ശരത് പവാറിന് എന്താണ് പറ്റിയത്?. ഇത്ര വലിയ ബേജാര് അദ്ദേഹത്തിന്റെ മുഖത്ത് മുമ്പ് കണ്ടിട്ടില്ല. ബേജാര് മാത്രമല്ല ഒരര്‍ഥത്തില്‍ അതൊരുതരം ഭയാശങ്കകൂടിയാണ് എന്ന് കരുതുന്നവരെ മഹാരാഷ്ട്രയിലെങ്കിലും കാണുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തരില്‍ പ്രമുഖനാണ് ശരത് പവാര്‍. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ബദ്ധശത്രുക്കള്ക്ക് പോലും രണ്ടഭിപ്രായമുണ്ടാവില്ല. 1966-ല്‍ ഒരു സാധാരണ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനായി രംഗത്തുവന്ന അദ്ദേഹം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ അധികാരത്തിന്റെ കേന്ദ്രബിന്ദുവില്‍ നിന്ന് പു
റത്തു പോയിട്ടുള്ള കാലം കുറവായിരിക്കും. ഏതാണ്ട് പതിനായിരം കോടിയുടെ സ്വത്തിന് ഉടമയാണ് പവാര്‍ എന്നാണ് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പറഞ്ഞു നടക്കുന്നത്. അതിനപ്പുറമുണ്ട് സമ്പാദ്യം എന്ന് പറയുന്നവരെ മറക്കുകയല്ല. മഹാരാഷ്ട്രയില്‍ ഇന്നിപ്പോള്‍ ഭരണത്തിന്റെ കടിഞ്ഞാല്‍ പിടിക്കുന്നതും പവാറാണ്. എന്നിട്ടുമെന്ത്യേ ഈ മനപ്രയാസം?
ഇതിപ്പോള്‍ ഒരു പക്ഷെ, ആദ്യമായി പവാറിന്റെ സാമ്രാജ്യത്തില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ കടന്നുചെന്നിരിക്കുന്നു. ആദായ നികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്… പിന്നെ, സ്വന്തക്കാരില്‍ ചിലര്‍ മയക്കുമരുന്ന് കേസില്‍ നര്‍ക്കോട്ടിക് ബ്യൂറോയുടെ കയ്യിലകപ്പെടുന്നു. 82 വയസായ തന്നെയാണ് ഇവരൊക്കെ ലക്ഷ്യമിടുന്നതെന്ന് ഒരാള്‍ക്ക് തോന്നിപ്പോയാലോ? എന്നാല്‍ ഒരു വസ്തുതയുണ്ട്; ഈ തട്ടിപ്പുകളിലൊക്കെ ഒരു ‘പവാര്‍ ടച്ച്’ പലരും കാണുന്നുണ്ടാവണം. അന്വേഷണ ഏജന്‍സികള്‍ക്ക് അത് പറയാനാവില്ലല്ലോ. എന്നാല്‍ മഹാരാഷ്ട്ര ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വാഭാവികം, നമ്മുടെ മാധ്യമങ്ങള്‍ക്ക് അതൊന്നും വാര്‍ത്തയാവില്ല; അവരുടെത് ‘സ്വതന്ത്ര- നിഷ്പക്ഷ’ മാധ്യമ പ്രവര്‍ത്തനമാണല്ലോ. അതില്‍ 10 ജനപഥിലെയോ ബാരാമതിയിലെയോ ജിഹാദി ശക്തികളുടെയോ മനസിനെ അലട്ടുന്ന ഒന്നും ഉണ്ടാവുകയില്ല; അത്രയേ കരുതേണ്ടതുള്ളൂ.
കഴിഞ്ഞ ദിവസം ആദായനികുതി അധികൃതര്‍ നടത്തിയ റെയ്ഡില്‍ 184 കോടിയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. രണ്ടാഴ്ച മുമ്പേ അവര്‍ കണ്ടെത്തിയ 1,084 കോടിയുടെ കള്ളപ്പണത്തിന് പുറമേയാണിത്. ഇത് ഊഹമല്ല, ആദായ നികുതി അധികൃതര്‍ പിഐബി മുഖേന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയതാണ്. അത് ‘ഒരു ശക്തമായ രാഷ്ട്രീയ കുടുംബത്തിന്റെയാണ്’ എന്നും പിഐബി പത്രക്കുറിപ്പില്‍ എഴുതിച്ചേര്‍ത്തിരുന്നു. അതുകൊണ്ടാണ് പലരുടേയും മനസ്സില്‍ ബാരാമതിയും പൂനെയും മറ്റും ഉയര്‍ന്നുവന്നത്. ഇക്കാര്യം പരസ്യമായി പറയാന്‍ പലരും മടിച്ചപ്പോള്‍ മുംബൈയിലെ ബിജെപി നേതാവ് കിരിത്ത് സോമയ്യ ട്വീറ്റ് ചെയ്തു… ‘അജിത് പവാര്‍ ഖോട്ടാല’ എന്ന്. ശരത് പവാറിന്റെ മരുമകനും
മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ തന്നെ. സോമയ്യ പറഞ്ഞത്, ‘ഒന്‍പത് ദിവസത്തെ റെയ്ഡ്; മുംബൈ, ബാരാമതി, പൂനെ, ഗോവ, ജയ്പൂര്‍. ആയിരക്കണക്കിന് കോടികള്‍ വരുന്ന ഭൂമി, ഫഌറ്റ്, പഞ്ചസാര മില്ലുകള്‍…; കോടിക്കണക്കിന് രൂപയുടെ കാശ്, ആഭരണങ്ങള്‍; 184 കോടി രൂപയുടെ ബിനാമി വരുമാനം…’പിഐബി പ്രസ്സ് റിലീസും കിരിത്ത് സോമയ്യ അതിനൊപ്പം ചേര്‍ത്തുവെച്ചിരുന്നു. 2019 -ല്‍ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടിയുടെ തിരിമറി നടന്നതായി ഇഡി കണ്ടെത്തിയിരുന്നു.
ഇതിനൊക്കെ ശേഷമാണ് ശരത് പവാര്‍ പരസ്യമായി രംഗത്തുവരുന്നത്. ഇത്തവണ അദ്ദേഹം നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നുണ്ട്, പരസ്യമായിട്ട്. അതിന് ഇപ്പോഴത്തെ അഴിമതി അന്വേഷണമോ റെയ്ഡോ ഒന്നുമല്ല പറയുന്നത്, മറിച്ച് കര്‍ഷക സമരമാണ്. സിഖുകാരാണ് കര്‍ഷക സമരത്തിന്റെ മുന്നിലുള്ളത്; അവരെ വെറുപ്പിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവുകയില്ല എന്നൊക്കെ പറഞ്ഞിട്ട് ഇന്ദിരാഗാന്ധിയുടെ മരണമാണ് സൂചിപ്പിച്ചത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് സിഖ് -ഖാലിസ്ഥാന്‍ പക്ഷവാദികളാലാണല്ലോ. അതുപോലൊന്ന് മോദിയെ കാത്തിരിക്കുന്നു എന്നാണോ എന്‍സിപി
നേതാവ് ഉദ്ദേശിച്ചത്?. എത്രതോളമെത്തി ആ മറാത്ത നേതാവിന്റെ കുബുദ്ധി എന്നതാലോചിച്ചാല്‍ മതി. നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ഭീഷണി ഇതാദ്യമാവും എന്ന് കരുതുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എന്തൊക്കെ അദ്ദേഹത്തെക്കുറിച്ച് പലരും പറഞ്ഞുനടന്നു . ‘മരണത്തിന്റെ വ്യാപാരി’ എന്നുവരെ ഒരു ‘മാഡം’ വിളിച്ചില്ലേ. അത്രയൊക്കെ പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ പവാര്‍ ചിന്തിച്ചത് പോ
ലെ എന്തൊക്കെ മനസ്സില്‍ കൊണ്ടുനടന്നിരിക്കില്ല എന്ന് പറയാനാവുമോ? അതൊക്കെ കൈകാര്യം ചെയ്യാന്‍ നരേന്ദ്ര മോദിക്കറിയാം. അത് ഈ പവാറിനും നന്നായി അറിയേണ്ടതാണ്.
പണ്ടേപോലെ നടക്കുന്നില്ല
1960 -കളുടെ രണ്ടാമത്തെ പകുതിയില്‍ കോണ്‍ഗ്രസിലൂടെ സാധാരണ പ്രവര്‍ത്തകനായി രംഗത്തുവന്ന പവാറിനെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. അന്ന് ആ ചെറുപ്പക്കാരനിലെ രാഷ്ട്രീയക്കാരനെ തിരിച്ചറിഞ്ഞത് വൈ. ബി. ചവാനാണ്. പുത്രനെപ്പോലെ താലോലിച്ചുകൊണ്ട് അദ്ദേഹം ഈ ബാരാമതിക്കാരനെ വളര്‍ത്തി. 1967 -ല്‍ ബാരാമതിയില്‍ നിന്ന് എംഎല്‍എ; 1969-ല്‍ ആഭ്യന്തര സഹമന്ത്രി. മഹാരാഷ്ട്രയിലെ പോലീസിനെ തനിക്ക് 52 വര്‍ഷമായി അറിയാമെന്ന് അദ്ദേഹം പറയുമ്പോള്‍ ഇതോര്‍ക്കണം. അന്ന് തുടങ്ങിയതാണ് ഈ കളികള്‍. 1977- ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും തോറ്റപ്പോള്‍, ജനതാ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍, പവാര്‍ കളം മാറ്റിച്ചവിട്ടി. 1978-ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി; അന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വസന്തറാവു പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയത് ഇതേ പവാറാണ്. തുടര്‍ന്ന് അന്ന് ജനതാ പാര്‍ട്ടിയുമായി ചേര്‍ന്നാണ് അദ്ദേഹം സര്‍ക്കാരുണ്ടാക്കിയത്; പവാര്‍ മുഖ്യമന്ത്രിയും പഴയ ജനസംഘക്കാരനും ജനതാ പാര്‍ട്ടി നേതാവുമായ ഉത്തം റാവു പാട്ടീല്‍ ഉപമുഖ്യമന്ത്രിയും. 38-ാമത്തെ വയസില്‍ മുഖ്യമന്ത്രിയായി എന്നര്‍ത്ഥം.
എന്നും അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നിരുന്നത് പ്രധാനമന്ത്രി പദമാണ്. രാജീവ് ഗാന്ധിക്ക് ശേഷം അതിലേക്ക് കരുക്കള്‍ നീക്കി. എന്നാല്‍ അന്ന് പാര്‍ലമെന്റില്‍ പോലുമില്ലാതിരുന്ന പി.വി. നരസിംഹ റാവുവിനാണ് നറുക്കുവീണത്. അക്കാലത്ത് കെ.കരുണാകരനായിരുന്നു സൂത്രധാരന്‍ അല്ലെങ്കില്‍ ചാണക്യന്. പവാറിനെ വിശ്വസിക്കാനാവില്ലെന്ന് ലീഡര്‍ക്ക് നന്നായറിയാമായിരുന്നു. അല്ലെങ്കില്‍ അധികാരം കിട്ടിയാല്‍ തന്നെയാവും ആദ്യം മറാത്ത നേതാവ് പുറത്താക്കുകയെന്ന് അദ്ദേഹം ഭയന്നിരിക്കണം. പണ്ഡിതനാണെങ്കിലും ആള്‍ബലമില്ലാത്ത, നരസിംഹ റാവു അങ്ങനെയാണ് പവാറിനെ പുറന്തള്ളി പ്രധാനമന്ത്രിയായത്. അന്ന് പക്ഷെ കേന്ദ്ര പ്രതിരോധ മന്ത്രി എന്ന നിലയ്ക്ക് ദല്‍ഹിയില്‍ കസേരയുറപ്പിക്കാന്‍ പവാറിനായി. തനിക്ക് നേരെയുള്ള ആ ഭീഷണി ഒഴിവാക്കുന്നതിന് റാവു ശ്രദ്ധിച്ചു; അങ്ങനെയാണ് 1993 -ലെ മുംബൈ സ്ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലേക്ക് മുഖ്യമന്ത്രിയായി പാക്ക് ചെയ്യപ്പെട്ടത്. അദ്ദേഹത്തെ ദല്‍ഹിയിലെ അധികാരകേന്ദ്രത്തില്‍ നിന്നൊഴിവാക്കാന്‍ അതാണ് നല്ല അവസരം എന്ന് റാവു കണ്ടു എന്നര്‍ത്ഥം. (മുംബൈ സ്ഫോടനത്തിനു പിന്നിലെ ശക്തികേന്ദ്രങ്ങളെക്കുറിച്ച് പലതും അക്കാലത്ത് കേട്ടിരുന്നു; കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമെന്ന നിലയ്ക്ക്).
പിന്നീട് സോണിയ ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ പവാര്‍ കോണ്‍ഗ്രസ് വിട്ടു. ഇന്ദിര -നെഹ്റു കുടുംബത്തില്‍ നിന്നൊരാള്‍ വരുമ്പോള്‍ ഇനി ആ പാര്‍ട്ടിയില്‍ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞു എന്നര്‍ത്ഥം. ‘ഒരു വിദേശി ഇന്ത്യന്‍ – കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കയറിക്കൂടുന്നതിനെ’ വിമര്‍ശിച്ചുകൊണ്ടാണ് അന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹം രൂപം നല്‍കിയത്. അതേ പവാര്‍ പിന്നീട് അതേ സോണിയയുടെ പിന്നാലെ നടക്കുന്നതും കണ്ടു. ഇപ്പോള്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്നു, മഹാരാഷ്ട്രയില്‍.
ഒരിക്കലും താന്‍ ചോദ്യം ചെയ്യപ്പെടില്ല എന്നതായിരുന്നു ശരത് പവാറിന്റെ കണക്കുകൂട്ടല്‍. അതിനനുസൃതമായ രാഷ്ട്രീയ ബന്ധങ്ങള്‍ എന്നുമുണ്ടായിരുന്നു. കോണ്‍ഗ്രസും എന്‍സിപിയുമൊക്കെ ശക്തമായി എതിര്‍ക്കുമ്പോഴും ബാല്‍ താക്കറെയുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. ബിജെപി നേതാക്കളുമായും അങ്ങനെ തന്നെ. 2006 ലാണ് മകള്‍ സുപ്രിയയെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ബാല്‍ താക്കറെ ശരത് പവാറിനെ വിളിച്ചുപറഞ്ഞുവത്രേ; ‘അതെന്താ നേരത്തെ എന്നോട് പറയാതിരുന്നേ; അവള് മത്സരിച്ചു ജയിച്ചുകൂടാ; ഏകകണ്ഠമായി വിജയിക്കണം’ എന്നും. അന്ന് സുപ്രിയക്കെതിരെ എതിര് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ നിന്ന് ബിജെപിയെ പിന്‍വലിപ്പിച്ചതും ബാല്‍ താക്കറെയാണ്. വാജ്പേയി, അദ്വാനി, പ്രമോദ് മഹാജന് എന്നിവരൊക്കെയുമായുള്ള അടുപ്പവും സൗഹൃദവും പലവട്ടം ചര്‍ച്ചചെയ്യപ്പെട്ടതാണല്ലോ. ആ സൗഹൃദം മോദിയും ആഗ്രഹിച്ചിരുന്നിരിക്കണം. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്കല്ലേ പോകേണ്ടത്; അതാണല്ലോ മോദിയുടെ, ബിജെപിയുടെ നിലപാട്. അതാണിപ്പോള്‍ നടന്നത്, നടക്കുന്നത്. അതില്‍ ആശങ്കപ്പെട്ടിട്ട് കാര്യവുമില്ല. കൊടിയ അഴിമതി ആരോപണങ്ങള്‍ മാത്രമല്ല, മയക്കുമരുന്ന് കേസുകളില്‍ പെടുന്നവരെയോര്ത്ത് വിഷമിക്കുന്ന ഒരാളായി ശരത് പവാര്‍ മാറുന്നു എന്ന തോന്നലുണ്ടാക്കണമായിരുന്നോ എന്നതാണ് വിലയിരുത്തപ്പെടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: