കണ്ണൂര്‍: കേരളത്തിലെ 61 ഫുഡ് സേഫ്റ്റി ഓഫീസുകളില്‍ നടക്കുന്ന അഴിമതിയും അരാജകത്വവും വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയിട്ടും നടപടിയെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയതായി വിവരാവകാശ പ്രവര്ത്തകന് ലിയോനാര്‍ഡ് ജോണ്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഫുഡ് സേഫ്റ്റി യിലെ അഴിമതി, അരാജകത്വം എന്നിവയുമായി ബന്ധപ്പെട്ട വിജിലന്‍സ് റെയ്ഡ് റിപ്പോര്‍ട്ട് പൂഴ്ത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ സെക്രട്ടറി നേരിട്ട് ഹാജരാവാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കയാണ്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും നടപടി എടുക്കാത്തതിനെത്തുടര്‍ന്ന് അഡ്വ. അബ്ദുല്‍ റൗഫ് പള്ളിപ്പാത്ത് മുഖേന താന്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവെന്നും ലിയോനാര്‍ഡ് പറഞ്ഞു.
വിജിലന്‍സ് റെയ്ഡില്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന കാര്യം കോടതിക്ക് നേരിട്ട് ബോധ്യമായി. 2019 മെയ് 15നാണ് കേരളത്തിലെ 61 ഫുഡ് സേഫ്റ്റി ഓഫീസുകളില്‍ ഓപ്പറേഷന് ജനരക്ഷ എന്ന പേരില്‍ വിജിലന്‍സ് സംഘം ഒരേ സമയം റെയ്ഡ് നടത്തിയത്. പല ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ പണം കണ്ടു കെട്ടുകയും അരി, കുപ്പിവെള്ളം, പാക്കറ്റ് പാല്, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ സാമ്പിള്‍ എടുത്ത് അലമാരയില്‍ വര്‍ഷങ്ങളായി പൂട്ടി വെച്ചതും, ഗുണനിലവാരമില്ലാത്തതും കീടനാശിനികള്‍ കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന ചെയ്ത നിര്‍മ്മാതാക്കളുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യാത്തതും കണ്ടെത്തുകയും ഇത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അഞ്ചു ലക്ഷം പിഴ ഉറപ്പായ കേസുകളില്‍ ആയിരം രൂപ മാത്രം വാങ്ങി കേസ് അവസാനിപ്പിച്ചതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് താന്‍ ഒരു വര്‍ഷം മുമ്പ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ച മറുപടിയില്‍ വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചത് റിപ്പോര്‍ട്ട് തങ്ങള്‍ ആരോഗ്യ മന്ത്രിക്ക് കൈമാറിയിരുന്നുവെന്നും, പക്ഷെ, കുറ്റവാളികളായ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചില്ലെന്നുമാണ്. വിജിലന്‍സ് മാനുവല്‍ 2018 പ്രകാരം റെയ്ഡ് റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സര്‍ക്കാരിന് കൈമാറണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഫുഡ് സേഫ്റ്റി റെയ്ഡ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു വര്‍ഷം കഴിഞ്ഞാണ് കൈമാറിയത്. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറാത്തതു സംബന്ധിച്ച് താന്‍ വിവരാവകാശം വഴി നേരത്തെ പലതവണ ഇടപെടലുകള്‍ നടത്തിയിരുന്നു.
ഇത്രയും ഗുരുതര കണ്ടെത്തലുകളുണ്ടായിട്ടും ഒരു ഉദ്യോഗസ്ഥനെ പോലും സസ്പെന്‍ഡു ചെയ്യാന്‍ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. ഒരാള്‍ക്കെതിരെ പോലും നടപടിയുണ്ടായിട്ടില്ല. ഒരു നടപടിയും എടുക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചുവെന്നാണ് അറിയുന്നതെന്നും ലിയോനാര്‍ഡ് ജോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: