എണ്ണൂറ് കിലോമീറ്ററോളം ശാഖയായി പടര്‍ന്നു കിടക്കുന്ന, ശിശിരകാലത്ത് മഞ്ഞ് പുതയ്‌ക്കുന്ന ഹിന്ദുക്കുഷ് പര്‍വ്വതനിര. ഹെല്‍മന്ദ് പ്രോവിന്‍സിനടുത്തുള്ള ചുവന്ന ഗിരികളും ബന്ദേഅമീര്‍ ദേശീയോദ്യാനത്തിലുള്ള തടാകവും ഫര്യാബ് പ്രവിശ്യയിലെ പച്ച പുതച്ച കുന്നുകളും ഗോര്‍ബന്ധിലെ വസന്തവും, തലയുയര്‍ത്തിനിന്ന് ശാന്തത നിറയ്‌ക്കുന്ന ബാമിയന്‍ ബുദ്ധന്മാരും… അങ്ങനെ കണ്ണിനും മനസ്സിനും കുളിരു നിറച്ചൊരു ദേശമുണ്ടായിരുന്നു. എന്നാല്‍ ചരിത്രം ചക്രവര്‍ത്തിമാരുടെ ശ്മശാനഭൂമിയെന്ന് പിന്നീട് ആ നാടിനെ വിളിച്ചു. ആശാമയി എന്ന ആഗ്രഹങ്ങളുടെ ദേവത കുടികൊള്ളുന്ന അഫ്ഗാന്‍ മലനിരകളില്‍ നിന്ന് ഇന്ന് ജീവനും മുറുകെപ്പിടിച്ച് കുഞ്ഞുങ്ങളുമായി പലായനം ചെയ്യുകയാണ് ജനങ്ങള്‍. ലോകം ഒരു പ്രേതനഗരത്തെപ്പോലെ നോക്കിക്കാണുന്ന അഫ്ഗാനും പറയാനുണ്ട് പാലും തേനുമൊഴുകിയ ഒരു കാലത്തിന്റെ കഥ. പിന്നീട് ഒരു മന്ത്രവാദിയുടെ ശാപമേറ്റപോലെ നശിച്ചുപോയ സംസ്‌കൃതിയുടെ കഥ.
സിന്ധുതടത്തില്‍ സാമ്രാജ്യത്വം
സിന്ധുനദീതടസംസ്‌കാരത്തിന് ശേഷം പുരാതന ഇറാനികള്‍ ബി സി അഞ്ഞൂറുവരെ ഭരിച്ചിരുന്ന അഫ്ഗാനിസ്ഥാനെ പിന്നീട് അലക്‌സാണ്ടര്‍ കയ്യടക്കി. തുടര്‍ന്ന് സെലെസിദ് സാമ്രാജ്യവും ഗ്രെഗോബാക്ട്രിയന്‍ രാജവംശവും ഇവിടം ഭരിച്ചിരുന്നു. സെല്യൂക്കസ് ഒന്നാമനെ ചന്ദ്രഗുപ്തമൗര്യന്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച് അഫ്ഗാനില്‍ സ്വാധീനമുറപ്പിച്ചതിനു ശേഷം പിന്നീട് വന്ന പല രാജവംശങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഭരണത്തിനും പതനത്തിനുമൊടുവില്‍ ഇസ്ലാം മതം അവിടെയെത്തി. സൂര്യദേവനെ ആരാധിക്കുന്നവരും സൊറാസ്ട്രിയന്‍ മതക്കാരും ബുദ്ധമതക്കാരുമൊക്കെയായ ഹിന്ദു സമൂഹം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരായി. മിര്‍വൈസ് ഹൊതക് എന്ന പഷ്തൂണ്‍ രാജാവ് കാണ്ഡഹാര്‍ മോചിപ്പിക്കുന്നത് വരെ ഈ മേഖല സുന്നി-ഷിയാക്കളുടെ കലഹമേഖലയായി അറിയപ്പെട്ടിരുന്നു. ഒരിക്കല്‍ മഹത്തായ ഗാന്ധാരദേശമായിരുന്നു കാന്ധഹാര്‍.
പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്ദുല്‍ റഹ്മാന്‍ ഖാന്‍ രാജാവിന്റെ കാലത്താണ് ശരീയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭരണം ഇവിടെ ആരംഭിച്ചത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ അഫ്ഗാനില്‍ പിടിമുറുക്കാന്‍ യുഎസ്എസ്ആറും അമേരിക്കയും നടത്തിയ ശ്രമങ്ങളുടെ ഫലമായി അവിടുത്തെ രാഷ്ടീയം കലുഷിതമായിരുന്നു. അതിനിടെ മൂന്ന് ആംഗ്ലോ അഫ്ഗാന്‍ യുദ്ധങ്ങളും അവിടെ നടന്നു. 1946ല്‍ രാജ്യത്തിന് യുഎന്‍ അംഗത്വം ലഭിച്ചു. പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്ഥാന്‍ ജനിക്കുകയും പിളരുകയും ചെയ്തത് കമ്മ്യൂണിസത്തിലേക്കുള്ള ചുവടുവയ്പിന്റെ ഭാഗമായായിരുന്നു. പട്ടാള അട്ടിമറിയിലൂടെ പിന്നീട് ദാവൂദ് ഖാന്‍ അധികാരത്തിലെത്തിയതോടെ രാജ്യത്തെ രാജഭരണത്തിന് തിരശ്ശീല വീണു. 1978ല്‍ നടന്ന സൗര്‍ റെവല്യൂഷന്‍ എന്ന വിപ്ലവത്തില്‍ ഖാനും കുടുംബവും അരുംകൊല ചെയ്യപ്പെടുകയും ഭരണം യുഎസ്എസ്ആര്‍ സൗഹൃദ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ലഭിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള വര്‍ഷത്തില്‍ കാബൂള്‍ പിടിച്ചെടുത്ത് പൂര്‍ണമായും തങ്ങള്‍ക്ക് വിധേയത്വമുള്ള ഭരണത്തെ പ്രതിഷ്ഠിച്ച് യുഎസ്എസ്ആര്‍ തേരോട്ടം തുടങ്ങി. അധിനിവേശം ഗ്രാമങ്ങളിലേക്ക് കടന്നപ്പോള്‍ മതവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് പട്ടാളത്തെ പരമ്പരാഗത ഇസ്ലാം മത വിശ്വാസികളായ ഗ്രാമീണര്‍ എതിര്‍ത്തു. അവിടെയാണ് മുജാഹിദീനുകളുടെ ജനനം. അഫ്ഗാന്‍ ഭൂപ്രദേശത്തിന്റെ പ്രത്യേകതയും ഗറില്ലാ യുദ്ധമുറകളും മുജാഹിദീനുകള്‍ക്ക് മേല്‍ക്കൈ നല്‍കിയപ്പോള്‍ ഗ്രാമങ്ങളെ ഒന്നാകെ ഇല്ലാതാക്കാന്‍ ബോംബ് വര്‍ഷിച്ചാണ് ഭരണകൂടം ജയിച്ചത്. അപ്പോഴാണ് അമേരിക്കയുടെ രംഗപ്രവേശം. ചാര്‍ലി വില്‍സണ്‍ എന്ന അമേരിക്കക്കാരന്‍ തോളില്‍ വച്ച് തൊടുത്തു വിടാന്‍ കഴിയുന്ന സ്റ്റിങ്ങര്‍ മിസൈലുകള്‍ ആദ്യമെത്തിച്ചു. ഇതിലൂടെ ബോംബിട്ടു മടങ്ങുന്ന ഭരണകൂടത്തിന്റെ ഹെലിക്കോപ്റ്ററുകളെ മുജാഹിദീനുകള്‍ തകര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് നാളുകള്‍ക്ക് ശേഷം യുഎസ്എസ്ആര്‍ പിന്‍വാങ്ങുകയും മുജാഹിദീനുകള്‍ അധികാരത്തിലെത്തുകയും ചെയ്തു.
അശാന്തിക്കിടയിലെ നല്ലകാലം
പാശ്ചാത്യ വസ്ത്രധാരികളായ സ്ത്രീകള്‍ യുവത്വം ആഘോഷിച്ച് തെരുവിലൂടെ കടന്നു പോകുന്ന, പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിന്റെ കൊടുമുടികള്‍ കയറിത്തുടങ്ങിയ ഒരു കാലമായിരുന്നു മുജാഹിദീനുകള്‍ എത്തുന്നതിനു മുമ്പ്. ഗോത്രവര്‍ഗങ്ങള്‍ ഇടുങ്ങിയ ചിന്താഗതികളെ മുറുകെപ്പിടിച്ച് മലമടക്കുകളില്‍ കഴിഞ്ഞിരുന്നെങ്കിലും വികസനം നഗരങ്ങളുടെ മുഖഛായ മാറ്റിയ ഒരു കാലമായിരുന്നു അത്. 70 കളുടെ അവസാനത്തില്‍ പോലും മതജാതി ഭേദമെന്യേ സമാധാനമായി ജീവിക്കാനും വിശ്വാസങ്ങള്‍ പിന്‍തുടരാനും കഴിഞ്ഞിരുന്നു. മറ്റേതൊരു രാജ്യത്തേപ്പോലെയും യുദ്ധങ്ങള്‍ക്കിടയിലും സങ്കുചിത ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത കാലമായിരുന്നു അത്. അന്നത്തെ ചിത്രങ്ങളില്‍ ബുര്‍ഖ ധരിച്ചവരെ കണ്ടെത്താന്‍ തന്നെ പ്രയാസമായിരുന്നു. മതത്തിന്റേതായ യാതൊരു ചിഹ്നങ്ങളും വസ്ത്രധാരണത്തില്‍ സൂക്ഷിക്കാത്ത നാഗരികത അവിടെ നിലനിന്നിരുന്നു. ഒപ്പം ലിംഗവ്യത്യാസമില്ലാതെ ഇടപെടാനുള്ള സ്വാതന്ത്യവും ആ ജനതയ്‌ക്കുണ്ടായിരുന്നു. ആ കാലത്തിന്റെ ഓര്‍മ്മകള്‍ ഇന്ന് ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നു.
അസംതൃപ്തിയുടെ നാളുകള്‍ക്ക് കാരണം ശരിയത് പിന്തുടരാത്തതാണ് എന്ന് ചിന്തിച്ച മറ്റൊരു ജനവിഭാഗം അന്ന് താലിബാനായി വളര്‍ന്നു തുടങ്ങിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് അവര്‍ പാക് യുഎസ് സഹായത്തോടെ അധികാരത്തിലേറുകയും പിന്നീട് ബിന്‍ലാദന്‍ വിഷയത്തില്‍ അമേരിക്ക കടന്നു വന്നപ്പോള്‍ പിന്‍വാങ്ങുകയും ചെയ്തത് ചരിത്രം. അമേരിക്കയുടെ വരവിന് ശേഷവും താലിബാന്‍ ഇല്ലാതായിരുന്നില്ല. ഒറ്റപ്പെട്ട ഇടപെടലുകളുമായി അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ പൂര്‍വ്വകാലത്തെ സംസ്‌കാര സമന്വയത്തിലേക്കും സന്തോഷത്തിലേക്കും തിരികെ നടക്കാന്‍ ഇനിയും ദൂരങ്ങള്‍ താണ്ടേണ്ടിവരുമെന്ന് ഉറപ്പിച്ച് വീണ്ടും താലിബാന്‍ പിടിമുറുക്കിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ നയങ്ങളില്‍ മാറ്റം വരുത്തിയെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നെങ്കിലും അത് ജനതയെ കൂടെ നിര്‍ത്താനുള്ള, പലായനം തടയാനുള്ള മാര്‍ഗ്ഗമാവാമെന്നാണ് വിലയിരുത്തല്‍. കാത്തിരിക്കാം ഒരു ജന മുന്നേറ്റത്തിലൂടെ അഫ്ഗാന്‍ സ്വാതന്ത്ര്യം നേടിയെടുക്കുന്ന കാലത്തിനായി. ഭൂതലാവണ്യം അഫ്ഗാന്‍ജനതയുടെ സ്വപ്‌നത്തിലും ചരിത്രത്തിലും ഒതുങ്ങാതെ ഭാവിയിലെ സത്യമായി സംഭവിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: