ആലപ്പുഴ : കുട്ടനാടില്‍ സാമൂഹ്യ വിരുദ്ധര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിച്ചു. കൈനകരിയില്‍ പുതിയ കാറും ബൈക്കും ഉള്‍പ്പടെ ആറ് വാഹനങ്ങളാണ് കത്തിച്ച് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.
ബൈക്കിലെത്തിയ ഒരു സംഘമാണ് വാഹനങ്ങള്‍ കത്തിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ തകര്‍ത്ത ശേഷമാണ് ഇവര്‍ വാഹനങ്ങള്‍ കത്തിച്ചത്.
കുട്ടനാടിന്റെ പല പ്രദേശങ്ങളിലും വീടുകളിലേക്ക് വണ്ടി കൊണ്ട് പോകാന്‍ പറ്റില്ല. അതിനാല്‍ തന്നെ രാത്രി പലരും വഴിയരികിലാണ് സ്ഥിരമായി വണ്ടി വയ്ക്കുന്നത്. ഇങ്ങിനെ വച്ചിട്ട് പോയ വണ്ടികളാണ് ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.
പ്രദേശത്തെ സാമൂഹികവിരുദ്ധരുടെ ശല്യം വര്‍ധിച്ചു വരികയാണ്. രാത്രിയായാല്‍ ഇവിടങ്ങളില്‍ കഞ്ചാവും ലഹരിമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച പലതവണ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. ഇതാണ് വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുന്നതിലേക്ക് എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ നെടുമുടി, പുളിങ്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: