മങ്കൊമ്പ്: കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് ധനസഹായം വൈകാനിടയാക്കിയത് സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കാത്തതിനാല്‍. കേന്ദ്രസര്‍ക്കാര്‍ കൃത്യമായി അനുവദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയായിരുന്നു.
2019-20-ല്‍ ജില്ലയിലെ 41 തദ്ദേശസ്ഥാപനങ്ങളില്‍നിന്നു പതിനായിരത്തോളം കര്‍ഷകരാണു പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയിലൂടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരിക്കുന്നത്. കര്‍ഷകരുടെ പ്രീമിയത്തോടൊപ്പം കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍കൂടി ചേര്‍ത്താണ് ഇന്‍ഷുറന്‍സ് തുക നല്‍കുന്നത്. കേന്ദ്രവിഹിതം കഴിഞ്ഞ ഒക്ടോബറില്‍ അനുവദിച്ചിരുന്നു. എന്നാല്‍, സംസ്ഥാനവിഹിതം അനുവദിച്ചില്ലെന്ന പേരില്‍ ഇന്‍ഷുറന്‍സ് തുക നല്‍കേണ്ട കമ്പനി കര്‍ഷകരുടെ അക്കൗണ്ടില്‍ പണമടച്ചില്ല. ഇതാണ് വര്‍ഷം രണ്ടായിട്ടും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതിരുന്നത്.
കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ കടക്കെണിയിലായതോടെ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനവിഹിതമായ 25 കോടിരൂപ അനുവദിക്കുയായിരുന്നു. ഇതോടെ 4,816 കര്‍ഷകര്‍ക്ക് 8.23 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 16 തദ്ദേശസ്ഥാപനങ്ങളിലെ കര്‍ഷകര്‍ക്കാണു തുകയനുവദിച്ചത്. എന്നാല്‍, പണം അക്കൗണ്ടിലെത്താന്‍ ഒരാഴ്ചകൂടി വൈകാനാണ് സാദ്ധ്യത.ഇതില്‍ 25 തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ആറായിരത്തില്‍പ്പരം കര്‍ഷകര്‍ക്കു പണം അനുവദിച്ചിട്ടില്ല. ഒരാഴ്ചയ്‌ക്കുള്ളില്‍ ഇതും അനുവദിക്കുമെന്നാണു വിവരം. ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്‍ഷുറന്‍സ് തുക വിതരണംചെയ്‌തെങ്കിലും ജില്ലയിലെ കര്‍ഷകര്‍ക്കു തുക ലഭിച്ചില്ല. 2020ല്‍ വിതരണംചെയ്യേണ്ട നഷ്ടപരിഹാരമാണ് വൈകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: