കൊച്ചി: കൊവിഡിന്റെ രണ്ടാം വരവില്‍ കടുത്ത പ്രതിസന്ധിയിലാണ് ജിംനേഷ്യം ഉടമകള്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് ജിംനേഷ്യങ്ങള്‍ അടച്ചത്. കൊവിഡ് കാലത്ത് ജില്ലയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന നൂറോളം അംഗീകൃത ജിംനേഷ്യങ്ങളാണ് അടച്ചുപൂട്ടേണ്ടി വന്നത്. ഉപയോഗിക്കാത്തതിനാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങളും തുരുമ്പെടുത്ത് തുടങ്ങി.
ഉപജീവനമാര്‍ഗമായി തുടങ്ങിയ പലര്‍ക്കും വാടക, വൈദ്യുതി തുടങ്ങിയവ നല്കാന് കഴിയുന്നില്ല. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ 8 മാസമാണ് ജിംനേഷ്യങ്ങള്‍ പൂട്ടിയിട്ടത്. ഫിറ്റ്നസ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ചുരുങ്ങിയത് 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയെങ്കിലും വേണം. മിക്കവരും ബാങ്ക് വായ്പയിലാണ് സ്ഥാപനങ്ങള്‍ നടത്തി വരുന്നത്.
നല്ലൊരു തുക കെട്ടിട വാടകയുമുണ്ട്. ലോക് ഡൗണ്‍ കാലത്ത് വലിയ നഷ്ടം സംഭവിച്ച ഉടമകള്‍ ജില്ലയിലുണ്ട്. യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത നോക്കാന്‍ പോലും കഴിയാത്തവിധം ജിംനേഷ്യം തുറക്കാന്‍ അവസരമില്ല. പ്രതിസന്ധിയില്‍ ജിംനേഷ്യങ്ങള്‍ അടച്ചതോടെ ശാസ്ത്രീയ കായികപരിശീലനം നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കായികതാരങ്ങള്‍. ഇതിനുപുറമെ പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ വ്യായാമത്തിലൂടെ നിയന്ത്രിച്ച് വരുന്നവരും ബുദ്ധിമുട്ടിലാണ്.
ഇനിയും അടച്ചുപൂട്ടല്‍ ഭയന്ന് മറ്റ് ജോലികളിലേക്ക് തിരിയേണ്ട അവസ്ഥയാണ് ഇപ്പോള്‍ നടത്തിപ്പുകാര്‍ക്കുള്ളത്. ഹെല്‍ത്ത് ക്ലബ് നടത്തിപ്പുകാര്‍ക്ക് സര്‍ക്കാര്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വ്യായാമം ചെയ്യുന്നതിനുള്ള അനുമതി നല്‍കണമെന്നും മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: