കൊച്ചി: കേരളത്തില്‍ കൊവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. എല്ലാം ജനങ്ങളുടെ തലയില്‍ വെച്ച് കൈകഴുകുകയാണ് മുഖ്യമന്ത്രി. കൊച്ചിയില്‍ നടന്ന നാഷണല്‍ ഹെല്‍ത്ത് വോളന്റിയേര്‍സിന്റെ സംസ്ഥാനതല ക്യാമ്പയിനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധം പൂര്‍ണമായും തകര്‍ന്നത് കേരളത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത നാഷണല്‍ ഹെല്‍ത്ത് വോളന്റിയേര്‍സിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ വേണ്ടത് സംസ്ഥാനത്തിനാണ്. പിണറായി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ എല്ലാം വെറും വാചക കസര്‍ത്ത് മാത്രമായിരുന്നു.
ഇന്ത്യയിലെ ആകെയുള്ള കോവിഡ് കേസുകളില്‍ 52 ശതമാനവും കേരളത്തിലാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇവിടെ 16 ശതമാനത്തിലെത്തി. ഈ മാസം അവസാനമാകുമ്പോഴേക്കും 20ല്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുപിയില്‍ പ്രതിദിന കേസുകള്‍ 100ല്‍ താഴെയാണെന്ന് ഓര്‍ക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം കൊവിഡിനെ പിടിച്ചുകെട്ടിയെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. അശാസ്ത്രീയവും അപക്വവുമായ പ്രതിരോധമാണ് സംസ്ഥാനത്തെ തകര്‍ത്തത്. വീഴ്ചകളില്‍ നിന്നും പാഠം പഠിക്കാതെ അതിനെ ന്യായീകരിക്കുന്നതാണ് സര്‍ക്കാരിന്റെ പ്രശ്നം.
ഏറ്റവും അധികം രോഗികളെ കണ്ടെത്തുന്നത് ഞങ്ങളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ ഇരട്ടി ടെസ്റ്റ് ദിനംപ്രതി നടത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് ഇത്രയും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി പറയണം. കേരളത്തില്‍ വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷനാണ് നടക്കുന്നത്. ഓണ്‍ലൈനില്‍ സ്ലോട്ട് കിട്ടാനില്ല. വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് വാക്സിന് ലഭിക്കുന്നത്. ക്വോറന്റയിന്‍ കാര്യത്തിലും കണ്ടയിന്മെന്റ് സോണുകളുടെ കാര്യത്തിലും ദേശീയ നയം പിന്തുടരാന് കേരളം തയ്യാറായില്ല.
പോപ്പുലേഷന്‍ ഡെന്‍സിറ്റിയാണ് കോവിഡിന് കാരണമെന്നാണ് കേരളം ഇപ്പോള്‍ പറയുന്നത്. രാജ്യത്തെ വന്‍ നഗരങ്ങളുമായി ഡെന്സിറ്റിയില് കേരളത്തെ താരതമ്യം ചെയ്യാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. മരണനിരക്ക് കുറച്ചുകാണിച്ചും ടെസ്റ്റുകളുടെ എണ്ണം കുറച്ചും തട്ടിപ്പ് നടത്തുകയായിരുന്നു ആരോഗ്യവിഭാഗം. എന്നാല്‍ ആരോഗ്യമന്ത്രി പറയുന്നത് കേന്ദ്രസംഘം കേരളത്തെ അഭിനന്ദിച്ചുവെന്നാണ്. എന്ത് കാര്യത്തിനാണ് കേരളത്തെ അഭിനന്ദിക്കേണ്ടതെന്ന് സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: