ജനാധിപത്യരാജ്യങ്ങളില്‍ പൗരന്മാര്ക്ക് നിര്‍ഭയമായി സ്വന്തം അഭിപ്രായം നിസ്സങ്കോചം പ്രകടിപ്പിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ അവിടെ ശരിയായ അര്‍ത്ഥത്തില്‍ ജനാധിപത്യം പൂര്‍ണ്ണമാകുകയുള്ളൂ. അതുപോലെത്തന്നെ പ്രധാനമാണ് പൗരന്മാര്ക്ക് ആവശ്യപ്പെടാതെതന്നെ സ്വന്തം രാജ്യത്തെക്കുറിച്ചും, ഭരണകൂടത്തെക്കുറിച്ചും, ഭരണപ്രക്രിയയെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാകുകയെന്നതും. ഭരണത്തിലെ സുതാര്യതയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഈ സുതാര്യത ഉറപ്പാകുന്നത് പൗരന്മാര്ക്ക് അവര്‍ ആവശ്യപ്പെടാതെ തന്നെ ഭരണത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമ്പോഴാണ്.
ആഗോളതലത്തില്‍ അറിയാനുള്ള അവകാശം ഒരു മനുഷ്യാവകാശമായി പരിഗണിച്ചിരുന്നെങ്കിലും ഭാരതത്തില്‍ അത് ഒരു ചര്‍ച്ചാ വിഷയമായി വരുന്നത് 1986-ലെ Kulwal V/s. Jaipur muncipal corporation കേസിലാണ്. വിവരാവകാശ ചരിത്രത്തിലെ നാഴികക്കല്ലായ ഈ കേസില്‍ പരമോന്നത നീതിപീഠം സംശയലേശമന്യേ വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ അറിയാനുള്ള അവകാശം എന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് പൂരകമാണെന്നാണ് പരമോന്നത നീതിപീഠം പ്രഖ്യാപിച്ചത്. ഭാരതത്തില്‍ വിവരാവകാശപോരാട്ടങ്ങളുടെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ആ വിധിന്യായത്തോടെയാണ്. ഇങ്ങനെയുള്ള ചരിത്രത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന്റെ വികസനത്തിനായി പൗരന്മാര്ക്ക് രാജ്യത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച്, ആ അവകാശം സ്വാഭാവികമായി ലഭിക്കാതെ വരുമ്പോള്‍ നിയമം മൂലം ലഭ്യമാക്കാനായി ഭാരത പാര്‍ലമെന്റ് 2005-ല്‍ വിവരാവകാശ നിയമം പാസാക്കുന്നതും. ഒരു ജനാധിപത്യരാജൃത്തില് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ് താന്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയേണ്ടത്. പ്രവര്‍ത്തനത്തിലെ സുതാര്യത നഷ്ടപ്പെടുമ്പോഴാണ് നിയമം മൂലം അവകാശങ്ങള്‍ ചോദിക്കേണ്ടി വരുന്നത്.
ആഗോളതലത്തിലും, അഖിലേന്ത്യാതലത്തിലും പൗരന്മാര്ക്ക് ഉറപ്പ് നല്കുന്ന വിവരങ്ങള്‍ അറിയാനുള്ള അവകാശം കേരളത്തില്‍ ആസൂത്രിതമായി അട്ടിമറിക്കപ്പെടുന്നത് സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായിത്തന്നെ കാണണം. കാരണം ‘സുതാര്യ കേരളം’ ഉറപ്പു നല്കി അധികാരത്തില്‍ വന്നവരുടെ ഭരണത്തില്‍ സുതാര്യത ഒട്ടുമേയില്ലെന്ന് മനസ്സിലായപ്പോഴാണ് വിവരാവകാശ പ്രവര്‍ത്തകര്‍ വിവരാവകാശ നിയമത്തെ ആയുധമാക്കി വിവരങ്ങള്‍ അറിയാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തൃടങ്ങിയത്. പ്രാഥമികമായി ഒരു പൗരന് ലഭ്യമാക്കേണ്ട വിവരങ്ങള്‍ പോലും ഇന്ന് അറിയണമെങ്കില്‍ വിവരാവകാശ അപേക്ഷ കൊടുത്തു ആവശ്യപ്പെടേണ്ട അവസ്ഥയാണ്. അത്രത്തോളം സുതാര്യത ഭരണത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നു. വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നതില്‍ ഭൂരിഭാഗവും ഇടതുപക്ഷ സര്‍വ്വീസ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ്. അറിയാനുള്ള അവകാശമെന്ന ജനാധിപത്യത്തിന്റെ അവിഭാജ്യ അവകാശത്തെ കശാപ്പ് ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാര്.
റവന്യൂ വകുപ്പിന്റെ ഏറ്റവും താഴെത്തലത്തിലുള്ള ഓഫീസാണ് വില്ലേജ് ഓഫീസ്. ഏറ്റവും ആദ്യം റവന്യൂ വകുപ്പില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടുന്നതും വില്ലേജ് ഓഫീസുമായാണ്. ആദ്യകാലത്ത് വില്ലേജ് ഓഫിസര്‍ക്കുള്ള ഉദ്യോഗപ്പേര് അംശം അധികാരി എന്നായിരുന്നു. പേരില്‍ ഒരു ‘അധികാരി’ എന്നുള്ളതുകൊണ്ട് കുറച്ചു അധികാരബോധവും കൂടുതലായിരുന്നു. എന്തെങ്കിലും കാര്യത്തിന് വില്ലേജ് ഓഫീസില്‍ പോയാല്‍ ‘അധികാരിയുടെ’ അധികാരഭാവം ഒന്നുമാത്രം മതി റവന്യൂ വകുപ്പിന്റെ ആകെ സ്വഭാവം മനസ്സിലാക്കാന്‍. ഒരു കാര്യത്തിനും വ്യക്തമായ മറുപടിയില്ല, അതുതന്നെ സമയത്ത്തരില്ല. ചുരുക്കത്തില്‍ കൈക്കൂലിയില്ലാതെ ഒരു കാര്യവും നടക്കില്ല. ഓരോ ചെറിയ ആവശ്യങ്ങള്‍ക്കുമായി വരുന്നവരെ എത്രവേണമെങ്കിലും നടത്തിക്കാമായിരുന്നു. ആരും ചോദിക്കാനും, അന്വേഷിക്കാനും ഇല്ലാത്ത അവസ്ഥ.
സര്‍വീസ് സംഘടനകളുടെ സംഘടിത മുഷ്ക്കിനുമുന്നില്‍ സാധാരണജനം പതറിനിന്ന കാലം. വിവിധ പദ്ധതികള്‍ക്കായി അനുമതി കാത്തുനില്‍ക്കുന്നവരെ പരമാവധി ചുവപ്പുനാടയ്ക്കുള്ളില്‍ കുടുക്കിയിടുന്ന ഉദ്യോഗസ്ഥരാണ് ബാക്കിയുള്ള വകുപ്പുകളിലും. സര്‍ക്കാര്‍ ജോലിതന്നെ കൈക്കൂലി വാങ്ങാനുള്ള ലൈസന്‍സ് ആണെന്ന് ധരിക്കുന്ന ഉദ്യോഗസ്ഥരാണ് ചിലര്‍. സര്‍വ്വീസ് സംഘടനകളിലെ സ്വാധീനം ഇവര്‍ക്ക് അധികാരദുര്‍വിനിയോഗത്തിനുള്ള ചെങ്കോലാകുന്നു. അപേക്ഷകന് ആവശ്യമായ സമയത്ത് കാര്യങ്ങള്‍ നടന്നുകിട്ടാന്‍ കൈക്കൂലി കൊടുത്തേ മതിയാകൂ. സര്‍ക്കാര്‍ വകുപ്പുകളിലെ ഗുമസ്തപ്പട മേലധികാരി ഒപ്പിട്ട ഫയല്‍ ടേബിളില്‍ നിന്നും എടുത്തു അപേക്ഷകന് കൊടുക്കാന്‍ പോലം ചായയും, ചോറും ആവശ്യപ്പെടുന്ന ഒരു കാലത്തിന്റെ കടയ്ക്കലാണ് വിവരാവകാശ നിയമം കത്തിവെച്ചത്. വിവരാവകാശം വന്നപ്പോള്‍ ഓരോ ഫയലും എപ്പോള്‍, ആര് കൈകാര്യം ചെയ്തു, ഇപ്പോഴുള്ള അവസ്ഥ എന്താണ് എന്നൊക്കെ അറിയാന്‍ കുറച്ചു കാലതാമസമെടുത്തെങ്കിലും പൊതുജനങ്ങള്‍ക്ക് സാധിച്ചു. ഫലത്തില്‍ ഓഫീസുകളിലെ അഴിമതി ഒരു പരിധിവരെ തടയാന്‍ വിവരാവകാശ നിയമത്തിനായി. യഥാര്‍ത്ഥത്തില്‍ വിവരാവകാശ അപേക്ഷ കൊടുക്കാതെതന്നെ ഇതെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ടിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍, അവരുടെ സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍ മുഖേന വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയപ്പാര്ട്ടികളിലുംപെടാത്ത സാധാരണക്കാര്‍ക്കാണ് വിവരാവകാശ നിയമം ഏറ്റവും കൂടുതല്‍ ഉപകാരപ്രദമായത്. പൊതുജനോപകാരപ്രദമായ ഒരു നിയമത്തിനെയാണ് ഉദ്യോഗസ്ഥര്‍ നിയമത്തിലെ പഴുതുകള്‍ മറയാക്കി കശാപ്പു ചെയ്യന്നത്. ഇതിലൂടെ കശാപ്പുചെയ്യപ്പെടുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശമാണ്.
ഫയല്‍ പൂഴ്ത്തിവെയ്പ്പും, രേഖകള്‍ അപ്രത്യക്ഷമാകലും, രേഖകള്‍ നശിപ്പിക്കലുമെല്ലാം ഒരു പരിധിവരെ തടയാന്‍ വിവരാവകാശ നിയമത്തിന് കഴിഞ്ഞു. എന്നാല്‍ ഇതിനൊരു തടയിടാന്‍ ഉദ്യോഗസ്ഥതലത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടന്ന ആസൂത്രിത ഗൂഢാലോചനകളുടെ കേരളത്തില്‍ ഇന്ന് വിവരാവകാശ നിയമം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
നേരായ രീതിയില്‍ ചോദിച്ചാല്‍ മറുപടി തരാന്‍ തയ്യാറില്ലാത്തവര്‍ക്ക് മുന്നില്‍ അവസാനത്തെ ശ്രമമാണ് വിവരാവകാശ അപേക്ഷ. ഓരോ സര്‍ക്കാര്‍ ഓഫീസിലും വിവരാവകാശ അപേക്ഷകള്‍ കുന്നുകൂടലായിരുന്നു ഫലം. രണ്ടു മിനിറ്റ് ചെലവഴിച്ചു അറിയിക്കേണ്ട വിവരത്തിന് പകരം രണ്ടു മണിക്കൂര്‍ സമയം ചെലവഴിച്ചു രേഖാമൂലം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കേണ്ടി വന്നു. ഇത് ഓരോ സര്‍ക്കാര്‍ ഓഫീസിലും ജോലിത്തിരക്ക് കൂട്ടി. വിവരങ്ങള്‍ക്കായി കൈക്കൂലി കൊടുക്കാന്‍ തയ്യാറായവര്‍ക്ക് മുന്നില്‍ എപ്പോഴും വിവരങ്ങള്‍ ലഭ്യമായിരുന്നു. അതുകൊണ്ടാണ് ഹൈക്കോടതിയ്ക്ക് ഒരു കേസില്‍ സര്‍ക്കാര്‍ ഫയലിലെ രേഖ പരാതിക്കാരന് എങ്ങനെ കിട്ടിയെന്ന് ചോദിക്കേണ്ടി വന്നതും, അന്വേഷണത്തിന് ഉത്തരവിട്ടതും.
വിവരാവകാശ അപേക്ഷകളെ ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല. എത്രയോ അപേക്ഷകള്‍ വരുന്നു. അതോടൊപ്പം ഒരു അപേക്ഷ കൂടി എന്നൊരു അവജ്ഞാഭാവത്തോടുകൂടിയായിരുന്നു ഉദ്യോഗസ്ഥര്‍ ആദ്യഘട്ടത്തില്‍ അപേക്ഷകള്‍ പരിഗണിച്ചിരുന്നത്. ഒരു മാസം വരെ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുന്നതുകൊണ്ട് അപേക്ഷ കൊടുത്തയാള്‍ തന്നെ മറന്നുപോകുകയോ, പ്രയത്നം ഉപേക്ഷിക്കുകയോ ചെയ്യുന്ന സംഭവങ്ങളും വിരളമായിരുന്നില്ല. എന്നാല്‍ ചുരുക്കം ചിലരെങ്കിലും കൃത്യസമയത്ത് മറുപടി കിട്ടാതിരുന്നപ്പോള്‍ മേലധികാരിക്ക് അപ്പീല്‍ നല്കാന് തയ്യാറായി.
ഏതൊരു നിയമവും പ്രാവര്‍ത്തികമാകുമ്പോള്‍ ആണല്ലോ അതിന്റെ പഴുതുകള്‍ മനസ്സിലാകുക. അങ്ങനെ പതുക്കെ ഉദ്യോഗസ്ഥര്‍ ഈയൊരു നിയമത്തിലും പഴുതുകള്‍ കണ്ടുപിടിച്ചു. ആദ്യഘട്ടത്തില്‍ ചോദ്യം മനസ്സിലായില്ല, വ്യക്തമായില്ല, ഈ വകുപ്പിലല്ല, ഈ ഓഫീസിലല്ല എന്നൊക്കെയുള്ള തൊടുന്യായങ്ങള്‍ പറഞ്ഞു പരമാവധി അപേക്ഷകരെ ഒതുക്കി. എന്നാല്‍ നിയമം ആയുധമാക്കിയ വിവരാവകാശ പ്രവര്‍ത്തകര്‍ ഇതിനെല്ലാം കൃത്യമായ മറുപടികള്‍ കൊടുത്തു. പിന്നീട് അനാവശ്യ സാങ്കേതിക കാരണങ്ങള്‍ ചുണ്ടിക്കാട്ടി വൈകിക്കുന്നതും, നിരസിക്കുന്നതും സാധാരണമായി.
അടുത്ത ഘട്ടത്തില്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല എന്ന് മറുപടി അയയ്ക്കുകയോ, യാതൊരു മറുപടിയും തരാതിരിക്കുകയോ ചെയ്യും. അതിന്റെ ഫലമായി മേലധികാരിക്ക് അപ്പീല്‍ കൊടുക്കേണ്ടിവരും. ആ സമയത്താണ് വിവരാവകാശ ഉദ്യോഗസ്ഥനും, അപ്പീല്‍ അധികാരിയും തമ്മിലുള്ള ഒത്തുകളി. അപ്പില്‍ അധികാരി ഹിയറിങ് നിശ്ചയിച്ചുകൊണ്ട് അപേക്ഷകന് കത്തയക്കും. അപേക്ഷകന് രണ്ടുവട്ടം ആലോചിക്കും ആ ഹിയറിങ്ങിന് പോകണോ വേണ്ടയോ എന്ന്. കാരണം നേരില്‍ കാണുന്നതോടുകൂടി അപേക്ഷകന് ആരാണെന്ന് മനസ്സിലായാല്‍ പിന്നെ അയാളെ ലക്ഷ്യമാക്കി മാഫിയകളുടെ ആക്രമണമാണ്. ശരിക്ക് പറഞ്ഞാല്‍ മാഫിയകള്‍ക്ക് അപേക്ഷകനെ ഒറ്റുകൊടുക്കലാണ് ഹിയറിങ് എന്ന പ്രഹസനത്തിലൂടെ നടക്കുന്നത്.
അസാമാന്യ ക്ഷമ ആവശ്യമുള്ള ഒരു മേഖലയാണ് ആര്.ടി.ഐ പ്രവര്‍ത്തനമേഖല, കാരണം ഓരോ ഘട്ടവും ഓരോ മാസമാണ്. നമ്മള് ആവശ്യപ്പെടുന്ന വിവരം എന്ന് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. കാരണങ്ങള്‍ പറഞ്ഞു നീട്ടിനീട്ടി അവസാനം ആ വിവരം കിട്ടിയിട്ടും ഫലമില്ലാത്ത ഒരു സമയത്താണ് അത് നമുക്ക് ലഭിക്കുക. വിവരാവകാശ പ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കാന് പരമാവധി സമയം 30 ദിവസമാണ്. എന്നാല്‍ ഓഫീസില്‍ കൈപ്പറ്റിയതിന് ശേഷം 25 ദിവസങ്ങള്‍ കഴിഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഈ അപേക്ഷ വിണ്ടും കൈകൊണ്ട് തൊടുക. എന്നിട്ട് എവിടെയും തൊടാതെ ഒരു മറുപടി അയയ്ക്കും. അപ്പീല്‍ അപേക്ഷ വായിച്ചു നോക്കി ഉടനെ തന്നെ അപ്പീല്‍ അധികാരിക്ക് ആവശ്യമായ വിവരങ്ങള്‍ അപേക്ഷകന് കൊടുക്കണം എന്ന് നിര്‍ദ്ദേശം കൊടുക്കാം. പക്ഷെ അപ്പീല്‍ അധികാരി ഒരു ഹിയറിങ്ങിന് നേരിട്ട് ഹാജരാകാന്‍ വേണ്ടി ഒരു കത്തയക്കും. കാസര്‍ഗോഡ് നിന്ന് ഒരാള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ഒരു വിവരാവകാശ അപേക്ഷ കൊടുത്താല്‍ 30 ദിവസത്തിനുള്ളില്‍ മറുപടി കിട്ടിയില്ലെങ്കില്‍ പിന്നെ ആ വിവരം വേണ്ടെന്നു വയ്ക്കുകയെ വഴിയുള്ളൂ. അപേക്ഷകനെ കുടുക്കാന്‍ കഴിയാത്ത അവസരങ്ങളില്‍, ആവശ്യപ്പെട്ട വിവരം ലഭ്യമാണ്, ക്രോഡീകരിച്ചിട്ടില്ല, താങ്കള്‍ നേരിട്ടു വന്നു രേഖകള്‍ പരിശോധിക്കുക എന്നിങ്ങനെ മറുപടി നല്‍കും. 365 ദിവസവും ആ ഓഫീസിലെ ഫയലുകളില്‍ കഴിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കണ്ടുപിടിക്കാന്‍ കഴിയാത്തത് സാധാരണ പൗരന് എങ്ങനെയാണ് തെരഞ്ഞ് കണ്ടുപിടിക്കാന്‍ കഴിയുക. അപേക്ഷ കൊടുത്തത് തെറ്റായിപ്പോയി എന്ന് പൗരന് തോന്നിയാല്‍ അയാളെ തെറ്റ് പറയാന്‍ കഴിയില്ല.
ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ തുക ഫീസായി ആവശ്യപ്പെടുന്നു. അതോടെ ആ വിവരം തന്നെ വേണ്ടെന്ന്വയ്ക്കാന് അപേക്ഷകന് നിര്‍ബന്ധിതനാകും. പലപ്പോഴും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കും. പക്ഷെ പ്രിന്റ് എടുക്കാന്‍ ചിലപ്പോള്‍ ആയിരങ്ങള്‍ വേണ്ടി വന്നേക്കാം. എന്നാല്‍ ആ വിവരങ്ങള്‍ ഒരു സിഡിയില്‍ ആക്കിക്കൊടുക്കാന്‍ 50 രൂപയാണ് ചെലവ്. പക്ഷെ വിവരം കൊടുക്കാതിരിക്കാന്‍ വേണ്ടി പരമാവധി പരിശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ ആദ്യമേ തന്നെ ആയിരങ്ങളാണ് ആവശ്യപ്പെടുക. സിഡിയില്‍ പകര്‍ത്തി തന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടാല്‍ കമ്പ്യൂട്ടര്‍ കേടാണ്, സിഡി റൈറ്റര്‍ കേടാണ് എന്നുള്ള ന്യായങ്ങള്‍ പറഞ്ഞു ആ വിവരം ആവശ്യപ്പെട്ടയാളെ വലപ്പിക്കും.
കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റിവ് എന്ന ഒരു സംഘടനയുടെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് 2005 ല്‍ വിവരാവകാശ നിയമം നിലവില്‍ വന്നതിന് ശേഷം 15 വര്‍ഷത്തിനുള്ളില്‍ 84 വിവരാവകാശ പ്രവര്‍ത്തകര്‍ ദുരൂഹസാഹചര്യങ്ങളില്‍ ദാരുണമായി കൊല്ലപ്പെട്ടു. 169 വിവരാവകാശ പ്രവര്‍ത്തകര്‍ ഭീകരമായി ആക്രമിക്കപ്പെട്ടു. 183 പേര്‍ക്ക് നേരെ വധഭീഷണി നിലനില്ക്കുന്നു. മാനസികവും, ശാരീരികവുമായ പീഡനം താങ്ങാനാവാതെ 7 പേര് ആത്മഹത്യ ചെയ്തു.
പൊതുപ്രവര്‍ത്തനത്തില്‍ സജീവമായതുകൊണ്ടും, ഭരണഘടന ഉറഷ്ടനല്കുന്ന മൗലിക അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതുകൊണ്ടും ജീവഭയത്തോടുകൂടി ജീവിക്കേണ്ടി വരുന്നതില്ക്കവിഞ്ഞ ഒരു അപമാനം ജനാധിപത്യത്തിന് സംഭവിക്കാനുണ്ടോ?
ഓരോ നിയമത്തിനും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണ്. എങ്കിലേ ആ നിയമങ്ങള്‍ കാലഹരണപ്പെടാതിരിക്കു. വിവരാവകാശ നിയമത്തിന് കാലാനുസൃതമായ ഭേദഗതികള്‍ ഉണ്ടാകണം. ആര്‍ക്ക് വേണ്ടിയാണോ വിവരാവകാശ നിയമമുണ്ടാക്കിയത് അവരുടെ താല്പര്യങ്ങള് സംരക്ഷിക്കാനാവശ്യമായ ഭേദഗതികളാണ് നിയമത്തില്‍ വരേണ്ടത്. അതുപോലെ നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെത്തന്നെ നശിപ്പിക്കുന്ന തരത്തില്‍ നിയമത്തില്‍ പഴുതുകള്‍ പെരുകുമ്പോള്‍ തീര്‍ച്ചയായും സര്‍ക്കാര്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നാണ് കാര്യങ്ങള്‍ നോക്കിക്കാണേണ്ടത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അധികാരദുഷ്പ്രഭുത്വത്തിന്റെ മുമ്പില്‍ അടിയറവ് പറയാതെ സാമൂഹിക ശ്രേണിയിലെ അവസാനത്തെ പൗരന്‍പോലും അവകാശങ്ങള്‍ ലഭ്യമാക്കുന്നിടത്താണ് ജനാധിപത്യത്തിന്റെ വിജയം. ഈ വിജയത്തിലെത്തിച്ചേരാനുള്ള പോരാട്ടത്തില്‍ സാധാരണക്കാരുടെ കയ്യിലുള്ള ആയുധമാണ് വിവരാവകാശ നിയമം. ഈ നിയമത്തെ അട്ടിമറിക്കാനുള്ള ഏതൊരു നടപടിയും തകര്‍ക്കുന്നത് നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയായ മൗലികാവകാശങ്ങളെ മാത്രമല്ല, ഭരണഘടനയെത്തന്നെയാണ്.
(വിവരാവകാശ പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: