മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം ഉപേക്ഷിച്ച കേസില്‍ എന്‍ ഐഎ മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥന് പ്രദീപ് ശര്‍മ്മയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസില്‍ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായിരുന്നു പ്രദീപ് ശര്‍മ്മ. അദ്ദേഹത്തിന്റെ മുംബൈയിലെ വീട് വ്യാഴാഴ്ച രാവിലെ എന്‍ ഐഎ റെയ്ഡ് ചെയ്തു.
ഏതാനും രേഖകളും ഇലക്ട്രോണിക് രേഖകളും കണ്ടെടുത്തു. എന്‍ ഐഎ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സന്തോഷ് ഷെലാറെ ചോദ്യം ചെയ്തപ്പോഴാണ് പ്രദീപ് ശര്‍മ്മയുടെയും അദ്ദേഹത്തിന്റെ രണ്ട് അനുയായികളുടെയും പേര് പറഞ്ഞത്. ലഖാന് ഭയ്യാ കേസുമായി ബന്ധപ്പെട്ടവര്‍ കൂടിയാണ് ഇവര്‍. ശര്‍മ്മയെ വ്യാഴാഴ്ച തന്നെ എന്‍ ഐഎ കോടതിയില്‍ ഹാജരാക്കി.
സച്ചിന് വാസെ അന്വേഷിച്ചിരുന്ന ശ്രദ്ധേയമായ കേസുകളും ഇപ്പോള്‍ എന്‍ ഐഎ പരിശോധിച്ചുവരികയാണ്. മുംബൈയിലെ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗുമായുള്ള സച്ചിന് വാസെയുടെ ബന്ധവും പരിശോധിക്കുന്നുണ്ട്.
നേരത്തെ ഏപ്രിലില്‍ പ്രദീപ് ശര്‍മ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് രണ്ട് മുംബൈ പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ പ്രദീപ് ശര്‍മ്മ സച്ചിന് വാസെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി സംശയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മൊഴി രേഖപ്പെടുത്തല്‍. സ്ഫോടകവസ്തുക്കള്‍ വണ്ടിയില്‍ നിറച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മന്‍സുഖ് ഹിരന്‍ എന്ന സ്വകാര്യ വാഹനയുടമയെ നിര്‍ബന്ധിക്കുന്ന സച്ചിന് വാസെയുടെ ദൗത്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നും അന്ന് എന്‍ ഐഎ ചോദിച്ചിരുന്നു. പല കേസുകളിലും സംശയത്തിന്റെ നിഴലിലുള്ള പ്രദീപ് ശര്‍മ്മ 2019ല്‍ സര്‍വ്വീസില്‍ നിന്ന് സ്വമേധയാ പിരിയുകയായിരുന്നു. പിന്നീട് ശിവസേനയുടെ പേരില്‍ നലസൊപാര നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും തോറ്റു.
ഫിബ്രവരി 25നാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു പച്ച സ്കോര്‍പിയോ കാര്‍ പൂലര്‍ച്ചെ മൂന്ന് മണിക്ക് അംബാനിയുടെ ആന്റിലിയ എന്ന ആഡംബര വസതിയ്ക്ക് മുന്നില്‍ കണ്ടെത്തുന്നത്. ഇതിനുള്ളില്‍ നിന്നും ഒരു തീവ്രവാദി സംഘടനയുടേതെന്ന് സംശയിക്കുന്ന ഭീഷണിക്കത്തും മുംബൈ പൊലീസ് കണ്ടെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സ്കോര്‍പിയോ വീടിന് മുമ്പില്‍ എത്തിച്ചത് തലേന്നാള്‍ രാത്രിയിലാണെന്ന് കണ്ടെത്തിയിരുന്നു. മാര്‍ച്ച് അഞ്ചിന് ഈ കാറിന്റെ ഉടമസ്ഥനായ മന്‍സുഖ് ഹിരന്‍ എന്നയാളെ മരിച്ച നിലയില്‍ കല്‍വ കടലിടുക്കില്‍ നിന്നും കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതിയ ഈ കേസ് പിന്നീട് സച്ചിന് വാസെ നടത്തിയ കൊലപാതകമാണെന്ന് എന്‍ ഐഎ കണ്ടെത്തിയതോടെ ആന്റിലിയയ്ക്ക മുന്നിലെ സ്ഫോടകവസ്തുനിറച്ച കാറിന് പിന്നീല് സച്ചിന് വാസെയും മറ്റും നടത്തിയ ഗൂഡാലോചനയാണെന്ന് എന്‍ ഐഎ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ ഭീഷണിക്കത്ത് വ്യാജമാണെന്നും തെളിഞ്ഞു.
ഈ കേസില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചിരുന്നു. മുംബൈ പൊലീസ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ മുംബൈയിലെ 1750 പബ്ബുകളില്‍ നിന്നായി പ്രതിമാസം 100 കോടി രൂപ വീതം ബലപ്രയോഗത്തില്‍ പിരിച്ചെടുക്കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതോടെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: