കവിതയും ഗാനങ്ങളും ചിത്രമെഴുത്തും വഴങ്ങും ഈ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ക്ക്. കോഴിക്കോട് സിറ്റി പോലീസ് കണ്ട്രോള് റൂംസബ്ഇന്പെക്ടര് പ്രേംദാസ് ഇരുവള്ളൂര്‍ പത്തോളം സിനിമകള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്. മിനി സ്ക്രീനിലെ ജനപ്രിയ സീരിയലുകള്‍ക്ക് വേറെയും. പോലീസ് ജോലിത്തിരക്കിനിടയിലും എഴുത്തിനെ തടവിലിടാതെ കാക്കുകയാണ് പ്രേംദാസ്.
നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് ടൈറ്റില്‍ സോങ് ഒരുക്കുകയും നൂറിലധികം കവിതകള്‍ രചിക്കുകയും ചെയ്ത ഇദ്ദേഹം കേരള പോലിസിന്റെ ഫൊറന്‍സിക് ആര്‍ട്ടിസ്റ്റും ക്രിമിനോളജിസ്റ്റും കൂടെയാണ്. എന്റെ മാനസപുത്രി, പുനര്ജന്മം തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലെ ടൈറ്റില്‍ സോങ്ങുകള്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെയാണ് ഇദ്ദേഹം ജനശ്രദ്ധ ആകര്‍ഷിക്കുന്നത്.
അകാലത്തില്‍ പൊലിഞ്ഞ സംഗീത സംവിധായകന് ബാലഭാസ്കറിന്റെ കൂടെ 2007ലാണ് പ്രേമദാസിന്റെ മിനിസ്ക്രീനിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. തുടര്‍ന്ന് മലയാള ചലച്ചിത്രത്തിലെ പ്രശസ്തരായ സംഗീത സംവിധായകരുടെ കൂടെ പത്തോളം സിനിമകള്‍ക്ക് അദ്ദേഹം പാട്ടെഴുതി.
സംഗീത സംവിധായകരായ മോഹന്‍ സിത്താര, അലക്സ് പോള്‍ തുടങ്ങിയവര്‍ പ്രേംദാസിന്റ വരികള്‍ക്ക് ഈണമിട്ടിട്ടുണ്ട്. ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ സിത്താരയുടെ ഈണത്തില്‍ പ്രേംദാസ് രചിച്ച ‘മാനത്തെ മുല്ലക്ക് ഇന്നല്ലോ കല്യാണം’ എന്ന ഗാനം വളരെ പെട്ടെന്നു തന്നെ ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. ബ്രേക്കിങ് ന്യൂസ് ലൈവ്, യൂണിവേഴ്സ് ലവിങ്ലി, ഒമ്പതാം വളവിനപ്പുറം, കുട്ടിക്കളിയല്ല കല്യാണം, പെരുംകൊല്ലന്‍, വഴിപോക്കന്, മനോഹരന്റെ ലോകം, ആനന്ദകല്യാണം തുടങ്ങിയ ചിത്രങ്ങളിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. ആനന്ദ കല്യാണം റിലീസിനൊരുങ്ങുന്ന സിനിമയാണ്.
ഇതിലെ കള്ളെടുക്കടി കറിയെടുക്കെടി… എന്ന ഗാനം ഇപ്പോള്‍ തന്നെ ജനശ്രദ്ധ പിടിച്ചു കഴിഞ്ഞു. കൂടാതെ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള തിരക്കഥയുടെ പണിപ്പുരയിലാണ് പ്രേംദാസ്. എം.ജി.ശ്രീകുമാര്‍, ചിത്ര, രാകേഷ് ബ്രഹ്മാനന്ദന്, ഫ്രാങ്കോ, റിമിടോമി, മഞ്ജരി, ജോത്സന, പാര്‍വതിമേനോന്‍, പ്രിയ എന്നിവര്‍ വിവിധ സിനിമകളിലായി പ്രേംദാസിന്റെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ശ്രീകൃഷ്ണ ഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
നല്ലൊരു ചിത്രകാരനായ പ്രേംദാസ് നിരവധി എക്സിബിഷനുകള്‍ കേരളത്തിലും പുറത്തും നടത്തിയിട്ടുണ്ട്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്റെ ചുമരുകളെ മനോഹരമാക്കിയ ജനമൈത്രി ചിത്രം വരച്ചത് ഇദ്ദേഹമാണ്. കൂടാതെ പത്രങ്ങളില്‍ കാരിക്കേച്ചര്‍ പംക്തിയും കൈകാര്യം ചെയ്തിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികന് കൂടിയാണ്. ചേളന്നൂര്‍ എസ്എന്‍ കോളജിലെ പഠനത്തിനുശേഷം കുറച്ചു നാള് ആന്ധ്രപ്രദേശിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചിത്രകലാ അധ്യാപകനായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് തിരിച്ച് നാട്ടില്‍ എത്തിയാണ് പോലീസില്‍ ജോലി ലഭിച്ചത്. മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പിന്തുണയാണ് തന്റെ ഗാനരചനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നു. ഗാന രചനയിലും ചിത്ര കലയിലും നിരവധി പുരസ്കാരം നേടിയ ഇദ്ദേഹം ചിത്രകലയിലും ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കുടാതെ രണ്ട് വിഷയങ്ങളെ സംബന്ധിച്ച് ഒരു ഗവേഷണവും അദ്ദേഹം ചെയ്യുന്നുണ്ട്. ചിത്രരേഖ ആര്‍ട്ട് കള്‍ച്ചറല്‍ അക്കാദമി എന്ന ചിത്രകലാ സ്ഥാപനത്തിന്റെ ഡയറക്ടര്‍ എം.വിജിയാണ് ഭാര്യ.
മക്കള്‍: പ്രേംജിത്ത്, കൃഷ്ണജിത്ത്. പോലീസ് ജോലിക്കൊപ്പം എഴുത്തും വരയും വിടാതെ നോക്കുകയാണ് ഈ യുവ കലാകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: