വാഷിംഗ്ടണ്‍: ലോകമെമ്പാടും ഇതുവരെ 42.4 ലക്ഷം പേരുടെ മരണത്തിന് കാരണമായ കൊറോണ വൈറസ് (സാര്‍സ് കോവ് 2) ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്ന് പുറത്തെത്തിയതാണെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി റിപ്പോര്‍ട്ട്. 2019 സപ്തംബര്‍ 12ന് മുമ്പാണ് വുഹാന്‍ ലാബില്‍ നിന്നും മനുഷ്യരാശിക്കാകെ നാശം വിതച്ച കൊറോണ വൈറസ് ചോര്‍ന്ന് പുറത്തെത്തിയതെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ മൈക്കേള്‍ മക് കോള്‍ പറയുന്നു.
കൊറോണവൈറസിന്റെ പൊട്ടിപ്പുറപ്പെടല്‍ വിരല്‍ചൂണ്ടുന്നത് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ലാബ് ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ച് എല്ലാം മറച്ചുവെക്കാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്റായ ഷീ ജിന്‍പിംഗ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
യാദൃച്ഛികമായാണ് വുഹാനിലെ വൈറോളജി ലാബില്‍ നിന്നും 2019 സപ്തംബര്‍ 12ന് മുമ്പ് വൈറസ് പുറത്ത് ചാടിയത്. കൊറോണ വൈറസ് കൃത്രിമമായി ജനിതകമാറ്റം വരുത്തിയ വൈറസാണ്. ഈ വൈറസിനെ ചൈനയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് 2012നും 2015നും ഇടയില്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ഗുഹയില്‍ നിന്നാണ്. കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള വിവരങ്ങള്‍ തമസ്കരിക്കാനാണ് വൈറോളജി ലാബിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ശാസ്ത്രജ്ഞര്‍ ശ്രമിച്ചത്.
‘കൊറോണ വൈറസ് ചോര്‍ന്നെന്ന് മനസ്സിലാക്കിയതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥരും വുഹാന്‍ വൈറോളജി ലാബിലെ ശാസ്ത്രജ്ഞരും ചേര്‍ന്ന് ഇത് തിരക്കിട്ട് മറയ്ക്കുകയായിരുന്നു. വൈറസ് സംബന്ധിച്ച ഡേറ്റബേസ് രാത്രി തന്നെ അവര്‍ ഓണ്‍ലൈനില്‍ നിന്നും മാറ്റി. പക്ഷെ അപ്പോഴേക്കും വൈറസ് വുഹാനില്‍ പരന്ന് കഴിഞ്ഞിരുന്നു,’ പ്രധാന റിപ്പബ്ലിക്കന്‍ പാര്‍ട്ടിപ്രതിനിധിയും വിദേശകാര്യസമിതി പ്രതിനിധിയുമായ മക് കോള്‍ പറഞ്ഞു.
‘2019 ജൂലായില്‍ 15 ലക്ഷം ഡോളറിന്റെ സഹായം വുഹാനിലെ ലാബ് ആവശ്യപ്പെട്ടിരുന്നു. അപകടകമരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം മെച്ചപ്പെടുത്താനും പരിസ്ഥിതി വായു അണുനാശിനി സംവിധാനം സ്ഥാപിക്കാനും വേണ്ടിയാണ് ഈ തുകയെന്നായിരുന്നു ലാബിന്റെ ആവശ്യം. വാസ്തവത്തില്‍ ലാബില്‍ നിന്നും ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നുവെന്നുറപ്പുവരുത്താനായിരുന്നു ഈ പുതിയ ആവശ്യം,’ മക് കോള്‍ പറഞ്ഞു. അതുവരെ രണ്ട് വര്‍ഷമായി ഈ ലാബ് പ്രവര്‍ത്തിച്ചിരുന്നത് ഇത്തരം സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ്.
ഉപഗ്രഹ ചിത്രങ്ങളും ജിയോ മാപ്പിംഗ് ചെയ്ത രഹസ്യവിവരങ്ങളും കാണിക്കുന്നത് വുഹാനിലെ ആശുപത്രികളിലേക്ക് 2019 സപ്തംബര്‍ മുതല്‍ രോഗികളുടെ വലിയ ഒഴുക്കുണ്ടായിരുന്നു എന്നാണ്. കോവിഡ് 19 രോഗബാധ മൂലമായിരുന്നു ഇത്രയും രോഗികള്‍ വുഹാനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അവിടെ ആയിടെ നടന്ന മിലിറ്ററി വേള്‍ഡ് ഗെയിംസില്‍ പങ്കെടുത്ത അത്ലറ്റുകളെ കോവിഡ് 19 ന് സമാനമായ ലക്ഷണങ്ങളാല്‍ രോഗബാധയോടെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നതായും മക് കോള്‍ പറയുന്നു. ഇതില്‍ പങ്കെടുത്ത പലരും അവരവരുടെ രാജ്യത്തേക്ക് കൊറോണ വൈറസിനെയും വഹിച്ചാണ് പിന്നീട് എത്തിയത്.
എന്നാല്‍ 42,47,960 പേര് മരിച്ചിട്ടും ഈ സത്യം മറച്ചുപിടിക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തായാലും ഇതിന് ഉത്തരവാദികളായവരെ ശിക്ഷിച്ചേ മതിയാവൂ എന്നും മക് കോള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: