തിരുവനന്തപുരം:പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തെ പുരോഗതിയിലേക്ക് നയിക്കണ മഹാത്മാ അയ്യന്‍കാളിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. ജാതീയമായ വിവേചനങ്ങള്‍ അവസാനിപ്പിക്കാനും എല്ലാ മനുഷ്യര്‍ക്കും തുല്യാവകാശമാണെന്നുമുള്ള ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമാണ് മഹാത്മാ അയ്യന്‍കാളി പരിശ്രമിച്ചത്.
സമൂഹത്തിലെ ഉച്ച നീചത്വങ്ങള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനം ദേശീയ തലത്തില്‍ ആഘോഷിക്കാന്‍ തുടങ്ങിയത് കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. കെ.പി.എം.എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തിയുടെ ഉദ്ഘാടനം വെള്ളയമ്പലത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യന്‍കാളിയുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വിവിധ തലത്തിലുള്ള പദ്ധതികള്‍ കേന്ദ്രം ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പില്‍ കേവലം 11 ശതമാനമായിരുന്നു നേരത്തെ കേന്ദ്ര വിഹിതമെങ്കില്‍ ഇന്ന് 60 ശതമാനവും വഹിക്കുന്നത് കേന്ദ്രമാണ്. 35,000 കോടി രൂപയാണ് ഇതിനായി നല്കി വരുന്നത്.
പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന യുവതീ യുവാക്കളെ സംരംഭകത്വത്തിന് പ്രാപ്തരാക്കാന്‍ സ്റ്റാര്‍ട്ട് ആപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യാ പദ്ധതികളിലൂടെ സാധിച്ചു. സ്റ്റാന്‍ഡ് അപ് ഇന്ത്യാ പദ്ധതിയുടെ കീഴില്‍ ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തിലധികം വായ്പകള്‍ അനുവദിച്ചു. 26,000 കോടിയിലധികം വായ്പ നല്കാന് കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംരംഭകരില്‍ നിന്ന് 754 കോടി രൂപയുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് വാങ്ങി വിപണി സാധ്യത ഉറപ്പ് വരുത്തി.
അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് വലിയ സംരംഭം തുടങ്ങാന്‍ മൂലധനം നല്കുന്ന പദ്ധതികള്‍ നടപ്പാക്കാനും കേന്ദ്രത്തിനായി. പാര്‍ശ്വവത്കരിക്കപ്പെട്ട മുഴുവന്‍ ആളുകളെയും സ്വയം പര്യാപ്തരാക്കി പുരോഗതിയിലേക്ക് നയിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അയ്യന്‍കാളിയുടെ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ സ്വയം സമര്‍പ്പിക്കാമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി മന്ത്രി വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി ആലംകോട് സുരേന്ദ്രന്, കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: