മക്കളേ,
ആദ്ധ്യാത്മികത ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ എന്നു പലരും ചോദിക്കാറുണ്ട്. ആദ്ധ്യാത്മികത ഒരിക്കലും ഒളിച്ചോട്ടമല്ല. ഒളിച്ചോട്ടം ഭീരുക്കളുടെ മാര്‍ഗ്ഗമാണ്. ആദ്ധ്യാത്മികത ധീരന്മാരുടെ പാതയാണ്. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും തളരാതിരിക്കാനും ഏതു സാഹചര്യത്തിലും സന്തോഷവും സംതൃപ്തിയും നിലനിര്‍ത്താനും പഠിപ്പിക്കുന്ന ശാസ്ര്തമാണ് ആദ്ധ്യാത്മികത. ജീവിതത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുവാനും ജീവിതത്തോടു ശരിയായ കാഴ്ചപ്പാട് പുലര്‍ത്താനും അതു സഹായിക്കുന്നു. ആദ്ധ്യാത്മികത മനസ്സിന്റെ വിദ്യയാണ്, മനസ്സിന്റെ മാനേജ്‌മെന്റാണ്. മനസ്സും ചിന്തകളും നമ്മുടെ നിയന്ത്രണത്തിലല്ലെങ്കില്‍ ജീവിതം അവതാളത്തിലാകും. ആദ്ധ്യാത്മികതയിലൂടെ മനസ്സിന്റെ റിമോട്ട് കണ്‍ട്രോള്‍ നമ്മുടെ കയ്യില്‍ കൊണ്ടുവരാന്‍ സാധിക്കുന്നു.
ആത്മീയത എന്നാല്‍ താനാരെന്നും ജീവിതം എന്തിനെന്നും ഉള്ള അന്വേഷണമാണ്. അത് അവനവന്റെ ഉള്ളിലേയ്‌ക്കുള്ള തിരിഞ്ഞുനോട്ടമാണ്. ആത്മീയതയിലൂടെ ലോകത്തിന്റെയും ലോകവസ്തുക്കളുടെയും ശരിയായ സ്വഭാവംതിരിച്ചറിയാന്‍ കഴിയുന്നു.ഇന്നു നമ്മള്‍ ലോകവസ്തുക്കളിലാണ് ആനന്ദം എന്നു കരുതുന്നു. അങ്ങനെയാണെങ്കില്‍ അവയെ സ്വന്തമാക്കിയാല്‍പ്പിന്നെ പൂര്‍ണ്ണമായി തൃപ്തിയടയേണ്ടതല്ലേ. എന്നാല്‍, വിമാനവും, കപ്പലും, കൊട്ടാരവും സ്വന്തമായുള്ള കോടീശ്വരന്മാര്‍പോലും ടെന്‍ഷനും ദുഃഖവും കൊണ്ടു വലയുന്നതു കാണാം.
ബാഹ്യമായ സുഖസൗകര്യങ്ങളല്ല ആന്തരികമായ മനോഭാവവും അറിവുമാണ് യഥാര്‍ത്ഥ ശാന്തിയുടെയും സംതൃപ്തിയുടെയും അടിസ്ഥാനം. ഒരു ഗ്രാമത്തില്‍ അടുത്തടുത്തുള്ള രണ്ടു കുടിലുകളിലായി രണ്ടു കുടുംബങ്ങള്‍ താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു വീട്ടിലെ ഗൃഹനാഥന്‍ പണം സ്വരൂപിച്ച് നല്ലൊരു വീടു വെച്ചു. അപ്പോള്‍ അയല്‍ക്കാരന് വലിയ ദുഃഖമായി. “അവന് വീടായല്ലോ, ഞാനിപ്പോഴും കുടിലിലല്ലേ താമസിക്കുന്നത്’ എന്നിങ്ങനെ ആലോചിച്ച് വിഷമിച്ചു. പിന്നീട് അയാള്‍ കഷ്ടപ്പെട്ട് പണിയെടുത്ത് കുറച്ചു പണം സമ്പാദിച്ചു. കുറച്ചു തുക വായ്പയും വാങ്ങി. അങ്ങനെ അയാളുംഒരു വീടു വെയ്‌ക്കാനുള്ള ശ്രമം തുടങ്ങി. ഓരോ പൈസ ഉണ്ടാക്കുമ്പോഴും വീടു വയ്‌ക്കുന്നതിനെക്കുറിച്ചും, വീടു പണിതശേഷം വളരെ സന്തോഷത്തോടെ അവിടെ താമസിക്കുന്നതിനെക്കുറിച്ചുമുള്ള കിനാവുകള്‍ കണ്ടുകൊണ്ടിരുന്നു. വീടിന്റെ പണി പൂര്‍ത്തിയായപ്പോള്‍ അയാള്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി. ബന്ധുമിത്രാദികളെ വിളിച്ചുവരുത്തി സദ്യ നല്കി. സന്തോഷമായി പുതിയ വീട്ടില്‍ താമസം തുടങ്ങി. കുറച്ച് മാസങ്ങള്‍ അങ്ങിനെ കടന്നുപോയി. എന്നാല്‍ ദുഃഖം വീണ്ടും അയാളെ പിടികൂടി. അയാള്‍ വിഷമിച്ചിരിക്കുന്നതുകണ്ട്, ഇപ്പോള്‍ നീയെന്തിനാ വിഷമിച്ചിരിക്കുന്നതെന്ന്, ആരോ ചോദിച്ചു. അയാള്‍ പറഞ്ഞു, ‘അതോ, അയല്‍ക്കാരന്‍ വീട് എയര്‍ കണ്ടീഷന്‍ ചെയ്തു, തറയൊക്കെ മാര്‍ബിള്‍ ചെയ്തു. എന്റെ വീടു കണ്ടോ. ഇതെന്തിനുകൊള്ളാം’.
നേരത്തെ ഏതു വീടു കണ്ട് അയാള്‍ സന്തോഷിച്ചിരുന്നുവോ, ഇപ്പോള്‍ അതു കാണുന്നതും അതില്‍ താമസിക്കുന്നതും എല്ലാം അയാള്‍ക്കു ദുഃഖമായി. ലോകവസ്തുക്കളിലല്ല ആനന്ദം എന്നാണ് ഇതു തെളിയിക്കുന്നത്. വാസ്തവത്തില്‍ ആനന്ദം നമ്മുടെ മനസ്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്. സംഘര്‍ഷങ്ങളടങ്ങി മനസ്സ് ശാന്തമാകുമ്പോള്‍ യാതൊരു പ്രയത്‌നവും കൂടാതെതന്നെ നമുക്ക് ആനന്ദം അനുഭവിക്കാന്‍ സാധിക്കും. വീട് എല്ലാ സൗകര്യങ്ങളും തികഞ്ഞതാണെങ്കിലും ഭാര്യയും ഭര്‍ത്താവും ദിവസവും വഴക്കാണെങ്കില്‍, അവര്‍ തമ്മില്‍ ചേര്‍ച്ചയില്ലെങ്കില്‍പ്പിന്നെ ആ വീട് നരകതുല്യമാണ്.
സന്തോഷത്തിന്റെ രഹസ്യം എന്തെന്ന് നമ്മള്‍ മനസ്സിലാക്കിയാല്‍ അന്ധമായി ഭൗതികതയുടെ പിന്നാലെ പോവുകയില്ല. ആദ്ധ്യാത്മികത ഉള്‍ക്കൊള്ളുമ്പോള്‍ സന്തോഷത്തിന്റെ രഹസ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു, സഹജീവികളെ തന്നെപ്പോലെ കാണാന്‍ കഴിയുന്നു. തനിക്ക് അത്യാവശ്യമുള്ളതില്‍ കവിഞ്ഞുള്ളത് ഇല്ലാത്തവരുമായി പങ്കുവെയ്‌ക്കുന്നു. മറ്റുള്ളവരെ മനസ്സു തുറന്ന് സ്‌നേഹിക്കാനും സേവിക്കാനും തയ്യാറാകുന്നു. എന്തിനെയും നേരിടാനുള്ള മനഃശക്തിയും ലോകത്തോടുള്ള കാരുണ്യവും ചേരുന്നതാണ് യഥാര്‍ത്ഥ ധീരത. അതാണ് ആദ്ധ്യാത്മികതയുടെ സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: