പള്ളുരുത്തി: വേമ്പനാട്ടു കായലിന്റെ മധ്യഭാഗത്തെ മണല്‍ത്തിട്ട ഭീഷണിയാകുന്നു. മത്സ്യ ബന്ധനം നടത്തുന്ന വള്ളങ്ങള്‍ വേലിയിറക്ക സമയങ്ങളില്‍ കായലിന്റെ മധ്യത്തില്‍ ഉറച്ചുപോകുന്നു. ഇരുപതു വര്‍ഷത്തിലധികമായി കായലിന്റെ മധ്യ ഭാഗത്ത് മണല്‍ത്തിട്ട രൂപപ്പെടുന്നുണ്ട്. ഇതുമൂലം മത്സ്യബന്ധനത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. മണല്‍ത്തിട്ടകള്‍ രൂപപ്പെട്ട ഭാഗങ്ങളില്‍ നീരൊഴുക്ക് നിലച്ച് എക്കല്‍ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച ഇടക്കൊച്ചി, അരൂര്‍ പാലത്തിന് മധ്യഭാഗത്ത് കായല്‍ഭാഗത്ത് മത്സ്യ ബന്ധനവള്ളം ഉറച്ചുപോയി. തൊഴിലാളികള്‍ കായലില്‍ ഇറങ്ങി വള്ളം തള്ളി നീക്കാന്‍ ശ്രമിച്ചെങ്കിലും അനങ്ങിയില്ല.
വേലിയിറക്ക സമയമായതിനാല്‍ മണല്‍ തിട്ടയില്‍ കുടുങ്ങിയ വള്ളം മണിക്കൂറുകളോളം കായല്‍ മധ്യത്തില്‍ കുടുങ്ങിക്കിടന്നു. വേലിയേറ്റം വന്ന് വെള്ളം നിറഞ്ഞതിനുശേഷമാണ് വള്ളവുമായി തൊഴിലാളികള്‍ക്ക് പോകാന്‍ കഴിഞ്ഞത്. കുമ്പളങ്ങി – പെരുമ്പടപ്പ് കായല്‍ മധ്യഭാഗത്തും എക്കല്‍ നിറഞ്ഞ് കായലില്‍ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. കായല്‍ മധ്യഭാഗത്ത് ഇറങ്ങി നടക്കാവുന്ന തരത്തിലാണ് എക്കലടിഞ്ഞിരിക്കുന്നത്. പെരുമ്പടപ്പ് ഭാഗത്തെ തോടുപോലുള്ള ഭാഗത്ത് കൂടി മാത്രമാണ് ഇപ്പോള്‍ നീരൊഴുക്ക് നടക്കുന്നത്.
നീരൊഴുക്ക് നിലച്ച കായലില്‍ മത്സ്യങ്ങള്‍ കുറഞ്ഞു. മത്സ്യ പ്രജനനം നടക്കാത്ത തരത്തില്‍ കായല്‍ അടിത്തട്ടില്‍ എക്കല്‍ നിറഞ്ഞതും മത്സ്യ ത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. 15 വര്‍ഷം മുന്‍പ് കുമ്പളങ്ങി കായല്‍ഭാഗം ഡ്രഡ്ജ് ചെയ്ത് മണല്‍തിട്ട നീക്കാന്‍ ശ്രമം നടന്നുവെങ്കിലും എക്കലിനു പകരം കായല്‍ മണ്ണ് സ്വകാര്യ വ്യക്തിയുടെ തണ്ണീര്‍ത്തടം നികത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുത്തതായും പിന്നീട് ആരോപണം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: