തോട്ടപ്പള്ളി: കരിമണല്‍ ഖനന വിരുദ്ധ സമരം പ്രഹസമാകുന്നതായി ആക്ഷേപം. കരിമണല്‍ വിറ്റഴിച്ച സര്‍ക്കാരിനെതിരെ സമരം ചെയ്യാതെ മണല്‍ വാങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്നാണ് ആക്ഷേപം ഉയരുന്നത്. കരിമണല്‍ ഖനനവിരുദ്ധ ഏകോപന സമിതി എന്ന പേരില്‍ നടത്തുന്ന സമരത്തില്‍ മോശം പ്രതിച്ഛായ ഉള്ള ചില സംഘടകള്‍ വരെ അണിനിരന്നതോടെ സമരക്കാര്‍ തന്നെ രണ്ടു തട്ടിലായി. ദേശദ്രോഹ നിലപാടുകളുള്ള പ്രസ്ഥാനങ്ങളെ വെള്ളപൂശാന്‍ ചിലര്‍ ശ്രമിക്കുന്നതായും വിമര്‍ശനം ഉയരുന്നു.
സംസ്ഥാന സര്‍ക്കാരില്‍ പങ്കാളികളായ സിപിഐ നേതാക്കളാണ് തീരവാസികളെ വഞ്ചിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. കുട്ടനാടന്‍ മേഖലയ്ക്കു പോലും ഭാവിയില്‍ വന്‍ ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് കോവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവോടെ ഐആര്‍ഇ, കെഎംഎംഎല്‍ എന്നീ സ്ഥാപനങ്ങള്‍ വന്‍തോതില്‍ കരിമണല്‍ കടത്തുന്നത്. ദിനംപ്രതി നൂറുകണക്കിന് ലോഡ് മണലാണ് കടത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന സമരവും കബളിപ്പിക്കലായി മാറുകയാണ്. സമരക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയാതെ ഐആര്‍ഇ തീരം വിടുക എന്ന ആവശ്യം മാത്രമാണ് ഉന്നയിക്കുന്നത് .കരിമണല്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുവാന്‍ തയാറാവാത്തതില്‍ ദുരൂഹതയുണ്ടന്ന് തീരദേശ വാസികള്‍ ചൂണ്ടി കാട്ടുന്നു.
തോട്ടപ്പള്ളിയില്‍ കരിമണല്‍ എടുക്കുവാന്‍ തുടക്കമിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. അന്ന് പുറക്കാട് പഞ്ചായത്ത് ഭരിച്ചിരുന്നത് ഇന്നത്തെ സമരസമിതിയുടെ നേതാവായിരുന്നു എന്നതും സമരത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്ന സമരത്തിന് നേതൃത്വം കൊടുന്ന സിപിഐയുടെ നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി. പ്രസാദ് ഇന്ന് മന്ത്രിയായിട്ടും കര്‍ഷകര്‍ക്ക് പോലും ഭീഷണിയാകുന്ന തോട്ടപ്പള്ളിയിലെ മണല്‍ കടത്ത് നിര്‍ത്തിവെയ്ക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെടുവാന്‍ തയാറായിട്ടില്ല. നിലവില്‍ നാല് മന്ത്രിമാര്‍ ഉള്ള സിപിഐ എന്ത് നിലപാടാണ് നിയമസഭയില്‍ എടുക്കുന്നതെന്ന് ഇവിടെ സമരം നടത്തുന്ന സിപിഐ നേതാക്കള്‍ വ്യക്തമാക്കണമെന്ന് തീരവാസികള്‍ ആവശ്യമുയരുന്നു. 21ന് തീരദേശ ഹര്‍ത്താലും കരിമണല്‍ വിരുദ്ധ ഏകോപന സമിതിക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: