തിരുവനന്തപുരം: ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്ക് ജനറല്‍ സെക്രട്ടറി ആറ്റിങ്ങലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് പാണാങ്കര വാഴവിളാകം ലെയിന്‍ ഹൗസ് നമ്പര്‍ 165 ‘ഗീതാ നിവാസി’ല്‍ ഗോപിനാഥന്‍നായരുടെയും ശ്യാമളയുടെയും മകന് ജി. മധുസൂദനന് നായര്‍ (54) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 7.30ന് കല്ലമ്പലം ചാത്തമ്പാറ ആലംകോട് വെല്ലിയൂര് ഭാഗത്തായിരുന്നു അപകടം. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മധുസൂദനന് നായര്‍ സഞ്ചരിച്ചിരുന്ന പിക്അപ് വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കൊറിയര്‍ വാഹനം ഓടിച്ചിരുന്ന ആലുവ സ്വദേശിയായ ഡ്രൈവര്‍ പ്രശാന്ത് പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. പോലീസ് എത്തിയാണ് വാഹനം സംഭവസ്ഥലത്തു നിന്ന് നീക്കം ചെയ്തത്. കല്ലമ്പലം പോലീസ് കേസെടുത്തു. സംസ്കാരം നടത്തി. ഭാര്യ ബിന്ദു. മക്കള്‍: ആരതി, അനന്ത കൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: