ആലപ്പുഴ: കെട്ടിട നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. സിമന്റ്, കരിങ്കല്ല്, പാറപ്പൊടി, മെറ്റല്‍, ചരല് തുടങ്ങിയ സാമഗ്രികള്‍ക്കാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. സിമന്റിന് 50 കിലോഗ്രാം പാക്കറ്റിന് 500 ഉം അഞ്ഞൂറുരൂപയ്ക്ക് മുകളിലുമാണ് മിക്ക വ്യാപാരികളും ഈടാക്കുന്നത്. വാര്‍ക്കയ്ക്ക് ആവശ്യമായ കമ്പിക്ക് 85 രൂപയ്ക്കു മുകളിലാണു വില.അതുപോലെ മറ്റു വസ്തുക്കള്‍ക്കും വന്‍ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്.
ലൈഫ്മിഷന് പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരാണ് ഏറെ കഷ്ടപ്പെടുന്നത്. കുതിച്ചുയരുന്ന വിലയും വര്‍ധിച്ച കൂലിച്ചെലവും തങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്നു വീട് ലഭിച്ചവര്‍ പറയുന്നു. അതിനാല്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാനാകുമോ എന്ന ആശങ്കയിലാണിവര്‍.
അതേസമയം അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന സിമന്റു കമ്പിയും മറ്റും വളരെയധികം വില കൂട്ടി വില്ക്കാന് ഡീലര്‍മാരെ പ്രേരിപ്പിക്കുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കേരളത്തിന്റെ സ്വന്തം സിമന്റായ മലബാര്‍ സിമന്റ് ഉത്പാദനം കൂട്ടി ന്യായ വിലയ്ക്ക് മാര്‍ക്കറ്റിലെത്തിച്ചാല്‍ ഈ രംഗത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്നാണ് ഒരുവിഭാഗം പറയുന്നത്.
തമിഴ്നാട്ടില്‍ 150 രൂപയ്ക്ക് അമ്മ സിമന്റ് എന്ന പേരില്‍ സാധാരണക്കാര്‍ക്ക് ആവശ്യത്തിന് സിമന്റ് സര്‍ക്കാര്‍ നല്കുമ്പോള് കേരളീയര്‍ കൊള്ളയടിക്ക് വിധേയരാകുകയാണ്. കമ്പിയുടെ കാര്യത്തിലും ഇതു തന്നെയാണവസ്ഥ.
ഇരുമ്പുരുക്കിന് കാര്യമായ വില വര്‍ധനയില്ലെങ്കിലും വാര്‍ക്ക കമ്പിക്കും മറ്റും ഉത്പാദന കമ്പനികള്‍ അമിത വിലയീടാക്കി തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. സര്‍ക്കാരിന്റെ കാര്യമായ ഇടപെടല്‍ ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.
കരിങ്കല്ല്, മെറ്റല്‍, പാറപ്പൊടി, ചരല് തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമവും വലിയ വിലക്കയറ്റവുമാണ്. നിര്‍മാണമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യമായനടപടി സ്വീകരിണമെന്നുമുള്ള ആവശ്യം മേഖലയില്‍ ശക്തമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: