മലബാറിന്റെ ചരിത്രത്തെ നിരപരാധികളായ മനുഷ്യരുടെ ചോരയില്‍ മുക്കിയ മാപ്പിളക്കലാപം നടന്നിട്ട് നൂറുവര്‍ഷം തികയുമ്പോഴും അന്ന് അരങ്ങേറിയ അക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും ഓര്‍മകള്‍ ഇന്നും സമൂഹ മനസ്സില്‍ ഭീതി വിതയ്ക്കുകയാണ്. മതഭ്രാന്തുകൊണ്ട് അന്ധരായിപ്പോയ ഒരുപറ്റം മാപ്പിളമാര്‍ അന്യമതസ്ഥരാണെന്ന ഒറ്റക്കാരണത്താല്‍ സഹജീവികളായ ഹിന്ദുക്കളെ നിഷ്കരുണം കൊന്നുതള്ളുകയായിരുന്നു.
ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഈ പൈശാചിക വൃത്തികളില്‍ ഏറ്റവും ബീഭത്സമെന്നു പറയാവുന്ന നരഹത്യയാണ് തുവ്വൂര്‍ കിണര്‍ സംഭവം. മതത്തിന്റെ പേരില്‍ ഹാലിളകി ഒരു പ്രദേശമാകെ കൊള്ളയും കൊള്ളിവയ്പ്പും കൂട്ടക്കൊലയും നടത്തി വിഹരിച്ചിരുന്ന അക്രമികളെ അമര്‍ച്ച ചെയ്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രമിച്ച പട്ടാളക്കാരെ സഹായിച്ചെന്നു പറഞ്ഞും ഇസ്ലാമിലേക്ക് മതംമാറ്റാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായും പലയിടങ്ങളില്‍നിന്നും പിടിച്ചുകൊണ്ടുവന്ന മുപ്പത്തിയാറ് പാവങ്ങളുടെ കഴുത്തുവെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു. മൂവായിരത്തോളം വരുന്ന കലാപകാരികള്‍ക്ക് നേതൃത്വം കൊടുത്ത ചെമ്പ്രശ്ശേരി തങ്ങളുടെ ആജ്ഞയനുസരിച്ചാണ് അനുചരന്മാര് കഴുത്തുവെട്ടിയും ശിരസ്സ് നെടുകെ പിളര്‍ന്നും മതശിക്ഷ നടപ്പാക്കിയത്. 1921 സപ്തംബര്‍ ഇരുപത്തിയഞ്ചിനു നടന്ന ഈ കൂട്ട നരഹത്യയ്ക്ക് നൂറു വയസ്സ് തികയുകയാണ്.
മാപ്പിളക്കലാപത്തെക്കുറിച്ച് പറയുന്ന പലരും വാചാലരാവാറുള്ളത് വാഗണ്‍ ട്രാജഡിയെക്കുറിച്ചാണ്. കലാപകാരികളായ നൂറു പേരെ തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് തീവണ്ടിയില്‍ കൊണ്ടുപോകുന്നതിനിടെ അധികം പേരും ബോഗിയില്‍ കിടന്ന് ശ്വാസം കിട്ടാതെ മരിച്ച സംഭവമാണിത്. തീര്‍ച്ചയായും ഇതൊരു വലിയ ദുരന്തമാണ്. പക്ഷേ ചരിത്രം പഠിപ്പിക്കുമ്പോള്‍ ഈയൊരു സംഭവത്തെക്കുറിച്ചു മാത്രം ആവര്‍ത്തിച്ചു പറയുന്ന രീതിയുണ്ട്. മാപ്പിളക്കലാപം ബ്രിട്ടീഷ് വിരുദ്ധമായിരുന്നുവെന്നും അതുകൊണ്ടുതന്നെ അത് സ്വാതന്ത്ര്യസമരമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യില്‍ വാഗണ്‍ ട്രാജഡി ഒരു ആയുധമാണ്. കലാപകാരികളായ മാപ്പിളമാര്‍ക്കാണ് ഈ ദുര്‍ഗതി വന്നത്.
വാഗണ്‍ ട്രാജഡിക്ക് തുല്യമോ അതിനേക്കാള്‍ ക്രൂരമോ ആയിരുന്ന തുവ്വൂര്‍ കൂട്ടക്കൊലയില്‍ പച്ചമനുഷ്യരെ പൈശാചികമായി കൊലചെയ്ത് മതഭ്രാന്തന്മാര് രസിക്കുകയായിരുന്നു. വെട്ടേറ്റ് പാതി ജീവനായിക്കിടന്നവരുടെ നിലവിളികള്‍ തുവ്വൂര്‍ കിണറ്റില്‍നിന്ന് മൂന്നുദിവസം വരെ ഉയര്‍ന്നു കേട്ടിരുന്നതായാണ് പറയപ്പെടുന്നത്. എന്നിട്ടും മാപ്പിളക്കലാപത്തിന്റെ ചരിത്രം രചിച്ച പലരും ഈ സംഭവം ബോധപൂര്‍വം ഒഴിവാക്കി. വാഗണ്‍ ട്രാജഡിക്കൊപ്പം തുവ്വൂര്‍ കൂട്ടക്കൊല പാഠപുസ്തകത്തില്‍ സ്ഥാനംപിടിച്ചില്ല. ഇരകളുടെ വേദനകള്‍ കണ്ടില്ലെന്നു നടിച്ച് വേട്ടക്കാര്‍ പറയുന്നതാണല്ലോ പലപ്പോഴും ചരിത്രമായിത്തീരുന്നത്. ഇതിന് ഉത്തമോദാഹരണമാണ് തുവ്വൂര്‍ കിണറ്റിലെ കൂട്ടക്കൊലയെക്കുറിച്ച് പാലിക്കുന്ന നിശ്ശബ്ദത.
മാപ്പിളക്കലാപത്തിന്റെ ചരിത്രം എങ്ങനെയൊക്കെയാണ് തമസ്കരിക്കപ്പെട്ടിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണ് തുവ്വൂര്‍ കിണറിന് പിന്നീടുണ്ടായ പരിണതികള്‍. നിലമ്പൂര്‍ താലൂക്കില്‍ തുവ്വൂര്‍ വില്ലേജില്‍പ്പെടുന്ന ഈ സ്ഥലം പണ്ട് സാമൂതിരി കോവിലകത്തിന് അവകാശപ്പെട്ടതായിരുന്നു. 1999 വരെ നിലനിന്നിരുന്ന ഈ കിണര്‍ പിന്നീട് വളരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യുകയായിരുന്നു എന്നു വേണം കരുതാന്‍. മാപ്പിളക്കലാപത്തിന് പ്രേരണയായ മതഭ്രാന്തിന്റെ ആഴം വ്യക്തമാക്കുന്ന ഈ കിണര്‍ അതിന്റെ വലിയ ഓര്മപ്പെടുത്തലാവുമെന്നും, പുതിയ തലമുറയ്ക്ക് ചരിത്രത്തിന്റെ നേരറിവുകള്‍ ഉണ്ടാകരുതെന്നും ചിന്തിച്ചവരാണ് ഇതിനു പിന്നിലെന്ന് ന്യായമായും സംശയിക്കാം. പല കൈകള്‍ മറിഞ്ഞ് ഇന്ന് ഈ സ്ഥലത്തിന്റെ ഉടമസ്ഥത ഒരു മുസ്ലീമിനാണ്. സ്വാഭാവികമായും കിണര്‍ പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങളും മറ്റും കൊണ്ടിട്ട് മൂടുകയായിരുന്നുവത്രേ.
മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുമ്പോള്‍ വാരിയംകുന്നന്മാരുടെ നേതൃത്വത്തില്‍ നടന്ന ആ കലാപം എങ്ങനെയാണ് അന്യമത വിദ്വേഷത്തിന്റെയും ഇസ്ലാമിക ആധിപത്യത്തിന്റെയും ചരിത്രസാക്ഷ്യങ്ങളെന്ന് ഒരു ബഹുസ്വര സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ഇത് സംഭവിക്കുന്നില്ലെങ്കില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. തുവ്വൂര്‍ കിണറ്റില്‍ പിടഞ്ഞുമരിച്ചവരുടെ ആത്മാക്കള്‍ക്ക് തിലോദകം അര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: