കൊച്ചി: 1921ലെ ഭീകരതയുടെയും മതഭ്രാന്തിന്റെയും ഇരകളുടെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു മറക്കരുതെന്ന് പ്രശസ്ത നര്‍ത്തകി സ്മിത രാജന്‍. മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യസമരമാക്കാനുള്ള ശ്രമം തീവ്രമായി തുടരുമ്പോഴാണ്, വിഖ്യാത നാട്യഗുരുവും ആചാര്യയുമായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരക്കുട്ടിയായ സ്മിത രാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകള്‍ പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ശ്രീദേവി രാജന്റെ മകളാണ് സ്മിത.
മലപ്പുറം ജില്ലയിലെ കരിങ്ങമണ്ണ തറവാട്ടില്‍ നിന്ന് 1921ലെ മതഭീകരക്കാലത്ത് പ്രാണന്‍ രക്ഷിക്കാന്‍ രക്ഷപ്പെട്ടോടിയ ആറു വയസ്സുകാരിയാണ് പിന്നീടു ലോകമറിഞ്ഞ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായത് എന്നു മുത്തശ്ശിയെ പരിചയപ്പെടുത്തിയാണ് സ്മിത രാജന്‍ അക്കാലത്തെ അവസ്ഥ ഓര്‍മിപ്പിക്കുന്നത്. മുത്തശ്ശിയുടെ മനസ്സില്‍ പതിഞ്ഞ ഭീതി എന്റെ മനസ്സിലേക്ക് പകര്‍ന്നുതന്നിട്ടുണ്ടെന്നും സ്മിത പറയുന്നു. മുത്തശ്ശിക്കൊപ്പം വീണ്ടും ആ തറവാട്ടിലേക്ക് പോയതും വിവരിക്കുന്നു. ഇതെല്ലാം മനസ്സില്‍ പേറുന്ന തലമുറ ജീവിച്ചിരിക്കുമ്പോഴാണ് അക്കാലത്തെ കലാപത്തെ വെള്ളപൂശാനും സ്വാതന്ത്ര്യസമരമാക്കാനും ഭരണാധികാരികള്‍ അടക്കം ശ്രമിക്കുന്നതെന്ന് സ്മിത രാജന്‍ കുറ്റപ്പെടുത്തുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന് പറഞ്ഞ് വ്യാഖ്യാനിക്കാനും വെള്ളപൂശാനും ശ്രമിക്കുന്ന നവ ചരിത്രകാരന്‍മാരും, ബുദ്ധിജീവികളും, നാടുവാഴികളും… അന്നത്തെ ഭീകരതയുടെ ഇരകളുടെ ഒരു പിന്‍തലമുറ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മറക്കരുത്. സത്യം മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി, സ്മിത രാജന്‍ ഓര്‍മപ്പെടുത്തുന്നു. കല്യാണിക്കുട്ടിയമ്മയ്‌ക്കൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കിലെ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: