മ്യൂണിക്ക്: റോബര്‍ട്ടോ മന്‍സിനിയുടെ അസൂറിപ്പട യൂറോ 2020 ല്‍ തേരോട്ടം തുടരുന്നു. ലോക ഒന്നാം നമ്പര്‍ ബെല്‍ജിയത്തെ മുക്കി അവര്‍ സെമിഫൈനലിലേക്ക് കുതിച്ചുകയറി. മ്യൂണിക്കില്‍ അരങ്ങേറിയ ത്രില്ലര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി വിജയം നേടിയത്. ലോറന്‍സോ ഇന്‍സൈനും നിക്കോളോ ബരേല്ലയുമാണ് ഇറ്റലിക്കായി ഗോളുകള്‍ നേടിയത്. ബെല്‍ജിയത്തിന്റെ ആശ്വാസ ഗോള്‍ റൊമേലു ലുകാകുവിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ചൊവ്വാഴ്ച ലണ്ടനിലെ വെംബ്ലയില്‍ നടക്കുന്ന സെമിഫൈനലില്‍ ഇറ്റലി സ്‌പെയിനെ നേരിടും.
ഇറ്റലി മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് ബെല്‍ജിയത്തെ വീഴ്‌ത്തിത്. മേജര്‍ ടൂര്‍ണമെന്റുകളില്‍ ബെല്‍ജിയത്തിനെതിരെ ഇത് അഞ്ചാം തവയാണ് ഇറ്റലി തോല്‍വി അറിയാതെ മുന്നേറുന്നത്.
വിവിധ ടൂര്‍ണമെന്റുകളിലായി ഇറ്റലിയുടെ തുടര്‍ച്ചയായ പതിമൂന്നാം വിജയമാണിത്. ഇതോടെ തോല്‍വിയറിയാതെ കുതിക്കുന്ന ഇറ്റലിയുടെ റെക്കോഡ് 32 മത്സരങ്ങളായി.
ബെല്‍ജിയം ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്നത്. 2016 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ പുറത്തായി ബെല്‍ജിയം 2018 ലോകകപ്പിന്റെ സെമിയിലും വീണു.
ഇറ്റലിയുടെ തുടക്കം ഗംഭീരമായിരുന്നു. തുടരെത്തുടരെ അവര്‍ ബെല്‍ജിയം ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തി. പതിമൂന്നാം മിനിറ്റില്‍ പന്ത് വലയിലാക്കുകയും ചെയ്തു. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. ഒരു ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് ലിയനാര്‍ഡോ ബൊണൂസിയാണ് ബെല്‍ജിയത്തിന്റെ ഗോള്‍ വലിയിലേക്ക് അടിച്ചുകയറ്റിത്. ഇറ്റാലിയന്‍ താരങ്ങള്‍ ആഘോഷം തുടങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
പ്രത്യാക്രമണം നടത്തിയ ബെല്‍ജിയം തൊട്ടുപിന്നാലെ ഗോള്‍ നേടിയെന്ന് തോന്നി. പക്ഷെ ഇറ്റാലിയന്‍ ഗോളി അവര്‍ക്ക് വിലങ്ങുതടിയായി. പരിക്കില്‍ നിന്ന് മോചിതനായ കളിക്കളത്തിലിറങ്ങിയ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയിന്‍ ഗോള്‍ ലക്ഷ്യംവച്ച് തൊടുത്തുവിട്ട ഷോട്ട് ഇറ്റാലിയാന്‍ ഗോളി ഗിയാന്‍ലുഗി ഒറ്റക്കൈകൊണ്ട് രക്ഷപ്പെടുത്തി.
മുപ്പത്തിയൊന്നാം മിനിറ്റില്‍ ഇറ്റലി ലീഡ് സ്വന്തമാക്കി. പന്തുമായി ബോക്‌സിനുള്ളിലേക്ക് കുതിച്ച ബരേല്ല രണ്ട് ബെല്‍ജിയം താരങ്ങളെ കബളിപ്പിച്ച് പന്ത് വലയിലേക്ക് അടിച്ചുകയറ്റി. ഈ ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ പത്താം ഗോളാണിത്. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ഇറ്റലി വീണ്ടും ഗോള്‍ അടിച്ചു. ഇത്തവണ ഇന്‍സൈനാണ് ലക്ഷ്യം കണ്ടത്. ബോക്‌സിന് പുറത്ത് നിന്നുള്ള ഇന്‍സൈന്റെ ഷോട്ട് കറങ്ങികറങ്ങി ബെല്‍ജിയത്തിന്റെ വലയില്‍ കയറി.
ഇറ്റാലിയന്‍ ആരാധകരുടെ ആരവം അവസാനിക്കുന്നതിന് മുമ്പ് ബെല്‍ജിയം ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ റൊമേലു ലുകാകുവാണ് പെനല്‍റ്റിയിലൂടെ ഗോള്‍ മടക്കിയത്. ബോക്‌സിന് അകത്ത്് ബെല്‍ജിയം താരം ജെര്‍മി ഡോക്കുവിനെ വീഴ്‌ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി ബെല്‍ജിയം തകര്‍ത്തുകളിച്ചു. തുടക്കത്തില്‍ തന്നെ ലുകാകു ഗോളിന് അടുത്തെത്തി. എന്നാല്‍ ലുകാകുവിന്റെ മിന്നുന്ന ഷോട്ട്് ലിയനാര്‍ഡോ സ്പിനാസോലലോ ഗോള്‍ ലൈനില്‍ നിന്ന്് രക്ഷപ്പെടുത്തി. ഏഴുപതാം മിനിറ്റിലും ലുകാകു അവസരം നഷ്ടമാക്കി. പകരക്കാരനായി ഇറങ്ങിയ ഡ്രീസ് മെര്‍ട്ടന്‍സ് എടുത്ത കോര്‍ണര്‍ കിക്കില്‍ ലുകാകു ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് നേരിയ വ്യത്യാസത്തിന് പുറത്തക്ക് പോയി.
അവസാന നിമിഷങ്ങളില്‍ ഗോള്‍ അടിക്കാനായി ലുകാകുവും ജെര്‍മി ഡോക്കും തകര്‍ത്തുകളിച്ചെങ്കിലും ഇറ്റലിയുടെ പ്രതിരോധനിര അവരുടെ നീക്കങ്ങളൊക്ക ഫലപ്രദമായി തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: