തൂശ്ശൂര്‍: ദിവാന്‍ജിമൂല ഭാഗിക വികസനം പൂര്‍ത്തിയായി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പാതയ്‌ക്ക് ഇരുട്ട് സമ്മാനിച്ച് തൃശൂര്‍ കോര്‍പറേഷന്‍. പാതയില്‍ ഇതുവരെ വഴി വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് 22 കോടി രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയാണ് പാത ഉദ്ഘാടനം ചെയ്തത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. തൃശൂര്‍-കോഴിക്കോട് റൂട്ടിലെ പ്രധാനപാതയാണിത്. കെഎസ്ആര്‍ടിസി, ശക്തന്‍ സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, അരിയങ്ങാടി, എംഒ റോഡ് എന്നിവിടങ്ങളിലേയ്‌ക്ക് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. രാത്രികാലങ്ങളില്‍ വഴി വിളക്കുകളില്ലാത്തതിനാല്‍ നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്.
മഴ ശക്തമായാല്‍ പാതയില്‍ പാമ്പുകളും മറ്റ് ഇഴ ജന്തുക്കളും യഥേഷ്ടമാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ഭയത്തോടെയാണ് ഇതിലൂടെ കടന്ന് പോകുന്നത്. അതിവേഗതയില്‍ വാഹനങ്ങള്‍ പോകുന്നതിനാല്‍ നടപ്പാത നാമമാത്രമായുള്ള പാതയില്‍ കാല്‍നടയാത്രക്കാരും ഭീതിയോടെയാണ് കടന്ന് പോകുന്നത്. പാതയുടെ ഒരുവശം പാസ്പോര്‍ട്ട് ഓഫീസും മറുഭാഗം റെയില്‍വെ ട്രാക്കും സമീപം താഴ്ചയില്‍ നിരവധി വീടുകളുമാണുള്ളത്.
മേഖലയില്‍ സുരക്ഷാ മതിലുകളും കുറവാണ്. പാലത്തിന്റെ ഒരു ഭാഗത്തുള്ള ഹ്രസ്വ നടപ്പാതയിലാകട്ടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. സമീപ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ ദുര്‍ഗന്ധം ദുരിതവുമുണ്ടാക്കുന്നു. നടപ്പാത മാലിന്യം മൂടി കിടക്കുന്നതിനാല്‍ പാലത്തിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും വഴിവിളക്കുകള്‍ സംബന്ധിച്ച് ആവശ്യമുന്നയിക്കാറുണ്ടെങ്കിലും നടപടികളൊന്നും കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നില്ല.
വിദഗ്‌ദ്ധ പരിശോധനകളൊന്നുമില്ലാതെയാണ് ദിവാന്‍ജി മൂല വികസിപ്പിച്ചതെന്ന ആരോപണവും ശക്തമാണ്. വഴിവിളക്കുകള്‍ സ്ഥാപിക്കാതിരുന്നതും അഴിമതിയുടെ ഭാഗമാണോയെന്നാണ് സംശയവും കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിലേയ്‌ക്ക് നീങ്ങാനാണ് ബിജെപിയും കോണ്‍ഗ്രസും ആലോചിക്കുന്നത്.
വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ആലോചനയില്‍
മെയിന്റനന്‍സ് ഉള്‍പ്പടെയുള്ളവയും വഴി വിളക്കുകളും സ്ഥാപിക്കാനുള്ള പദ്ധതി കോര്‍പറേഷന്‍ ആലോചനയിലാണ്. ദിവാന്‍ജിമൂല പാതയേയും അതിലുള്‍പ്പെടുത്തും. പദ്ധതി നീണ്ടുപോയാല്‍ ദിവാന്‍ജിമൂലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ മറ്റ് വഴികളാവിഷ്‌ക്കരിക്കും
മേയര്‍ എം.കെ.വര്‍ഗീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: