കാബൂൾ: താലിബാൻ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്ത 150 ഓളം ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇക്കാര്യം സ്ഥിരീകരിച്ച് മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തു. മോചിതരായവർ ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറാനായി കാബൂൾ വിമാനത്താവളത്തിലെത്തി. ശനിയാഴ്ച രാവിലെ വിമാനത്തിനായി കാത്തു കാബൂൾ വിമാനത്താവളത്തിന്റെ പുറത്തു നിൽക്കുമ്പോഴാണ് ഇവരെ ഭീകരർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവിടെയെത്തിച്ചശേഷം ഇന്ത്യക്കാരെ ചോദ്യം ചെയ്യുകയും യാത്രാരേഖകൾ പരിശോധിക്കുകയും ചെയ്തു.
ഇന്ത്യക്കാരുൾപ്പെടെ 150 പേരെ താലിബാൻ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ താലിബാൻ ഇത് നിഷേധിച്ചുവെന്ന് ന്യൂയോർക്ക് ടൈംസിന്റെ കാബൂൾ റിപ്പോർട്ടർ ഷെരീഫ് ഹസൻ ട്വീറ്റ് ചെയ്തു. 85 പേരുമായി കാബൂളിൽനിന്ന് വ്യോമസേനാ വിമാനം യാത്ര തിരിച്ചുവെന്ന റിപ്പോർട്ട് പിന്നാലെയായിരുന്നു ഇത്. ഈ വിമാനം സുരക്ഷിതമായി തിജികിസ്ഥാനിൽ ഇറങ്ങി.
ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതിനാൽ സുരക്ഷിതരാക്കാനായി കഴിയുന്നത്ര ഇന്ത്യക്കാരെ കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ എംബസിയുടെ എല്ലാ ജീവനക്കാരെയും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാൽ ആയിരത്തോളം വരുന്ന ഇന്ത്യക്കാർ അഫ്ഗാനിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
അവരുടെ സ്ഥലവും സ്ഥിതിയും അറിയുന്നത് വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എല്ലാവരും എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇരുന്നൂറോളം സിഖുകാരും ഹിന്ദുക്കളും കാബൂളിലെ ഗുരുദ്വാരയിൽ അഭയം തേടിയിട്ടുണ്ട്. ഞായറാഴ്ചയാണ് താലിബാൻ തലസ്ഥാനമായ കാബൂൾ പിടിക്കുകയും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തത്. താലിബാൻ ഭീകരർ എത്തുന്നതിന് മുൻപുതന്നെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: