ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിലും രാജസ്ഥാനിലും സര്‍ക്കാരുകള്‍ വാക്സിനുകള്‍ വിറ്റ് ലാഭം കൊയ്യുകയും വാക്സിന് ചവറ്റുകൊട്ടയില്‍ എറിയുകയാണെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. വാക്സിന് ക്ഷാമത്തിന്റെയും ഇഴയുന്ന വാക്സിനേഷന്റെയും പേരില്‍ കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ഗാന്ധിയ്ക്ക് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.
ഈ രണ്ട് സ്ഥാനങ്ങള്‍ വാക്സിന് ലാഭത്തില്‍ വില്‍ക്കുക മാത്രമല്ല, വാക്സിന് ധാരളമായി പാഴാക്കുകയും ചെയ്യുന്നു. – ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ‘കുട്ടികള്‍ക്ക് വാക്സിന് എവിടെയെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. അതേ സമയം വാക്സിനില്‍ നിന്ന് ലാഭംകൊയ്യുക മാത്രമല്ല, അവ പാഴാക്കുകയുമാണ് പഞ്ചാബും രാജസ്ഥാനും ചെയ്യുന്നത. ഇതാണ് കോണ്‍ഗ്രസ് സംസ്കാരം,’ കേന്ദ്രമന്ത്രി പറഞ്ഞു.
‘40,000 ഡോസ് വാക്സിനുകളാണ് വലിയ ലാഭത്തില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിറ്റതെന്ന് അവിടുത്തെ പ്രതിപക്ഷമായ അകാലി ദള്‍ ആരോപിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന് 309 രൂപയ്ക്കും കോവാക്സിന് 412 രൂപയ്ക്കുമാണ് പഞ്ചാബ് സര്‍ക്കാര്‍ വാങ്ങിയത്. പഞ്ചാബിലെ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വികാസ് ഗാര്‍ഗിന്റേതാണ് ഈ കണക്ക്. പക്ഷെ സര്‍ക്കാര്‍ 660 രൂപ അധികലാഭമെടുത്ത് സ്വകാര്യ ആശുപത്രികള്‍ക്ക് ഈ വാക്സിന് 1060 രൂപയ്ക്കാണ് വാക്സിന് മറിച്ചുവിറ്റത്. സ്വകാര്യ ആശുപത്രികളാകട്ടെ ഡോസിന് 1560 രൂപയാണ് ജനങ്ങളില്‍ നിന്നും ഈടാക്കുന്നത്,’- അദ്ദേഹം പറഞ്ഞു.
സംഗതി വിവാദമായതോടെ 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കുള്ള വാക്സിനേഷന് പഞ്ചാബ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ 11.5 ലക്ഷം ഡോസ് വാക്സിനുകള്‍ പാഴാക്കിയതാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. വാക്സിനുകള്‍ അവിടെ ചവറ്റുകൊട്ടയില്‍ നിന്നാണ് കിട്ടുന്നതെന്നും ഹര്‍ദീപ് സിംഗ് പുരി ആരോപിച്ചു.
കേന്ദ്രം 50 ശതമാനം വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയെങ്കിലും സംസ്ഥാനം സ്വന്തം വാക്സിന് സംഭരണത്തിന്റെ പേരില്‍ വന്‍ലാഭം കൊയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാക്സിനില്‍ നിന്നും ലാഭം കൊയ്യുന്ന സംസ്ഥാനസര്‍ക്കാര്‍ നയം നാണക്കേടാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: