‍ഖാനും ഷാരൂഖ് ഖാന്റെ മാനേജരായ വനിത പൂജ ഡഡ്ലാനിയും തെളിവുകളേയും സാക്ഷികളേയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നും അനില്‍ സിംഗ് വാദിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതി വീണ്ടും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അനില്‍ സിംഗ് വാദിച്ചു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി എന്‍ ഡബ്ല്യു സംബ്രെയാണ് വാദം കോള്‍ക്കുന്നത്. എന്തായാലും ചൊവ്വാഴ്ച രാത്രി കൂടി ആര്യന് ഖാന് ജയിലില്‍ കഴിയേണ്ടിവരും. മുഗുൾ റോത്തഗിയുടെ വാദം പൂർത്തിയായെങ്കിലും ജാമ്യാപേക്ഷയിൽ ഒക്ടോബര്‍ 27 ബുധനാഴ്ച കോടതിയിൽ അന്തിമ വാദം നടക്കും. ഇതിനു ശേഷമായിരിക്കും കോടതി വിധി പറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: