തിരുവനന്തപുരം/പേട്ട: ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ വെട്ടിയ കേസില്‍ ഡിവൈഎഫ്ഐക്കാരായ പ്രതികള്‍ പിടിയിലായി. വഞ്ചിയൂര്‍ പണ്ടാരവിളാകം ക്ഷേത്രത്തിന് സമീപം ടിസി 27/577 ല്‍ കൊച്ചു രാജേഷ് എന്ന രാകേഷ് ഏലിയാസ് (28), കണ്ണമ്മൂല കുളവരമ്പില്‍ വീട്ടില്‍ പ്രവീണ്‍ (25), പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ച പട്ടം ടിപിഎസ് നഗറില്‍ ഷിജു (25), നെടുമങ്ങാട് കരിപ്പൂര്‍ പുലിപ്പാറ ഭദ്രകാളി ക്ഷേത്രത്തിന് സമീപം സുനിത ഭവനില്‍ വാടകയ്ക്ക് താമസം അഭിജിത്ത് (25) എന്നിവരാണ് പേട്ട പോലീസിന്റെ പിടിയിലായത്. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ രവി യാദവ്, ജസ്വന്ത് എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.
പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രമാക്കിയുള്ള അന്വേഷണത്തില്‍ പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ചവരെ ആദ്യം പിടികൂടുകയായിരുന്നു. തുടര്‍ന്ന് മുഖ്യ കണ്ണികളായ രാകേഷ് ഏലിയാസിനെ കൊല്ലത്തെ തവളക്കുഴി കോളനിയില്‍ നിന്നും പ്രവീണിനെ ശ്രീകാര്യം മണ്‍വിള എന്‍ജിനീയറിംഗ് കോളേജിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. സംഭവശേഷം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന വിവരം പുറത്തായതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. സഹായി ഷിജു, രാകേഷിനെ തിരുവല്ലത്ത് എത്തിക്കുകയും തുടര്‍ന്ന് അഭിജിത്ത് കൊല്ലത്ത് എത്തിക്കുകയുമാണുണ്ടായത്. പ്രതികള്‍ ഒളിവില്‍ പോകുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് കുപ്രസിദ്ധ കുറ്റവാളിയായ കൈതമുക്കിലെ ഒരു ഡിവൈഎഫ്ഐ നേതാവാണെന്ന ആക്ഷേപമുണ്ട്. എന്നാല്‍ ഇയാളെ പോലീസ് കേസില്‍ പ്രതിയാക്കിയിട്ടില്ല. പ്രതികള്‍ ഒളിവില്‍ കഴിയവേ മുന്‍കൂര്‍ ജാമ്യം എടുത്ത് സുരക്ഷിതമാക്കാനുള്ള പദ്ധതിയായിരുന്നു ഡിവൈഎഫ്ഐ നേതാവ് നടത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ പദ്ധതി പൊളിയുകയായിരുന്നു.
പേട്ട, വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനുകളിലായി അടിപിടി, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ രാകേഷ് പ്രതിയാണ്. ഇയാള്‍ മൂന്ന് കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. 2015 ല്‍ മോഷണ കുറ്റത്തിന് ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. ഈ കേസില്‍ 2019 ല്‍ ജാമ്യത്തിലിറങ്ങി. സംഭവത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പ്രവീണ്‍ 2015ല്‍ മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത സുനില്‍ബാബു കൊലക്കേസിലെ മുഖ്യപ്രതി കൊപ്ര സുരേഷിന്റെ സഹോദരനാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, വധഭീഷണി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 27ന് രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം നടന്നത്. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ രവി യാദവും ജസ്വന്തും ഭാര്യമാരും കുട്ടികളുമൊത്ത് പാറ്റൂര്‍ വി.വി. റോഡ് വഴി നടക്കവേ ആക്ടീവ സ്ക്കൂട്ടറിലെത്തിയ പ്രതികളായ രാകേഷും പ്രവീണും ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ കൈയില്‍ കയറി പിടിക്കുകയായിരുന്നു. പിന്നില്‍ നിന്നും വരികയായിരുന്ന ഉദ്യോഗസ്ഥര്‍ സംഭവം കണ്ട് പ്രതികളെ ചോദ്യം ചെയ്തതോടെ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് രവി യാദവിനേയും ജസ്വന്തിനേയും വെട്ടി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടയില് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രവീണ്‍ ആണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസി ബിനുകുമാര്‍, ശംഖുംമുഖം എസി നസീര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: