തിരുവനന്തപുരം: ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങാന്‍ നിര്‍ബന്ധിതമായി കോണ്‍ഗ്രസ് നേതൃത്വം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ തമ്മിലടി ശമിപ്പിക്കുന്നതിന് കേന്ദ്രനേതൃത്വം അന്ത്യശാസനം നല്‍കിയിരുന്നു. മറ്റുമാര്ഗമില്ലാതായതോടെ നേതൃത്വം അനുരഞ്ജന സമവാക്യവുമായി മുന്നോട്ടുവരികയായിരുന്നു. എ, ഐ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന നേതൃത്വം അംഗീകരിച്ചു. പ്രശ്നപരിഹാരത്തിന് ഇരുവിഭാഗം നേതാക്കളും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുത്തതെന്നതും ശ്രദ്ധേയമാണ്.
ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ രംഗത്തുവന്ന രാജ്മോഹന്‍ ഉണ്ണിത്തോനോട് അനുരഞ്ജന ഫോര്‍മുലയുടെ ഭാഗമായി കെപിസിസി വിശദീകരണം തേടി. നേരത്തെ ശിവദാസന്‍നായര്‍ക്കും അനില്‍കുമാറിനുമെതിരായ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. വി.ഡി. സതീശന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യവും പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിത്താനോടുള്ള വിശദീകരണം തേടല്‍.
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി താരീഖ് അന്‍വര്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീടത് ഒഴിവാക്കി. ഗ്രൂപ്പ് നേതാക്കള്ക്കെതിരായിരുന്ന താരിഖ് അന്‍വര്‍ എത്തുന്നത് ഗുണകരമാകില്ലെന്ന് കണ്ടാണ് സംസ്ഥാന നേതൃത്വം അദ്ദേഹത്തിന്റെ വരവ് തടഞ്ഞത്. ഇതോടെ കെപിസിസി, ഡിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് നേതാക്കളുടെ താത്പര്യം സംരക്ഷിച്ചാകുമെന്നതും ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: