തൃശൂര്‍: കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ തുടരുകയാണെങ്കില്‍ ഓണവിപണി വന്നഷ്ടത്തിലാകുമെന്ന് വ്യാപാരികള്‍. ഓണത്തിന് അധികം ദിവസമില്ലെന്നിരിക്കേ സര്‍ക്കാരിന്റെ അശാസ്ത്രീയമായ നിബന്ധനകള്‍ കച്ചവടത്തെ വലിയ തോതില്‍ ബാധിക്കും. ഓണവിപണി സജീവമാകേണ്ട സമയത്ത് ഇറക്കിയ പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ കടകള്‍ തുറന്നെങ്കിലും ആളുകളുടെ തിരക്കില്ല. പോലീസ് പരിശോധനയും പിഴ ചുമത്തലും ഉണ്ടാകുമെന്ന് കരുതി കടകളിലേക്ക് വരാന്‍ ജനങ്ങള്‍ മടിക്കുകയാണ്. കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുമതി നല്‍കിയതിന്റെ ഗുണം നിലവില്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ എല്ലാദിവസവും കടകള്‍ തുറക്കുന്നത് കൊണ്ടുള്ള മെച്ചം കിട്ടൂകയുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു.
വാക്സിനെടുത്തവരെ മാത്രമേ കടകളില്‍ ജോലിക്ക് നിയമിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശവും വ്യാപാരികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പല കടകളിലെ ജീവനക്കാര്‍ ഇനിയും വാക്സിനെടുക്കാനുണ്ട്. ഇവര്‍ക്കൊന്നും ഇപ്പോള്‍ ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ഒന്നോ, രണ്ടോ ജീവനക്കാരുള്ള കടകളിലാണ് പ്രശ്നം കൂടുതലായും ബാധിച്ചിട്ടുള്ളത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നുള്ള പോലീസ് പരിശോധന ഇന്നലെയും കടകളിലുണ്ടായില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. പരിശോധനയ്ക്ക് പകരം കൊവിഡ് നിബന്ധനകളും കടയില്‍ പ്രവേശിക്കേണ്ടവരുടെ എണ്ണവും വ്യാപാര സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മാത്രമാണ് കടയുടമകളോട് പോലീസ് നിര്‍ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: