കോഴിക്കോട്: മലബാറിലെ മലയോര മേഖലയില്‍ ക്വാറി മാഫിയ വീണ്ടും പിടിമുറുക്കുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച ക്വാറികളുടെ പ്രവര്‍ത്തനം ശക്തമാക്കാനും പുതിയവ തുടങ്ങാനുമാണ് നീക്കം. ഭരണകക്ഷികളുടെ ഒത്താശയോടെയാണിത്.
കോഴിക്കോട്ട് അത്തരത്തിലുള്ള ശ്രമം തുടങ്ങിയതായാണ് സൂചന. ഉരുള്‍പൊട്ടല്‍ മേഖലയായി ജില്ലാഭരണകൂടം പ്രഖ്യാപിച്ച കൂടരഞ്ഞി പഞ്ചായത്തില്‍ കൂമ്പാറ, പുന്നക്കടവ്, ആനക്കല്ലുംപാറ, പീടികപ്പാറ, കുളിരാമുട്ടി, മഞ്ഞക്കടവ് എന്നിവിടങ്ങളിലാണ് പുതിയ ക്വാറികള്‍ക്കായി ശ്രമം. നിലവില്‍ പ്രവര്‍ത്തനം നിലച്ചതും പരിമിതപ്പെടുത്തിയതുമായവ സജീവമാക്കും.
കൂമ്പാറ മേഖലയില്‍ ജനവാസകേന്ദ്രങ്ങളോടു ചേര്‍ന്ന് പീടികപ്പാറ, ആനക്കല്ലുംപാറ ബദാംചുവട്, തേനരുവി തുടങ്ങിയവിടങ്ങളിലായി എട്ടേളം ക്വാറികളും ക്രഷര്‍ യൂണിറ്റുകളുമുണ്ട്. ഇവക്ക് പ്രവര്‍ത്തന ലൈസന്‍സ് ഉണ്ടെങ്കിലും കര്‍ശന നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ പലതും സമയക്രമമോ, സ്ഫോടകവസ്തുക്കളുടെ അളവ് പരിധിയോ പാലിക്കാതെ നിശ്ചിത അളവിലധികവും കല്ലുകള്‍ ഖനനം ചെയ്തെടുക്കുന്നതായാണ് ആക്ഷേപം.
ചെങ്കുത്തായ മലനിരകള്‍ ഏറെയുള്ള, പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ ക്വാറികള്‍ ഉയര്‍ത്തുന്ന ഭീഷണി അതിരൂക്ഷമാണ്. മുമ്പ് ഉരുള്‍പൊട്ടലില്‍ ഇവിടെ ഒരു കുടുംബത്തിലെ രണ്ട് പേര് മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു.
ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിക്കുമ്പോള്‍ പ്രകമ്പനത്തില്‍ സമീപ വീടുകളുടെ ചുമരുകള്‍ വിണ്ടുകീറുന്നത് പതിവാണ്. ഇതര കെട്ടിടങ്ങള്‍ക്കും കുടിവെള്ള പദ്ധതികള്‍ക്കുമെല്ലാം ഇത് ഭീഷണിയാണ്. ഇതിന്റെ ഫലമായി മേഖലയില്‍ കൃഷി നാശവും വരള്‍ച്ചയുമുണ്ട്. ക്വാറികളുടെ എണ്ണം കൂടി ഖനനം വര്‍ദ്ധിപ്പിക്കുമ്പോള്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കുമുണ്ടാകുന്ന ദുരിതം അങ്ങേയറ്റമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: