ഡോ.എം.പി.മിത്ര
വളരെ വൈകിയാണെങ്കിലും കേരള സര്‍ക്കാര്‍ സമ്മതിച്ചു; കൊവിഡ് ചികിത്സയില്‍ ആയുര്‍വ്വേദം തികച്ചും ഫലപ്രദമാണ് എന്ന സത്യം. അതും കെ.കെ.രമയുടെ ചോദ്യത്തിന് ഉത്തരമായി, ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് ഈ വിവരം. കൊവിഡിന്റെ ആരംഭ ദശയില്‍, രോഗികളെ നോക്കാന്‍ പോലും ആയുര്‍വേദ ഡോക്ടര്‍മാരെ അനുവദിക്കാതിരുന്ന കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിരോധ ശേഷി ലഭിക്കുവാന്‍ ആയുര്‍വ്വേദം ഉപയോഗിക്കാം എന്ന തലത്തിലേക്കെത്തി.ആരോഗ്യ വകുപ്പിന് ഫണ്ടുകള്‍ അനുവദിച്ചപ്പോള്‍, ആയുര്‍വേദ വകുപ്പിന് പ്രത്യേക ഫണ്ടുകള്അനുവദിച്ചില്ല.
ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരും, കഴിഞ്ഞ 63 വര്‍ഷമായി നിരന്തരം പ്രവര്‍ത്തിക്കുന്ന വകുപ്പിലെ സംഘടനയായ, കേരള സ്റ്റേറ്റ് ഗവ.ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസേഴസ് അസോസിയേഷനും ആ ദൗത്യം ഏറ്റെടുത്തു. ഭേഷജം,അമൃതം,പുനര്‍ജനി തുടങ്ങിയ പ്രത്യേക ക്ലിനിക്കുകളിലൂടെ ആയുര്‍വേദ ഔഷധങ്ങള്‍ കൊവിഡ് രോഗികള്‍ക്ക് നല്കി. ഭേഷജത്തിലൂടെ 3,97,088 പേര്‍ക്കും, അമൃതം പദ്ധതിയിലൂടെ 8,09,756 പേര്‍ക്കും, പുനര്ജ്ജനിയിലൂടെ 5,24,774 പേര്‍ക്കും ഔഷധങ്ങള്‍ നല്കി. കഴിഞ്ഞ വര്‍ഷം മെയ് 21 മുതല്‍ ജൂലൈ 4 വരെ കൊവിഡിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്ക് ഔഷധം നല്‍കിയാണ് പ്രസ്തുത പഠനം നടത്തിയത്.
ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിച്ചവരില്‍ 0.34 ശതമാനംപേര്‍ക്കു മാത്രമാണ് നിരീക്ഷണ കാലയളവില്‍ കൊവിഡ് പോസിറ്റീവായത്. അവര്‍ക്കു തന്നെ പെട്ടെന്ന് രോഗശമനം ഉണ്ടാവുകയും അനുബന്ധ ബുദ്ധിമുട്ടുകളായ ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒന്നും അനുഭപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. കൊടുക്കുന്ന മരുന്നുകളില്‍ പ്രധാനപ്പെട്ട ഒന്ന് പനി , ചുമ, ശ്വാസം മുട്ടല്‍ , ഹൃദ്രോഗം എന്നിവയ്ക്ക് ഒരേപോലെ പ്രയോജനപ്പെടുന്ന ഒരു ഔഷധക്കൂട്ടാണ്. ഈ യോഗം (ഫോര്‍മുല) മനുഷ്യോല്പത്തിയോടൊപ്പം തന്നെ പഴക്കം ഉള്ള ഒരു ആയുര്‍വേദ ഔഷധമാണ്; സാധാരണ ജലദോഷത്തിനും ആയിരക്കണക്കിന് വര്‍ഷങ്ങളായി കൊടുത്തു വരുന്നതുമാണ്. കൊവിഡ് ചികിത്സയ്ക്ക് ഭേഷജം എന്ന പദ്ധതിയിലൂടെ 2020 ഡിസംബര്‍ ഒന്ന് മുതല്‍ 2021 ജനുവരി 15 വരെ മറ്റൊരു പഠനം കൂടി നടന്നു 9855 കൊവിഡ് രോഗികളില്‍ 95.87 ശതമാനം പേര്‍ക്കും മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ സുഖമായി. ആയുര്‍വേദ ഔഷധങ്ങളുടെ ഉപയോഗം മൂലം ഔഷധജന്യമായ പ്രതിപ്രവര്‍ത്തന പ്രശ്നങ്ങള്‍ ഒന്നും കണ്ടെത്താനായില്ല എന്നത് ഈ ഔഷധങ്ങളുടെ ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യയില്‍ രോഗികളുടെ മരണനിരക്ക് കുറയ്ക്കുന്നതിനു സഹായിച്ചതില്‍ ഏറ്റവും വലിയ ഘടകം ആയുഷ് ഇടപെടലുകള്‍ ആണ് എന്ന് തെളിയിച്ചിട്ടുണ്ട്. ഈ വിസ്മയകരമായ വിജയം, ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിട്ടുമുണ്ട്. ആയുര്‍വേദ രീതികളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയിലേക്ക് തിരിയുന്നതിന്റെ കാരണവും ഇതുതന്നെ. 80,000 ദില്ലി പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആയുഷ് മന്ത്രാലയം ഒരു പ്രൊഫൈല്‍ ആക്സസ് പഠനം നടത്തി. അവര്‍ക്ക് 2020 മെയ് 20 മുതല്‍ ജൂലൈ 19 വരെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആയുര്‍ രക്ഷാ കിറ്റുകള്‍ നല്കി. അവരെ ഒരു മാസത്തേക്ക് നിരീക്ഷിച്ചു. തല്‍ഫലമായി, കൊവിഡ് വ്യാപനം നാല് മടങ്ങ് കുറഞ്ഞുവെന്ന വിവരം ആയുഷ് മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. എയിംസിലെ 50 കിടക്കകളുള്ള ഒരു കൊവിഡ് കെയര്‍ സെന്റര്‍ ആയുഷ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ 250 കൊവിഡ് രോഗികളെ രണ്ടര മാസത്തിനുള്ളില്‍ സുഖപ്പെടുത്തി. ദേശീയ ശരാശരി അണുബാധ നിരക്കായ ആറ് ശതമാനത്തില്‍ നിന്ന് പൂജ്യമായി. ദില്ലിയിലെ കണ്ടെയ്ന്മെന്റ് സോണുകളിലുള്ള 30,000 പേരെക്കുറിച്ച് ആയുഷ് മന്ത്രാലയം നടത്തിയ മറ്റൊരു പഠനം കൊവിഡ് ചികിത്സയില്‍ ആയുര്‍വേദത്തിന്റെ വിസ്മയകരമായ ഫലപ്രാപ്തിയെ കാണിക്കുന്നുവെന്ന് ആയുഷ് മന്ത്രാലയം പറയുന്നു.
അശ്വഗന്ധ എന്ന ഔഷധം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിരുന്നു. കൂടുതല്‍ പഠനത്തിനായി ഇന്ത്യയും ബ്രിട്ടനും ചേര്‍ന്ന് സംയുക്ത ഗവേഷണത്തിന് ധാരണയായിട്ടുണ്ട്
ഈ പഠനങ്ങളില്‍ പലതിന്റെയും കണക്കുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ കേരള സര്‍ക്കാരിന് കിട്ടിയിരുന്നുവെങ്കിലും അവയെല്ലാം തീര്‍ത്തും അവഗണിക്കപ്പെട്ടു. കൊവിഡിന് എതിരെ ആയുര്‍വ്വേദം ഫലപ്രദമാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചു; പക്ഷെ ഇവിടെ കേരളത്തില്‍ വേണ്ട എന്ന സര്‍ക്കാര്‍ നയം മനുഷ്യര്‍ക്കുവേണ്ടിയോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: