കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്റെ കാരണങ്ങള്‍ വിവരിച്ച് സിപിഎം ബംഗാള്‍ ഘടകം തയാറാക്കിയ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയില്‍. ഇടതു ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ല. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി അന്യവല്ക്കരിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഇടതുപക്ഷവും സംയുക്ത മോര്‍ച്ചയും നേരിട്ടത് വന്‍ ദുരന്തമാണ് നേരിട്ടത്. തൃണമൂലിന്റേയും ബിജെപിയുടേയും പ്രചരണങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനായില്ല. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.
കോണ്‍ഗ്രസും തീവ്ര മുസ്ലീം സംഘടനയായ ഐഎസ്എഫുമായി ചേര്‍ന്നാണ് സിപിഎം തെരഞ്ഞെടുപ്പ് നേരിട്ടത്. ഐഎസ്എഫ് ഒരു സീറ്റ് നേടിയെങ്കിലും കോണ്‍ഗ്രസിനും സിപിഎമ്മിനും സീറ്റുകളൊന്നും നേടാനായില്ല. കഴിഞ്ഞ സഭയില്‍ സിപിഎമ്മിന് 26 ഉം കോണ്‍ഗ്രസിന് 44 സീറ്റുമാണ് ഉണ്ടായിരുന്നത്.
2016 തെരഞ്ഞെടുപ്പില്‍ 19.75 ശതമാനം വോട്ടുനേടിയ സിപിഎമ്മിന് ഇത്തവണ 4.73 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. 12.25 ശതമാനം വോട്ടുകള്‍ കൈയ്യടക്കിവെച്ചിരുന്ന കോണ്‍ഗ്രസിന്റെ ജനപിന്തുണ 2.92 ശതമാനമായി കുറഞ്ഞു.
കേവലം 10.16 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയ്ക്ക് 38.13 ശതമാനം വോട്ടാണ് 2021 തെരഞ്ഞെടുപ്പില്‍ നേടാനായത്. മൂന്നില്‍ നിന്നും സീറ്റുനില 77 ലേയ്ക്ക് എത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: