കോഴിക്കോട് : നിയമസഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം. പരസ്യ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെയാണ് നടപടി. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ കെ.കെ. ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെ.പി. ബാബുരാജ് എന്നിവരെയാണ് പുറത്താക്കിയത്. ഊരത്ത് സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി. ഷിജിലിനെയും പുറത്താക്കിയിട്ടുണ്ട്്.
ഇത് കൂടാതെ വളയം, കുറ്റ്യാടി ലോക്കല്‍ കമ്മിറ്റികളിലെ ഏഴ് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പാര്‍ട്ടി താക്കീത് നല്‍കി.
പ്രക്ഷോഭവുമായി രംഗത്തിറങ്ങിയവരെ പിന്തിരിപ്പിക്കുന്നതിന് പകരം പരസ്യ പിന്തുണ നല്‍കി പ്രതിഷേധം നടത്തിയെന്നാണ് പാര്‍ട്ടി വിലയിരുത്തലിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിപിഎം നേതാവ് കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിച്ചുമതല വഹിക്കുന്നവര്‍ ഉള്‍പ്പടെ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി കുറ്റ്യാടി ലോക്കല്‍ കമ്മറ്റി പൂര്‍ണമായും പിരിച്ചുവിട്ടു.
കേരള കോണ്‍ഗ്രസ്സിന് നല്‍കിയ നിയമസഭാ സീറ്റ് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ആയിരത്തണക്കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തുടര്‍ന്ന് സിപിഎം സീറ്റ് തിരിച്ചു പിടിച്ച് കുഞ്ഞഹമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും പാര്‍ട്ടി നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: