കാന്‍ബെറ: ഉയ്ഗുര്‍ മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ചൈനയോട് മൃദുസമീപനം പുലര്‍ത്തുന്ന ന്യൂസിലാന്‍റിനെ വിമര്‍ശിച്ച ആസ്‌ത്രേല്യന്‍ ടിവിയുടെ ’60 മിനിറ്റ്’ എന്ന ഷോ വൈറലായി. ഈ ടിവി ഷോയുടെ ക്ലിപ്പ് ലോകത്താകെ വൈറലായി പ്രചരിക്കുകയാണിപ്പോള്‍.
ന്യൂസിലാന്‍റ് ഇപ്പോള്‍ “ഷീ” ലാന്‍റായി (ചൈനയുടെ നേതാവ് ഷീ ജിന്‍പിങിനെ സൂചിപ്പിച്ച്) മാറിയിരിക്കുന്നു എന്നതാണ് ടിവി പരിപാടിയിലെ ഒരു വിമര്‍ശനം. മറ്റ് രാജ്യങ്ങള്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍ ന്യൂസിലാന്റ് മാത്രം സൗഹൃദസമീപനം പുലര്‍ത്തുകയാണെന്നും ടിവി പരിപാടി കുറ്റപ്പെടുത്തുന്നു.
അഞ്ച് കണ്ണുകള്‍ എന്നറിയപ്പെടുന്ന ലോകശക്തികളായ യുഎസ്, കാനഡ, യുകെ, ആസ്‌ത്രേല്യ, ന്യൂസിലാന്‍റ് എന്നിവര്‍ ഹോങ്കോംഗിലെയും ഷിന്‍ജിയാങ്ങിലെയും ചൈനയുടെ മനുഷ്യാവകാശലംഘനങ്ങളെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതില്‍ ന്യൂസിലാന്‍റ് മാത്രം കാര്യമായി വിമര്‍ശിക്കാതെ ഒഴിഞ്ഞു നിന്നു.
ടിവി പരിപാടിയെ തുടര്‍ന്നുള്ള പ്രതികരണത്തില്‍ പക്ഷെ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത അഡേണ്‍ തന്റെ നിലപാട് വ്യക്തമാക്കി: 80 വര്‍ഷം പഴക്കമുള്ള അഞ്ച് കണ്ണുകള്‍ എന്ന കൂട്ടായ്മയാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ഗൗരവപ്പെട്ട വിഷയങ്ങളുണ്ടാകുമ്പോള്‍ ചൈനയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കില്ലെന്ന് പറയാനാകില്ല’. മുന്‍പൊക്കെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുമ്പോള്‍ അഡേണും ന്യൂസിലാന്‍റ് വിദേശ മന്ത്രി നനയ്യ മഹുതയും ചൈനയ്‌ക്കെതിരായ വിമര്‍ശനങ്ങളെ തണുപ്പിച്ചിരുന്നു. ന്യൂസിലാന്‍റിന് തനതായ അന്താരാഷ്‌ട്ര ബന്ധങ്ങളുടെ പാതയുണ്ടെന്നായിരുന്നു ഇരവരുടെയും നിലപാട്.
ഈയിടെ ആസ്‌ത്രേല്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ആസ്‌ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം കടുത്ത സംഘര്‍ഷത്തിലാണിപ്പോള്‍. ചൈനയുടെ ഹ്യുവാവേയെ 5ജി നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതും കോവിഡ് വൈറസിന് പിന്നില്‍ ചൈനയാണെന്ന ആരോപണവും ആസ്‌ത്രേല്യ ഉയര്‍ത്തിയിരുന്നു. ചൈനയുമായി ഉണ്ടാക്കിയ ബെല്‍റ്റ് ആന്റ് റോഡ് കരാര്‍ റദ്ദാക്കിയതും ചൈനയെ ചൊടിപ്പിച്ചിരുന്നു. 2019ല്‍ ആസ്‌ത്രേല്യയുടെ ആകെയുള്ള വിദേശരാജ്യങ്ങളുമായുള്ള ബിസിനസില്‍ 29 ശതമാനവും ചൈനയുമായിട്ടായിരുന്നു. 2020ല്‍ ചൈനയുടെ ആസ്‌ത്രേല്യയിലുള്ള നിക്ഷേപത്തില്‍ 61 ശതമാനം കുറവ് വന്നിരുന്നു. ആസ്ത്രേല്യക്കെതിരെയുള്ള ചൈനയുടെ ഉപരോധത്തിനെതിരെ മറ്റ് മൂന്ന് രാഷ്‌ട്രങ്ങളും പ്രതികരിച്ചെങ്കിലും ന്യൂസിലാന്‍റ് നിശ്ശബ്ദമായിരുന്നു. ഇനിയും ന്യൂസിലാന്‍റ് ചൈനയ്‌ക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ നിലപാട് കടുപ്പിച്ചില്ലെങ്കില്‍ ന്യൂസിലാന്‍റ് ഒറ്റപ്പെടുമെന്നതാണ് സ്ഥിതി. ടിവി പരിപാടി വൈറലായതിന് പിന്നിലും ചൈനയ്‌ക്കെതിരെ നിലപാട് എടുക്കാത്ത ന്യൂസിലാന്‍റിനോടുള്ള ജനങ്ങളുടെ അമര്‍ഷമാണെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: