ന്യൂദല്‍ഹി: ചൈനീസ് സൈന്യം ലഡാക്കില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ പട്ടാളവും അവിടെയുണ്ടാകുമെന്ന് ഇന്ത്യന്‍ സേനയുടെ മുഖ്യ ജനറല്‍ എം.എം. നരവനെ. തര്‍ക്കം നിലനില്‍ക്കുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ പട്ടാളത്തിന്റെ സാന്നിധ്യവും അവരുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തുടരുന്നിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു നരവനെയുടെ പ്രസ്താവന.
എന്തായാലും ചൈനയെ ശക്തമായി തിരിച്ചടിക്കുമെന്ന പരോക്ഷസൂചന തന്നെയാണ് 13ാം വട്ട സൈനിക ചര്‍ച്ചകള്‍ നടക്കുന്നതിന്റെ തലേന്നാളായ ശനിയാഴ്ച ജനറല്‍ നരവനെ നല്‍കിയത്. സേനാപിന്മാറ്റം ചര്‍ച്ച ചെയ്യാന്‍ ചചൈനയും ഇന്ത്യയും തമ്മില്‍ ഞായറാഴ്ച ചര്‍ച്ച നടക്കാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസം അരുണാചല്‍പ്രദേശിലെ തവാങില്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരുന്നു. എന്നാല്‍ കമാന്‍ഡര്‍ തലത്തിലുള്ള ധാരണയെത്തുടര്‍ന്ന് ഇരുകൂട്ടരും പിന്‍വാങി. ഇവിടെ സൈനികര്‍ തമ്മില്‍ ഉന്തും തള്ളും നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം അതിര്‍ത്തിതര്‍ക്കം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായതുപോലെ വന്‍തോതില്‍ സൈനികരുടെ സാന്നിധ്യമുള്ളത് ആശങ്കയുളവാക്കുന്നതായും നരവനെ പറഞ്ഞു. കഴിഞ്ഞ 17 മാസങ്ങളായി ചൈനയും ഇന്ത്യയും തമ്മില്‍ ലഡാക്ക് അതിര്‍ത്തിയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇപ്പോഴും ഇരുവിഭാഗത്തിലുമായി ഏകദേശം 60,000 പട്ടാളക്കാര്‍ അവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: