കൊച്ചി: നടന് റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്നു കുറച്ചു ദിവസങ്ങളായി കഴിഞ്ഞിരുന്നത്. നാടകരംഗത്തു നിന്നാണ് റിസബാവ സിനിമ രംഗത്തേക്ക് എത്തിയത്. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയിലാണ് ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ല്‍ തന്നെ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ വില്ലന്‍ വേഷം ചെയ്തതോടെയാണ്. ആ സിനിമയില്‍ റിസബാവ അവതരിപ്പിച്ച ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി.
പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളില്‍ ഡബ്ബിംഗും ചെയ്തു. മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: