ന്യൂദല്‍ഹി: നടപ്പ് റാബി മാര്‍ക്കറ്റിംഗ് സീസണിലെ(ആര്‍എംഎസ്) ഗോതമ്പു സംഭരണത്തില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് കൈമാറിയത് 76,000 കോടി രൂപ. പഞ്ചാബിലെ കര്‍ഷകര്‍ക്ക് ആദ്യമായി 26,000 കോടിയിലധികം രൂപ നേരിട്ട് അക്കൗണ്ടുകളിലെത്തിയപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 16,700 കോടി രൂപ കൈമാറി. താങ്ങുവില(എംഎസ്പി) നേരിട്ട് കൈമാറുന്ന രീതി അവസാനം നടപ്പാക്കിയ സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. ഇതോടെ രാജ്യത്തെല്ലായിടത്തും ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനം നിലവിലായി.
‘ഒരു രാജ്യം, ഒരു എംഎസപി, ഒരു ഡിബിടി’ എന്ന് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചു. ആര്‍എംഎസ് സംഭരണ നടപടികളുടെ നേട്ടം 44.4 ലക്ഷം കര്‍ഷകര്‍ക്ക് ലഭിച്ചു. 81,200 കോടി രൂപയാണ് കര്‍ഷകരുടെ കൈകളിലെത്തുകയെന്ന് ഭക്ഷ്യമന്ത്രാലയം അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒരു ദിവസം ഒരുപാട് ഇടപാടുകള്‍ നടക്കുന്നതിനാല്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ രണ്ട്, മൂന്ന് ദിവസംകൂടി എടുക്കും. വിതരണം ചെയ്ത അല്ലെങ്കില്‍ നല്കിയ തുകയിലുള്ള വ്യത്യാസം ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കും’- ഉദ്യോഗസ്ഥന് പറഞ്ഞു.
നിലവിലെ ഗോതമ്പ് സംഭരണ ലക്ഷ്യം 433 ലക്ഷം ടണ്ണായി സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്, ആറ് ലക്ഷം ടണ്‍ അധികം. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ സംഭരണമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷം ആര്എംസില് 390 ലക്ഷം ടണ്ണായിരുന്നു സംഭരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: