ന്യൂദല്‍ഹി : പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്ദര്‍ സിങ് രണ്‍ധവെ ചുമതലയേല്‍ക്കും. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ നാടകീയമായി മാറ്റിയ ശേഷമാണ് സുഖ്ജിന്ദര്‍ സിങ് രണ്‍ധവ ഇപ്പോള്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.
രണ്‍ധാവയ്ക്കൊപ്പം രത് ഭൂഷണ്, കരുണ ചൗധരി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായേക്കും. മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്ജിന്തര് സിങ് രണ്‍ധാവെയ്ക്ക് മുന്‍ഗണന ഏറുകയായിരുന്നു.
സിഖ് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണിയുടെ നിലപാട്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആകാനില്ലെന്നും അംബിക സോണി വ്യക്തമാക്കി. എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായും മറ്റൊരു വിഭാഗം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു.
അതേസമയം അമരീന്ദര്‍ സിങ് പാര്‍ട്ടി പിളര്‍ത്തുമെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. അമരീന്ദറിനോട് കോണ്‍ഗ്രസ് നീതികേട് കാട്ടി എന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രബലമാണ്. രാഷ്ട്രീയം ഉപേക്ഷിക്കില്ല, കാത്തിരിക്കും, അവസരങ്ങള്‍ വിനിയോഗിക്കും എന്ന അമരീന്ദറിന്റെ വാക്കുകള്‍ വന്‍ അഭ്യൂഹങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.
ഒരു സൈനികന് എന്ന നിലയില്‍ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ താന്‍ സജീവമായിരിക്കുമെന്നും അമരീന്ദര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കൂടാതെ രാജിവെക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുമായി അമരീന്ദര്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. അപമാനിതനായി ഇനിയും തുടരാനാവില്ല എന്നാണ് അദ്ദേഹം സോണിയയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: