തൊടുപുഴ: കള്ളില്‍ കഞ്ചാവ് ചേര്‍ത്ത് വില്‍പ്പന നടത്തിയ സംഭവത്തില്‍ തൊടുപുഴ റേഞ്ചിന് കീഴിലുള്ള 25 ഷാപ്പുകള്‍ക്കെതിരെ എക്സൈസ് കേസ്. ഷാപ്പ് ലൈസന്‍സി, മാനേജര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത്.
2020 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ശേഖരിച്ച കള്ളിന്റെ സാമ്പിളുകളുടെ പരിശോധനാഫലം വന്നപ്പോഴാണ് കന്നാബിനോയ്ഡ് എന്ന രാസവസ്തുവിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. കാക്കനാട്ടെ ലാബില്‍ നിന്ന് ഇന്നലെ രാവിലെയാണ് പരിശോധനാഫലം വന്നതെന്നും പിന്നാലെ തന്നെ ഷാപ്പുകള്‍ക്കെതിരെ കേസെടുക്കുവാന്‍ ആരംഭിച്ചതായും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. സലീം ജന്മഭൂമിയോട് പറഞ്ഞു.
പാലക്കാട് നിന്ന് ഇവിടെ വില്‍പ്പനക്കായി കൊണ്ടുവന്ന കള്ളില്‍ ആണ് ഇത്തരത്തിലുള്ള പദാര്‍ത്ഥം കണ്ടെത്തിയത്. വിഷയത്തില്‍ ഓരോ ഷാപ്പുകള്ക്കുമെതിരെ കേസെടുത്ത ശേഷം എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കും. മറ്റ് നടപടികള്‍ക്കായി ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. കമ്മീഷണറുടെ ഉത്തരവ് ലഭിച്ച ശേഷം ലൈസന്‍സ് റദ്ദാക്കുന്നതും ഷാപ്പ് അടപ്പിക്കുന്നതടക്കമുള്ള നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചാവിന് ലഹരി കൊടുക്കുന്ന ടെട്രാഹൈഡ്രോ കനാബിനോള്‍ എന്ന രാസവസ്തുവാണ്. ഈ സംയുക്തത്തെ കന്നാബിഡിയോള്‍ അല്ലെങ്കില്‍ കന്നാബിനോയ്ഡ് എന്നാണ് പറയുന്നത്. കഞ്ചാവ് ഇലയുടെ നീരോ, ഇവ കിഴികെട്ടി കള്ളില്‍ ഇടുകയോ ഹാഷിഷ് ഓയില്‍ ഉപയോഗിച്ചോ ആണ് ഇവ കള്ളില്‍ ചേര്‍ക്കുക. സമാനമായി കോതമംഗലത്തെ 20ല്‍ അധികം ഷാപ്പുകളിലും ഇതോ രാസവസ്തു ചേര്‍ത്ത കള്ള് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം പാലക്കാട് നിന്നാകാം കള്ളില്‍ ലഹരി വസ്തു ചേര്‍ത്തെന്നാണ് സൂചന.
ജില്ലയില്‍ ഇതിന് മുമ്പും കള്ളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന വ്യാപകമായ നടന്നിട്ടുണ്ട്. ലൈസന്‍സിക്കെതിരെ നടപടി വരുമ്പോള്‍ ബിനാമികളെ ഉപയോഗിച്ച് വീണ്ടും ഷാപ്പ് ലേലത്തില്‍ പിടികൂടി നടത്തുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: