കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വീട്ടിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. കലൂരിലെ മ്യൂസിയത്തില്‍ ഇന്ന് പുലര്‍ച്ചയോടെ ക്രൈംബ്രാഞ്ച് സംഘം ലോറിയുമായി എത്തിയാണ് ശില്‍പ്പങ്ങളും മറ്റും പിടിച്ചെടുത്തത്. ശില്‍പ്പി സുരേഷ് നല്കിയ പരാതിയില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ചിന്റേതാണ് നടപടി.
വിശ്വരൂപം, മറിയ തുടങ്ങി സുരേഷ് മോന്സന് നിര്‍മിച്ച് നല്കിയ എട്ട് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡില്‍ കണ്ടെത്തി. സുരേഷ് നല്കിയ പരാതി അന്വേഷിക്കുകയാണെന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് പ്രതികരിച്ചു. മോന്സന് 9 വസ്തുക്കള്‍ സുരേഷ് കൈമാറിയിട്ടുണ്ട്. 80 ലക്ഷം രൂപ വാഗ്ദാനം ചെയ്തിടത്ത് സുരേഷിന് കിട്ടിയത് പക്ഷേ 7 ലക്ഷം മാത്രമാണ്. ബാക്കി 75 ലക്ഷത്തോളം ലഭിക്കാനുണ്ടെന്നാണ് സുരേഷ് പറയുന്നത്. കുമ്പിള് തടിയില്‍ നിര്‍മിച്ച ശില്പ്പങ്ങളാണിവയെല്ലാം. ഇത് ചന്ദനമരത്തില്‍ തീര്‍ത്ത ശില്‍പ്പങ്ങളെന്ന് പറഞ്ഞാണ് മോന്സന് ആളുകളെ പറ്റിച്ചത്.
മോന്‍സന്റെ കൈവശമുള്ള വിശ്വരൂപം അടക്കമുള്ളവ നിര്‍മ്മിച്ചത് താനാണെന്ന് സുരേഷ് വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങളോളം അധ്വാനിച്ചാണ് ശില്പ്പങ്ങള് ഉണ്ടാക്കിത്. ഈ ശില്പ്പങ്ങള് തനിക്ക് തിരികെ വേണമെന്നായിരുന്നു സുരേഷിന്റെ ആവശ്യം. സുരേഷ് ശില്പ്പങ്ങള് നിര്‍മിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളും തെളിവായി അന്വേഷണ സഘത്തിന് കൈമാറിയിട്ടുണ്ട്.
ഇനി പണം കിട്ടുമെന്ന് കരുതുന്നില്ല. തന്റെ അനുവാദമില്ലാതെ വിശ്വരൂപം ശില്‍പ്പത്തിന് പെയിന്റടിച്ചു മാറ്റിയെന്നും പണത്തിനായി പല പ്രാവശ്യം കൊച്ചിയിലെ വീട്ടില്‍ പോയിരുന്നു. അറസ്റ്റിലാകുന്നതിന് ഒരാഴ്ച്ച മുമ്പും വീട്ടിലെത്തി മോന്‍സനെ കണ്ടു. രണ്ട് ദിവസത്തിനകം പണം നല്‍കാമെന്ന് പറഞ്ഞാണ് തന്നെ മടക്കി അയച്ചതെന്നും സുരേഷ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: