കാഞ്ഞങ്ങാട്: പെരിയ എയര്‍സ്ട്രിപ്പ് നിര്‍മ്മാണത്തിനു കേന്ദ്രാനുമതി ലഭിച്ചിട്ടും ചുവപ്പ് നാടയില്‍ തന്നെ. എവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരം ലഭിച്ചിട്ടും തുടര്‍പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. പെരിയ എയര്‍സ്ട്രിപ്പിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് 2011ലാണ്.
100 ല്‍ താഴെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങള്‍ക്ക് പറന്നിറങ്ങാനാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. പെരിയ വില്ലേജിലെ കനിയംകുണ്ടില്‍ 30 ഏക്കറോളം സര്‍ക്കാര്‍ ഭൂമിയുണ്ട്. നിരപ്പായ സ്ഥലം. കുന്നുകള്‍ ഇടിക്കേണ്ട ആവശ്യമില്ല. ഒഴിപ്പിക്കേണ്ട വീടുകളുടെ എണ്ണവും കുറവ്. പ്രാരംഭ നടപടികള്‍ക്കായി രണ്ട് തവണ ഫണ്ടും വാങ്ങി. ഘടകങ്ങളെല്ലാം അനുകൂലമായിട്ടും പദ്ധതി മുന്നോട്ട് പോകുന്നില്ലെന്ന് ഈ ആശയം മുന്നോട്ട് വെച്ച ജോസ് കൊച്ചു കുന്നേല്‍ പറയുന്നു.
പെരിയ എയര്‍സ്ട്രിപ്പിന് 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഏവിയേഷന്‍ അധികൃതര്‍ പരിശോധന നടത്തി സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എയര്‍സ്ട്രിപ്പിന് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് മുന്‍ ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു വികസന സമിതി യോഗത്തില്‍ അറിയിച്ചിരുന്നു.
നേരത്തെ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ (സിഐഎ എല്‍) വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് അനുയോജ്യമെന്ന് ഉറപ്പ് വരുത്തിയതുമാണ്. മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി പ്രതിനിധി കെ എന്‍. ജി നായര്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായും ജില്ലാ കലക്ടറുമായും കൂടിക്കാഴ്ചയും നടത്തിയിരുന്നു. 75 കോടി രൂപയാണ് വിമാനത്താവള നിര്‍മ്മാണത്തിന് വേണ്ടി വരിക. 1,400 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വെയാണ് ഇതിനുവേണ്ടി നിര്‍മ്മിക്കുന്നത്.
പെരിയയില്‍ ചെറുവിമാനതാവളം വന്നാല്‍ അത് ജില്ലയുടെ വികസനരംഗത്ത് പുതിയൊരു വഴിത്തിരിവ് തന്നെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം തന്നെ ജില്ല നടത്തും. വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വര്‍ധിക്കും. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാനും സാമ്പത്തികവരുമാനം ഇരട്ടിയാകാനും ഇതു ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: