ന്യൂദല്‍ഹി: ചൈനയില്‍ മുസ്ലിം ഉയിഗുര്‍ സമൂഹം നേരിടുന്ന അടിച്ചമര്‍ത്തലും പീഡനങ്ങളും അംഗീകരിക്കുകയോ, അപലപിക്കുകയോ ചെയ്യാതെ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ആക്സിയസ് നടത്തിയ അഭിമുഖത്തിലാണ് ഇമ്രാന് നിലപാട് വ്യക്തമാക്കിയത്. യുഎസിലും യൂറോപ്പിലുമുള്ള ‘മുസ്ലിം വിരുദ്ധത’യെപ്പറ്റി സംസാരിക്കുമ്പോഴും വിഷയത്തില്‍ മൗനം പാലിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, രാജ്യത്തിനുള്ളിലെയും അതിര്ത്തിക്കകത്തെയും വിഷയങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
‘ഇത് താങ്കളുടെ അതിര്‍ത്തിയാണ്’ എന്ന് മാധ്യമപ്രവര്ത്തകന് പ്രതികരണമായി ഓര്‍മിപ്പിച്ചു. ‘ചൈനയില്‍ എന്താണ് നടക്കുന്നതെന്നതില്‍ എനിക്ക് ഉറപ്പില്ല. ചൈനയുമായുള്ള ഞങ്ങളുടെ ചര്‍ച്ചയില്‍ വ്യത്യസ്ത ചിത്രമാണ് അവര്‍ നല്‍കിയിട്ടുള്ളത്. ചൈനയുമായി ഞങ്ങള്‍ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങള്‍ എപ്പോഴും അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യും’- ഇമ്രാന് ഖാന് പറഞ്ഞു. തടവിലാക്കുന്നതിനും പീഡിപ്പിക്കുന്നതിനും ദശലക്ഷത്തിലധികം ഉയിഗുര്‍ മുസ്ലിങ്ങളെ ക്യാംപുകളില്‍ നിര്‍ബന്ധിത വന്ധ്യംകരണം നടത്തുന്നതിലും മനുഷ്യാവകാശ സംഘടനകള്‍ ചൈനയിലെ സിംഗ്ജിയാംഗ് ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നു.
മുസ്ലിം പള്ളികള്‍ ഇടിച്ചുനിരത്തിയതായും ആരോപണമുണ്ട്. എന്നാല്‍ ചൈന ഈ ആരോപണങ്ങളെല്ലാം തള്ളുന്നു. വലിയ പ്രതിസന്ധി നേരിട്ട് ബുദ്ധിമുട്ടുന്ന മിക്ക സമയങ്ങളിലും ചൈന ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണെന്ന് ഇമ്രാന് പറയുന്നു. ചൈന പാക്കിസ്ഥാന്റെ രക്ഷയ്ക്ക് എത്തിയിട്ടുണ്ട്. അതിനാല്‍ അവരുടെ രീതിയെ ആത്മാര്‍ഥമായി ബഹുമാനിക്കുന്നുവെന്നും പാക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ഞാന്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നു. പലസ്തീനിലും ലിബയയിലും സൊമാലിയയിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ അത്തരം കാര്യങ്ങള്‍ നടക്കുന്നു. എല്ലാത്തിനെക്കുറിച്ചും ഞാന്‍ സംസാരിക്കാന്‍ പോകുകയാണോ?’- മുന്‍ ക്രിക്കറ്റ് താരം കൂടിയായ അദ്ദേഹം ചോദിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മുസ്ലിം വിരുദ്ധതയ്ക്കെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക രാഷ്ട്രങ്ങളിലെ നേതാക്കള്‍ക്ക് കഴിഞ്ഞവര്‍ഷം ഇമ്രാന് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: