തിരുവനന്തപുരം: അന്തരിച്ച കവയിത്രി മാധവിക്കുട്ടിയുടെ ഓര്‍മ്മയ്ക്കായി തലസ്ഥാനത്ത് മാനവീയം വീഥിയില്‍ നട്ടുവളര്‍ത്തിയ നീര്‍മാതളത്തിന്റെ തണലില്‍ ഒരു യുവ കവിയുടെ ജീവിതം.
കരമന തമലം സ്വദേശിയായ ശ്രീജിത്ത് (40) എന്ന കലാകാരനാണ് കിടക്കാന്‍ ഇടമില്ലാതെ അഞ്ച് വര്‍ഷമായി നീര്‍മാതള ചുവട്ടില്‍ കഴിയുന്നത്. കവിയും നാടന്‍പാട്ട് കലാകാരനുമാണ് ശ്രീജിത്ത്. ബന്ധുവീടുകളിലായിരുന്നു ശ്രീജിത്ത് കഴിഞ്ഞിരുന്നത്. അവരുടെ മുഖം കറുത്തപ്പോള്‍ ജീവിതം മാനവീയം വീഥിയിലായി. 2015ല്‍ വീടിനു സമീപത്തെ റെയില്‍പാളം മുറിച്ചുകടക്കവെ പാഞ്ഞുവന്ന തീവണ്ടി ശ്രീജിത്തിന്റെ വലതുകൈ മുറിച്ചെടുത്തു. ഒരു കാലിനും പരിക്കേറ്റു. ഇപ്പോള്‍ എഴുത്തിന് വഴങ്ങാത്ത ഇടംകൈകൊണ്ട് ശ്രമപ്പെട്ടാണ് കവിത എഴുത്ത്. എഴുതിയ കവിതകള്‍ കൂട്ടിച്ചേര്‍ത്ത് സുഹൃത്തുകള്‍ ‘ഞാനുകള്’ എന്ന പേരില്‍ കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
ശ്രീജിത്തിന് സഹോദരി ശ്രീരഞ്ജിനിയാണ് തുണയായുള്ളത്. 2016ല്‍ അലിയ ഫാത്തിമ എന്ന ഒന്നര വയസുകാരിക്ക് സ്വന്തം കരള്‍ പകുത്തു നല്കിയ പെണ്‍കരുത്താണവള്‍. ശ്രീരഞ്ജിനിയുടെ അവയവദാനത്തെ അന്ന് കേരളം മഹത്തരമെന്ന് വാഴ്ത്തി. പക്ഷേ, കരള്‍ ദാനം ചെയ്ത കുറ്റത്തിന് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. ബന്ധുക്കള്‍ പടിയിറക്കി. ശ്രീരഞ്ജിനിയും ഒരു സുഹൃത്തിന്റെ ഔദാര്യത്തില്‍ കിട്ടിയ ഒറ്റമുറിയിലാണ് ഇന്ന് അന്തിയുറങ്ങുന്നത്.
സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഒരു കിടപ്പാടം അനുവദിച്ചിരുന്നെങ്കില്‍ ശ്രീജിത്തിനും ശ്രീരഞ്ജിനിക്കും ഒരുമിച്ച് കഴിയാമായിരുന്നു. അതിനായി മുട്ടാത്ത വാതിലുകളില്ല. ഇവരുടെ ദൈന്യത കണ്ണുകള്‍ മങ്ങിയ അധികാരവര്ഗത്തിന് കാണാനാവുന്നില്ലെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: