തൃശ്ശൂര്‍: ‘എന്റെ മകന് ഇരുപത് വര്‍ഷങ്ങള്‍ മരുഭൂമിയില്‍ കിടന്ന് കഷ്ടപ്പെട്ട് അധ്വാനിച്ച പണമാണ് ഇവര്‍ തിന്നുമുടിച്ചത്. ഇനി എനിക്കും കുടുംബത്തിനും ജീവിക്കാന്‍ വേറെ മാര്‍ഗമില്ല സാറന്മാരെ… ആത്മഹത്യ മാത്രമാണ് മുന്നിലുള്ളത്,’ കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നിലെ സമരപ്പന്തലില്‍ നിറകണ്ണുകളോടെ, ഇടറിയ ശബ്ദത്തില്‍ പറയുന്നത് രോഗബാധിതനായി പ്രവാസം മതിയാക്കി മടങ്ങിവന്ന അനീഷിന്റെ അമ്മയാണ്.
സിപിഎം നേതൃത്വത്തിലുളള കരുവന്നൂര്‍ സഹകരണ ബാങ്കിലെ 140 കോടി രൂപയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കാരണം വഴിയാധാരമായത് അനീഷിനെ പോലെ നൂറുകണക്കിന് ആളുകളാണ്. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മുന്നൂറിലേറെ ആളുകളുടെ നിക്ഷേപമാണ് തുലാസില്‍ ആടുന്നത്. ലോണിന് അപേക്ഷിച്ച പല വീട്ടമ്മമാര്‍ക്കും ലോണ്‍ പാസായില്ലെങ്കിലും ആധാരം ഇപ്പോഴും ബാങ്ക് അധികൃതരുടെ പക്കലാണ്.
ഒന്നാം പ്രതി കിരണ്‍ ഇപ്പോഴും ഒളിവിലാണ്. എന്നാല്‍ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ബാങ്ക് ജീവനക്കാരായ ഇരുപതില്പരം ആളുകളും 50 ലക്ഷത്തിനുമേല്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവരാണ്. തുടര്‍ന്നും ഇവര്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. ആവശ്യമില്ലെന്നു പറഞ്ഞിട്ടും കമ്മീഷന് അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കുകയായിരുന്നു ബാങ്ക് അധികൃതര്‍. ബാങ്കിന്റെ ഒരു ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനും ഇത്തരത്തില്‍ 50 ലക്ഷം അനുവദിച്ചു. ഇതെല്ലം സാധാരണക്കാരായ നിക്ഷേപകരുടെ ആധാരവും മറ്റും പണയപ്പെടുത്തിയെന്നതാണ് ഞെട്ടിക്കുന്നത്.
തൃശ്ശൂരില്‍ പാര്‍ട്ടിയുടെയും സഹകരണ പ്രസ്ഥാനങ്ങളുടേയും വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വത്തിനും സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദിവസേന നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമാണ് പ്രതിക്കൂട്ടിലാകുന്നത്. ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ തുക മടക്കികിട്ടാന്‍ ശാഖയ്ക്കു മുന്പില് സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടു.
എത്ര വലിയ തുക നിക്ഷേപിച്ചവര്‍ക്കും 10,000 രൂപയാണ് പരമാവധി നല്‍കുന്നത്. അതും ടോക്കണ്‍ പ്രകാരം കുറച്ചു ദിവസങ്ങള്‍ക്കു ശേഷമേ തുക കിട്ടൂ. വിവാഹ ആവശ്യങ്ങള്‍ക്കായി തുക നിക്ഷേപിച്ച നിരവധി മാതാപിതാക്കളാണ് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: