ഋഷിപരമ്പരയിലെ സൂര്യതേജസ്സാണ് ശ്രീനാരായണ ഗുരുദേവന്. സ്വാമികളുടേതായുള്ള തത്വചിന്തകളും സാരോപദേശങ്ങളും ഇന്ന് വിശ്വം മുഴുവന്‍ അംഗീകരിക്കുന്നുണ്ട്. മതാന്ധത ബാധിച്ചവരുടെ വെറിപിടിച്ച ഓട്ടത്തെ തടുത്ത് നിര്‍ത്താനാണ് ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന വിശിഷ്ടമായ തത്വോപദേശം സ്വാമികള്‍ നല്‍കിയത്. സ്വാമിജിയുടെ ചിന്തകളുടെ അടിസ്ഥാനം ആത്മീയതയാണ്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുദേവന്റെ ഉദ്ബോധനത്തെ തെറ്റായി വ്യാഖ്യാനിക്കാനും മതാതീതമായ ആത്മീയതയാണ് സ്വാമിജി സ്വപ്നം കണ്ടതെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. സ്വാമിജിയുടെ സ്വപ്നമെന്തായാലും ലോകം അറിയുന്ന സാരോപദേശങ്ങളെല്ലാം മതത്തില്‍ നിന്നും ഭിന്നമായി കാണാനാവില്ല.
നവോത്ഥാനത്തിന്റെ പ്രവാചകനായി പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യന്റെ നന്മയും മേന്മയും തന്നെയായിരുന്നു. ഗുരുവിന്റെ ലക്ഷ്യം മനുഷ്യനില്‍ നിന്നും ഉയര്‍ന്ന് ദൈവിക ഭാവത്തിലായപ്പോള്‍ നമുക്ക് ജാതിയില്ല, മതമില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ പൊക്കിപ്പിടിച്ച് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. ആ വേറിട്ട നിലപാടാണ് ചെമ്പഴന്തിയിലെ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയനിലും ഉണ്ടായത്. ചെമ്പഴന്തിയില്‍ നേരിട്ട് ചെല്ലാതെ ഓണ്‍ലൈനിലായിരുന്നു ഉദ്ഘാടന പ്രസംഗം. അതിങ്ങനെ:
”എല്ലാവരുടേതുമായ ഗുരുവിനെയാണ് ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂട്ടിലടയ്ക്കാന്‍ നോക്കുന്നത്. സംവത്സരങ്ങള്ക്കുമുന്പേ താന്‍ ജാതിഭേദം വിട്ടിരുന്നുവെന്ന് ജാതിയില്ലാ വിളംബരത്തിന്റെ ആദ്യവാചകത്തില്‍ തന്നെ ഗുരു ഊന്നിപ്പറഞ്ഞു. വിളംബരത്തിന്റെ ആവശ്യകതയും ഗുരു വിശദീകരിച്ചു – ‘ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു.’ താന്‍ പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നില്ലെന്ന് അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചു. ഈ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരെ മാത്രമേ ആലുവ അദൈ്വതാശ്രമത്തില്‍ ചേര്‍ത്തിട്ടുള്ളൂ. ഗുരുശിഷ്യര്‍ മതത്തിനതീതരാകണം. എല്ലാവരോടും സമഭാവനയില്‍ പെരുമാറുന്നവരാകണം.
ലോകത്തിന്റെ പലഭാഗത്തും വര്‍ഗീയ സ്പര്‍ധകളും മതവിദ്വേഷങ്ങളും രക്തച്ചൊരിച്ചിലും ഏറുന്നു. രാജ്യത്ത് വര്‍ഗീയവിദ്വേഷം തലപൊക്കുന്നു. മനുഷ്യരെ ഒന്നായി കാണണമെന്നും ഭേദചിന്ത അരുതെന്നുമുള്ള ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ടാല്‍ ഇതിനെല്ലാം അറുതിയാകും. മനുഷ്യത്വം നിറഞ്ഞ ഗുരുസന്ദേശം ഉയര്ത്തിപ്പിടിക്കുമ്പോഴേ നാം ഗുരുവിനെ സ്വീകരിക്കുന്നുവെന്ന് പറയാനാകൂ.”
താലിബാന് വീരപരിവേഷം നല്‍കുന്നത് ഖേദകരമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ പൊരുളെന്താണെന്നാണ് മനസ്സിലാകാത്തത്. ”താലിബാന് വീരപരിവേഷം നല്‍കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം ഖേദകരമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അവരെ ആരാണ് വളര്‍ത്തിയതെന്നും ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. നാളെ അവര്‍ തനി സ്വാഭാവം കാട്ടുമെന്നും എല്ലാവരും കണക്കുകൂട്ടുന്നു. അങ്ങനെയുള്ളവരെ ചിലരെങ്കിലും വീരപരിവേഷത്തിലൂടെ മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. മതമൗലികവാദത്തിന്റെ പേരില്‍ തീ ആളിക്കത്തിക്കുമ്പോള്‍ അതില്‍ ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണ് അഫ്ഗാനിസ്ഥാന് നല്‍കുന്നതെന്നും” മുഖ്യമന്ത്രി പറയുമ്പോള്‍ വിശ്വഗുരുവും താലിബാനും തമ്മിലെന്ത് ബന്ധം എന്ന സംശയം സ്വാഭാവികം.
എന്നാല്‍ താലിബാനിസം ഗുരുഭക്തന്മാര്ക്ക് ബോധ്യപ്പെട്ട സന്ദര്ഭമുണ്ട. ആംബുലന്‍സില്‍ സായുധാക്രമികളുമായി മദനിയുടെ ക്രിമിനലുകള്‍ സന്യാസിമാരെപോലും കൈയേറ്റം ചെയ്തു. ഭക്തരെ അടിച്ചോടിച്ചു. സിപിഎം നേതാവ് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയും വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി സെക്രട്ടറിയുമായിരുന്നപ്പോഴാണത്. നല്ല ഭൂരിപക്ഷത്തോടെ ശിവഗിരി ധര്മ്മംഘ ട്രസ്റ്റ് സാരഥികളായി തെരഞ്ഞെടുക്കപ്പെട്ടവരെ അധികാരമേല്‍ക്കാന്‍ വിട്ടില്ല. ശിവഗിരി ഭരണം അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാക്കി. വിഎസിന്റെ വിശ്വസ്തന് ശാര്‍ങധരന്‍ ഭരണചുമതല. മാധ്യമം ലേഖകന്‍ ഉള്‍പ്പെടെ ചിലരും ഭരണ സമിതിയില്‍. മാസങ്ങളോളം മദനി സംഘം കുടിച്ച് കൂത്താടി ശിവഗിരികുന്ന് അടക്കിവാണു. അടുത്തിടെ സമാധിയായ പരമ സാത്വികന് സന്യാസിവര്യന് 32 ദിവസങ്ങള്‍ സത്യഗ്രഹമിരുന്നിട്ടും സര്‍ക്കാര്‍ കണ്ണുതുറന്നില്ല. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകേണ്ടിവന്നു പ്രകാശാനന്ദ സ്വാമിജിക്ക് ചുമതലയേല്‍ക്കാന്‍. അന്നത്തെ താലിബാനിസം ഭക്തജനങ്ങള്‍ സങ്കടത്തോടെ അനുഭവിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിച്ചവരാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ പാര്‍ട്ടി.”ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് പിന്തിരിപ്പന് സ്വഭാവമാണെന്ന്” കുറ്റപ്പെടുത്തിയത് ഇഎംഎസ് നമ്പൂതിരിപ്പാടാണ്. അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദിക്ക് ക്ഷണിക്കപ്പെട്ടയാളായിരുന്നു നമ്പൂതിരിപ്പാട്.
പക്ഷേ അതില്‍ പങ്കെടുക്കാന്‍ ചെന്നില്ല. പകരം പാര്‍ട്ടി പത്രത്തില്‍ (1988 ഫെബ്രുവരി 15) ലേഖനമെഴുതി ഗുരുവിനെ ഇകഴ്ത്തി. നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് ഗുരുദേവന് പറയേണ്ടിവന്നത് ഇമ്മാതിരി ജാതിക്കോമരങ്ങളുടെ ചേഷ്ഠകള്‍ കൊണ്ടായിരുന്നല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: