ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളില്‍ ഏറ്റവും പ്രചാരമുള്ള ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ആണെന്ന് പുതിയ സര്‍വ്വേ ഫലം.
സര്‍വ്വേയില്‍ പങ്കെടുത്ത ഇന്ത്യന്‍-അമേരിക്കക്കാരില്‍ മുപ്പത്തിരണ്ട് ശതമാനം പേരും ബിജെപിയുടെ നയങ്ങളെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് 12 ശതമാനം മാത്രമാണ് ആഭിമുഖ്യം പ്രകടിപ്പിച്ചതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തങ്ങള്‍ക്ക് അടുപ്പം തോന്നുന്നില്ലെന്ന് 40 ശതമാനം പേര് അഭിപ്രായപ്പെട്ടു..സര്‍വേയില്‍ പങ്കെടുത്തവരില്‍ 54 ശതമാനം ഹിന്ദുക്കളും 3 ശതമാനം നിരീശ്വരവാദികളും 13 ശതമാനം മുസ്ലീങ്ങളും 11 ശതമാനം ക്രിസ്ത്യാനികളുമാണ്.
2020 ല്‍ ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ്സ് സര്‍വേ ((ഐഎഎഎസ്)അടിസ്ഥാനപ്പെടുത്തി കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്, ജോണ്‍സ് ഹോപ്കിന്‍സ്, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.
യുഎസ് പൗരത്വമുള്ളതും ഇല്ലാത്തതുമായ 1,200 ഇന്ത്യന്‍-അമേരിക്കക്കാര്‍ സര്‍വേയില്‍ പങ്കെടുത്തു. യുഎസ് സെന്‍സസ് കമ്മ്യൂണിറ്റി സര്‍വേ പ്രകാരം 4.2 മില്യണ്‍ ഇന്ത്യന്‍ വംശജര്‍ അമേരിക്കയിലുണ്ട്. ഇവരില്‍ 2.6 മില്യണ്‍ യുഎസ് പൗരന്മാരാണ്. 1.2 മില്യണ്‍ യുഎസില്‍ ജനിച്ചവരും 1.4 മില്യണ്‍ പേര് കുടിയേറ്റത്തിന് ശേഷം പൗരത്വം സ്വീകരിച്ചവരുമാണ്. 42 ശതമാനത്തിന് ഇന്ത്യന്‍ പൗരത്വമാണ് ഉള്ളത്.
ഇന്ത്യന്‍ അമേരിക്കക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ എന്ന തങ്ങളുടെ സ്വത്വത്തിന് ഉയര്‍ന്ന മൂല്യം കല്പിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.
എഴുപത്തിയഞ്ച് ശതമാനം പേര് തങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങളോട് യോജിക്കുന്നതായി അഭിപ്രായപ്പെട്ടെങ്കിലും മറ്റുള്ളവര്‍ സര്‍ക്കാരിനെ ഒരു പരിധിവരെ വിമര്‍ശിച്ചു.
സര്‍വേ പ്രകാരം 49 ശതമാനം ഇന്ത്യന്‍-അമേരിക്കക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ അനുകൂലമായി വിലയിരുത്തി, ഇവരില്‍ 35 ശതമാനം പേര് കടുത്ത മോദി ഭക്തരാണ്.
എന്നാല്‍, 22 ശതമാനം പേര് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വേയിലും നിലവില്‍ കോവിഡ് കുതിപ്പിന് ശേഷവും ഇന്ത്യക്കാരുടെ മനോഭാവത്തില്‍ വലിയ വ്യത്യാസമുണ്ടായതായും പഠനത്തില്‍ കണ്ടെത്തി.
മതപരമായ ഭൂരിപക്ഷവാദം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പത്ത് ശതമാനം പേര് അഭിപ്രായപ്പെട്ടു. തീവ്രവാദവും ചൈനയും ഗൗരവമുള്ള വിഷയമായി ഏഴ് ശതമാനം പേര് കാണുന്നു.
മോദിയെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടര്‍മാരെ നിശബ്ദരാക്കാന്‍ രാജ്യദ്രോഹ, മാനനഷ്ട നിയമങ്ങള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തുകൊണ്ടും ഒരു വിഭാഗം അഭിപ്രായപ്രകടനം നടത്തി.
പൗരത്വ ഭേദഗതി നിയമത്തെ സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും ഇതിനെ എതിര്‍ത്തു. ഇന്ത്യന്‍ – അമേരിക്കക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ഭാഷ ഹിന്ദിയാണ്-19 ശതമാനം, ഗുജറാത്തി 14 ശതമാനവും തെലുങ്ക് 10 ശതമാനവും തമിഴ് 9 ശതമാനവും ബംഗാളി, പഞ്ചാബി എന്നിവ 7 ശതമാനം വീതവുമാണ്.
സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം ഇന്ത്യന്‍-അമേരിക്കക്കാര്‍ കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു. ആദ്യ തലമുറയ്ക്കും രണ്ടാം തലമുറയ്ക്കും അനുഭവത്തില്‍ വ്യത്യാസമുണ്ട്. യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍-അമേരിക്കക്കാരില്‍ 59 ശതമാനം പേരും തങ്ങള്‍ വിവേചനം നേരിട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു, എന്നാല്‍ യുഎസില്‍ ജനിച്ച 36 ശതമാനം പേര് കഴിഞ്ഞ വര്‍ഷം വിവേചനത്തിനത്തിന് ഇരയായെന്ന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: