തിരുവനന്തപുരം: മാപ്പിള ലഹളയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ ചരിത്രസംഭവത്തെക്കുറിച്ചുള്ള ഇടത്- ഇസ്ലാമിക വീക്ഷണങ്ങളെ തിരുത്തുന്ന രണ്ട് പുസ്തകങ്ങളുമായി ഭാരതീയ വിചാരകേന്ദ്രം.
തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രമാണ് രണ്ട് പുസ്തകങ്ങള്‍ വിപണിയില്‍ ഇറക്കിയത്. ബി.എസ്. ഹരിശങ്കര്‍ എഴുതിയ “ബിയോണ്ട് റാംപേജ്: വെസ്റ്റ് ഏഷ്യന്‍ കോണ്ടാക്ട്സ് ഓഫ് മലബാര്‍ ആന്റ് ദി ഖിലാഫത്ത്” എന്നതാണ് ഒരു പുസ്തകം. കെ.സി. സുധീര്‍ ബാബു എഴുതിയ ‘മാപ്പിള കലാപം അംബേദ്കര്‍ അടയാളപ്പെടുത്തുമ്പോള്‍’ എന്നതാണ് രണ്ടാമത്തെ പുസ്തകം.
ഇതുവരെ പൊതുജനത്തിന് അറിയാത്ത വസ്തുതകളാണ് ഈ പുസ്തകങ്ങള്‍ പുറത്തു കൊണ്ടുവരുന്നത്. ഇടത് ചരിത്രകാരന്മാരും ഇസ്ലാമിക പണ്ഡിതന്മാരും വെള്ളപൂശാന്‍ ശ്രമിച്ച മാപ്പിള കലാപത്തിന്റെ നഗ്നമായ തിന്മകള് ഈ പുസ്തകങ്ങള്‍ വസ്തുതകള്‍ നിരത്തി പുറത്തുകൊണ്ടുവരുന്നു. സമ്പന്നരായ മാപ്പിളമാര്‍ രാഷ്ട്രീയ-ആശയ ലക്ഷ്യങ്ങളോടെ സാമ്പത്തികതാല്പര്യം വെച്ച് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ ഇടത് ചരിത്രകാരന്മാര് ശരിവെക്കുകയാണ് നിര്‍ഭാഗ്യവശാല്‍ ചെയ്തത്.
ഏറെ ഗവേഷണം ചെയ്തെഴുതിയ “ബിയോണ്ട് റാംപേജ്: വെസ്റ്റ് എഷ്യന്‍ കോണ്ടാക്ട്സ് ഓഫ് മലബാര്‍ ആന്റ് ഖിലാഫത്ത്” എന്ന പുസ്തകത്തില്‍ പോര്‍ച്ചുഗീസുകാരുടെ ഇന്ത്യയിലെ കോളനി സ്ഥാപിക്കല്‍, ഫ്രഞ്ചുകാരുടെ കോളനി സ്ഥാപിക്കല്‍, പടിഞ്ഞാറന്‍ തീരത്ത് മാപ്പിള മുസ്ലിങ്ങളുമായുള്ള ഏറ്റുമുട്ടല്‍, മുസ്ലിം പുരോഹിതന്മാരുടെ ക്രിസ്തീയ വിരുദ്ധ ഫ്തവാകള് പുറപ്പെടുവിക്കല്‍, ടിപ്പുവിന്റെ മലബാര്‍ ആക്രമണം, ഫ്രഞ്ചുകാരുമായുള്ള സഖ്യം, മലബാറില്‍ നിന്നുള്ള ഹിന്ദുക്കളുടെ കൂട്ടപ്പലായനം, ബ്രിട്ടീഷ് കോളനിശക്തിയുടെ തുടക്കം, ഖിലാഫത്ത്, 1920ലെ ഹേഗിയ സോഫിയ കത്തീഡ്രല്‍ പ്രശ്നം,1921ലെ സുന്നി മാപ്പിള കലാപം, ഹിന്ദുകൂട്ടക്കൊല എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകും.
ഭൂമിയില്ലാത്ത കര്‍ഷകരും വാടകക്കാരായ സുന്നി മാപ്പിളമാരും അല്ല 1921ലെ കലാപത്തിന് പിന്നിലെന്ന് ഹരിശങ്കര്‍ വാദിക്കുന്നു. തടിക്കച്ചവടക്കാരായ സമ്പന്ന മാപ്പിളമാരാണ് ഈ കലാപത്തിന് പിന്നിലെന്നും ഇത് ആസൂത്രിത അക്രമമായിരുന്നുവെന്നും ഹരിശങ്കര്‍ വിശദീകരിക്കുന്നു. ഖിലാഫത്ത് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധവും തെക്കേയിന്ത്യയില്‍ സുന്നി മാപ്പിളമാര്‍ ശക്തമായ സാമ്പത്തിക സമൂഹമാണെന്നും ഹരിശങ്കര്‍ എഴുതുന്നു. കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. അബ്ദുള്‍ സലാമാണ് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചത്.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: