ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന സെമിഫൈനലില്‍ ഇന്ത്യ ശക്തരായ അര്‍ജന്റീനയുമായി മാറ്റുരയ്‌ക്കും.
മൂന്ന് തവണ ഒളിമ്പിക് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സ് വനിതാ ഹോക്കി സെമിയിലെത്തുന്നത്. ദൃഡനിശ്ചയവും അര്‍പ്പണമനോഭാവവും കഠിനാദ്ധ്വാനവുമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം നേടിക്കൊടുത്തത്. ഈ പ്രകടനം ആവര്‍ത്തിച്ചാല്‍ അര്‍ജന്റീനയേയും ഇന്ത്യക്ക് മറികടക്കാം.
റാണി റാംപാല്‍ നയിക്കുന്ന ഇന്ത്യന്‍ ടീം തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം തുടരെതുടരെ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് സെമിയിലെത്തിയത്. പ്രാഥമിക ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ തോറ്റു. എന്നാല്‍ അവസാന രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പൂള്‍ എ യില്‍ നിന്ന് നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തു.
ലോക രണ്ടാം നമ്പറായ അര്‍ജന്റീന ശക്തമായ ടീമാണ്. അഞ്ചു വര്‍ഷം മുമ്പ് റിയോ ഒളിമ്പിക്‌സില്‍ കിരീടം നേടാന്‍ കഴിയാതെപോയ അവര്‍ ഇത്തവണ സ്വര്‍ണം നേടണമെന്ന വാശിയിലാണ്. 2000ലെ സിഡ്‌നി ഗെയിംസിലും 2012ലെ ലണ്ടന്‍ ഗെയിംസിലും വെള്ളി മെഡല്‍ നേടിയ ടീമാണ്.
2012 നുശേഷം ഇതാദ്യമായാണ് അര്‍ജന്റീന സെമിയിലെത്തുന്നത്. റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാക്കളായ ജര്‍മ്മനിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന അവസാന നാലില്‍ ഒന്നായത്.
സമീപകാല മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ അര്‍ജന്റീനയ്‌ക്ക് മികച്ച റെക്കോഡാണുള്ളത്. ഒളിമ്പിക്‌സിന് മുന്നോടിയായി ഇന്ത്യ ഈ വര്‍ഷം ആദ്യം അര്‍ജന്റീനയില്‍ പര്യടനം നടത്തിയിരുന്നു. ഇന്ത്യ അവിടെ ഏഴു മത്സരങ്ങള്‍ കളിച്ചു. അര്‍ജന്റീന യൂത്ത് ടീമിനെതിരായ രണ്ട് മത്സരങ്ങളില്‍ സമനില നേടി. എന്നാല്‍ അര്‍ജന്റീനയുടെ ബി ടീമിനെതിരെ രണ്ട് മത്സരങ്ങളിലും തോറ്റു. അര്‍ജന്റീനയുടെ സീനിയര്‍ ടീമിനെതിരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റു. ഒരു മത്സരം സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: