പരവൂര്‍: തെക്കുംഭാഗം കടപ്പുറം സാമൂഹ്യവിരുദ്ധരുടെ കോട്ടയായി. കഞ്ചാവ്, മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ ഇവിടം പിടിമുറുക്കി. കഴിഞ്ഞ ദിവസം അമ്മയെയും മകനെയും ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത ആഷിഷ് മന്‍സിലില്‍ ആഷിഷ് (46) പ്രദേശത്തെ സദാചാര ഗുണ്ടയാണെന്ന് പോലീസ് തുറന്നടിച്ചിട്ടുണ്ട്. മുമ്പും നിരവധി തവണ ഇവിടം ഇയാള്‍ കയ്യേറ്റത്തിന് വേദിയാക്കിയിട്ടുണ്ട്. പരാതികള്‍ പോലീസില്‍ എത്താത്തതും തുറന്നു പറയാത്തതുമാണ് ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് വളമാകുന്നത്.
ബീച്ചിന് സമീപത്താണ് ഇയാളുടെ വീട്. ബീച്ചില്‍ എത്തുന്നവരെ നിരീക്ഷിച്ച ശേഷം കമിതാക്കളെങ്കില്‍ അവരെ ഉപദ്രവിച്ച് പണം തട്ടുകയും വിവിധ രീതിയില്‍ ഉപദ്രവിക്കുകയും ചെയ്യുന്നത് ആഷിഷിന്റെ സ്ഥിരം പരിപാടിയാണ്. ലഹരി മാഫിയയും ഇവിടെയെത്തുന്ന കുടുംബങ്ങള്‍ക്ക് ശല്യമാകാറുണ്ട്. മോഷ്ടാക്കളെ നിയന്ത്രിക്കാനും ആളില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പോലീസ് നിരീക്ഷണമില്ല
പോലീസ് നിരീക്ഷണം കുറഞ്ഞതോടെയാണ് ബീച്ചില്‍ സന്ദര്ശകര്ക്കുനേരേ സമൂഹവിരുദ്ധരുടെ ശല്യം വര്‍ധിച്ചത്. ഓണത്തിന് വര്‍ക്കല സ്വദേശിനി വീട്ടമ്മയുടെ സ്കൂട്ടറില്‍ സൂക്ഷിച്ച മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ബീച്ചിലെത്തിയ ആളുടെ മൊബൈല്‍ ഫോണും മാലയും ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കമിതാക്കളുടെ ഫോട്ടോയെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം, പണം, ഫോണ്‍ എന്നിവ കവര്‍ച്ച ചെയ്യുന്ന സംഘങ്ങളും ഇവിടെയുണ്ട്.
നേരത്തെ ഉണ്ടായിരുന്ന പോലീസ് എയ്ഡ്പോസ്റ്റ് പിന്നീട് നിര്‍ത്തി. തെക്കുംഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് ഒരുവര്‍ഷത്തോളമായി. സന്ധ്യയോടെ പ്രദേശം ഇരുട്ടുമൂടുന്നതും സാമൂഹ്യവിരുദ്ധര്‍ക്ക് സഹായമാകുന്നുണ്ട്. ബീച്ചിലെത്തുന്നവര്‍ നേരത്തേ മടങ്ങേണ്ട അവസ്ഥയാണ്. പോലീസ് എയ്ഡ്പോസ്റ്റ് തുടങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: