കോഴിക്കോട്: അടുത്ത ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത് പാര്‍ട്ടിയുടെ വഞ്ചനയ്ക്കിരയായ നൂറുകണക്കിന് തൊഴിലാളികളുടെ കണ്ണീരുവീണ സ്ഥലം. ചരിത്രം ‘തൊഴിലാളികളുടെ ശവപ്പറമ്പാ’യി രേഖപ്പെടുത്തിയ ആ സ്ഥലത്താണ് സിപിഎം നായനാര്‍ അക്കാദമി എന്ന പേരില്‍ പാര്‍ട്ടി മണിമാളിക പണിതുയര്‍ത്തിയത്. ഇവിടെയാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്.
നായനാര്‍ അക്കാദമി നില്ക്കുന്ന സ്ഥലത്തായിരുന്നു 1998ല്‍ അടച്ചുപൂട്ടിയ തിരുവേപ്പതി മില്‍സ്. അത് ഇടിച്ചുനിരത്തിയാണ് സിപിഎം 45,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടസമുച്ചയം പണിതത്. 2018 മേയ് 19ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബാസല്‍ മിഷനുമായി ബന്ധപ്പെട്ട ജര്‍മ്മന്‍ സായ്വ് ആരംഭിച്ച നെയ്ത്ത്ശാല, 1965ല്‍ കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായി വാങ്ങി തിരുവേപ്പതി മില്‍സ് ആക്കി. അറുനൂറോളം തൊഴിലാളികളുണ്ടായിരുന്ന തിരുവേപ്പതി മില്‍സ് സിഐടിയുവിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്നാണ് 1998 ഫെബ്രുവരി 16ന് പൂട്ടിയത്. കമ്പനി തുറക്കാന്‍ സാഹചര്യമൊരുക്കണമെന്ന് തൊഴിലാളികളുടെ ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിട്ടും സമരം പിന്‍വലിക്കാന്‍ സിപിഎം നേതൃത്വം അനുവദിച്ചില്ല. 2005 ഫെബ്രുവരിയില്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം എല്ലാ തൊഴിലാളികള്‍ക്കും ആനുകൂല്യങ്ങള്‍ നല്കി സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഐടിയു നേതാവ് കൂടിയായ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് നല്കാന് തീരുമാനിച്ച നഷ്ടപരിഹാരത്തുക ഇന്നും കൊടുത്തിട്ടില്ല.
നഷ്ടപരിഹാരത്തുക കണ്ടെത്താന്‍ ഉടമകള്‍ കമ്പനിയും സ്ഥലവും വില്‍പ്പനയ്ക്കു വച്ചു. വാങ്ങിയത് സിപിഎം ആയിരുന്നു. 3.73 ഏക്കര്‍ ഭൂമിയും കോടിക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികളും കെട്ടിടവും അടക്കം വെറും ആറരക്കോടി രൂപയ്ക്കാണ് സിപിഎം വാങ്ങിയത്. കണ്ണൂര്‍ നഗരത്തില്‍, കന്റോണ്‍മെന്റ് ഏരിയയില്‍ ദശലക്ഷങ്ങള്‍ സെന്റിന് ലഭിക്കുന്ന സ്ഥലമാണിത്. വാങ്ങാന്‍ ചില വ്യവസായ പ്രമുഖര്‍ രംഗത്തെത്തിയെങ്കിലും അവരെയെല്ലാം സിപിഎം ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. സ്ഥലത്തിനും യന്ത്രസാമഗ്രികള്ക്കുമൊക്കെ മതിപ്പ്് വില കിട്ടിയിരുന്നെങ്കില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചേനേ. എന്നാല്‍, അര്‍ഹമായ വിലയുടെ 20 ശതമാനത്തില്‍ താഴെ നല്‍കിയാണ് സിപിഎം തിരുവേപ്പതി മില്ലും സ്ഥലവും പിടിച്ചെടുത്തത്.
തൊഴിലാളികളില്‍ ഭൂരിപക്ഷത്തിനും കിട്ടിയത് നാമമാത്രമായ തുകയാണ്. താരതമ്യേന നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് ജീവിക്കാന്‍ മറ്റ് വഴികളില്ലാതെ ഏതാനും തൊഴിലാളികള്‍ 1998നും 2006നും ഇടയില്‍ ആത്മഹത്യ ചെയ്തു. കുറേപേര്‍ ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടയില്‍ മരിച്ചു. നിരവധി പേര് പണ്ട് മുഷ്ടിചുരുട്ടി വിളിച്ച ‘ഇങ്ക്വിലാബി’നെ ശപിച്ച്് ജീവിതം തള്ളിനീക്കി.
നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലും അവര്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ട് സിപിഎം തിരുവേപ്പതി മില്ലിന്റെ സ്വത്തുക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. 2006ല്‍ ഇന്ത്യന്‍ ബാങ്ക് മുഖേനയായിരുന്നു തിരുവേപ്പതി മില്‍ വില്‍പ്പനയുടെ ടെന്‍ഡര്‍. അപേക്ഷ സ്വീകരിക്കുന്ന ദിവസം രാവിലെ മുതല്‍ ബാങ്കിന് മുന്നില്‍ തമ്പടിച്ച സിപിഎം പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കാനെത്തിയവരെ ഭീഷണിപ്പെടുത്തി മടക്കി. അങ്ങനെ നിസ്സാരവിലയ്ക്ക് മില്ലിന്റെ സ്വത്തുക്കള്‍ പാര്‍ട്ടി കൈക്കലാക്കി.
മില്ലിലെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കടക്കം നിരവധി തൊഴിലാളികള്‍ക്ക് ജോലി കിട്ടുന്ന എന്തെങ്കിലും സംരംഭം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വരുമെന്ന് കരുതിയ പാവപ്പെട്ട സഖാക്കള്‍ നിരാശരായി. പാര്‍ട്ടി തീരുമാനിച്ചത് മില്‍ ഇടിച്ചുനിരത്തി അവിടെ ഓഡിറ്റോറിയവും മ്യൂസിയവും മറ്റുമടങ്ങിയ അത്യാഡംബര കെട്ടിടം നിര്‍മ്മിക്കാനായിരുന്നു. അങ്ങനെ തൊഴിലാളികളുടെ കണ്ണീരുവീണ ഭൂമിയില്‍ പണിതുയര്‍ത്തിയ ഓഡിറ്റോറിയം തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ മഹാസമ്മേളനത്തിന് വേദിയാകുമ്പോള്‍ തൊഴിലാളി വഞ്ചനയുടെ പാര്‍ട്ടി ചരിത്രത്തില്‍ ഒരു അധ്യായം കൂടി ചേരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: